ചെരുപ്പിട്ട് ഇരുചക്ര വാഹനങ്ങൾ ഓടിച്ചാൽ പിഴയോ? വാഹനവുമായി നിരത്തിലിറങ്ങുംമുമ്പ് ഈ ആറ് നിയമങ്ങൾകൂടി അറിഞ്ഞിരിക്കണം

നിയമം അറിയാത്തത് നിയമലംഘനത്തിനുള്ള ന്യായീകരണമല്ല എന്നാണ് പറയാറ്. വർഷങ്ങളുടെ അനുഭവ പാഠങ്ങൾക്കുശേഷവും നാം അറിയാതെ പോകുന്ന നിരവധി നിയമങ്ങളുള്ള നാടാണ് നമ്മുടേത്. നിയമസാക്ഷരത ഏറ്റവും കുറഞ്ഞ രാജ്യമെന്ന നിലയിൽ അത് അസാധാരണവുമല്ല. വർഷങ്ങൾ വാഹനമോടിച്ചുകഴിഞ്ഞാവും ഒരുപക്ഷെ ഇന്ത്യൻ പൗരൻ താനിത്രയും കാലം ചെയ്തത് നിയമവിരുദ്ധമാണെന്ന് മനസിലാക്കുക. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ വള്ളിച്ചെരുപ്പുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നാം ​നിയമവിരുദ്ധമായ കാര്യമാണ് ചെയ്യുന്നത്. സ്ലിപ്പർ, ചപ്പൽ, സാൻഡൽ എന്നൊക്കെ വിളിക്കുന്ന പാദരക്ഷകൾ സ്കൂട്ടറും ബൈക്കുമൊന്നും ഓടിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് മോട്ടോർ വാഹന നിയമം പറയുന്നത്. പകരം പാദങ്ങൾ പൂർണമായും മൂടുന്ന തരത്തിലുള്ള ഷൂസുപോലുള്ള പാദരക്ഷകളാണ് ഉപയോഗിക്കേണ്ടത്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) കണക്കുപ്രകാരം റോഡ് അപകടങ്ങളിൽ ഓരോ വർഷവും 1.3 ദശലക്ഷത്തിലധികം ആളുകളാണ് മരിക്കുന്നത്. 'ഓരോ മിനിറ്റിലും രണ്ടിൽ കൂടുതൽ'പേർ വരുമിത്. ഇതിൽ പത്തിൽ ഒമ്പത് മരണങ്ങളും ഇന്ത്യ പോലുള്ള മൂന്നാംലോക രാജ്യങ്ങളിലാണ് സംഭവിക്കുന്നത്. റോഡപകടങ്ങളിൽ 30 ശതമാനവും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്. അതിനാൽതന്നെ മോട്ടോർ സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ ഓടിക്കുന്നവരാണെങ്കിൽ സുരക്ഷയ്ക്കായി നിരവധി ട്രാഫിക് നിയമങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിൽ ചിലത് പരിചയപ്പെടാം.

1. ഹെൽമറ്റ് ഉപയോഗിക്കുക

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ഏറ്റവും വലിയ ജീവൻ രക്ഷാ ഉപകരണമാണ് ഹെൽമെറ്റ്. ഹെൽമെറ്റ് ശരിയായി ധരിക്കുകയും അതിന്റെ സ്ട്രാപ്പ് കെട്ടുകയും വേണമെന്ന് നിയമം പറയുന്നു. ഹെൽമറ്റ് ഇല്ലെങ്കിൽ 1000 രൂപ പിഴ ഈടാക്കും. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ നിയമപ്രകാരം എല്ലാ ഹെൽമെറ്റുകളിലും ഐ.എസ്.​ഐ മാർക്ക് ഉണ്ടായിരിക്കണം. ഹെൽമെറ്റിലെ വിൻഡ്ഷീൽഡിന് സുതാര്യമായ കവർ ഉപയോഗിക്കണം. ഹെൽമെറ്റിന് ബി.ഐ.എസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുന്നതും വളരെ പ്രധാനമാണ്.

2. ചപ്പലുകൾ ധരിക്കരുത്

​നേരത്തേ പറഞ്ഞപോലെ ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ ചപ്പലുകൾ ധരിക്കാൻ പാടില്ല. ചപ്പലുകൾ, ചെരുപ്പുകൾ, ഫ്ലോട്ടറുകൾ എന്നിവ ഇട്ടുകൊണ്ട് സവാരി ചെയ്യുന്നത് 1,000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണ്. ഇത്തരം പാദരക്ഷകൾ നൽകുന്ന ഗ്രിപ്പ് കുറവായതിനാൽ റൈഡറുടെ കാലുകൾ എളുപ്പത്തിൽ തെന്നി വീഴുമെന്നതാണ് ഇതിന് പിന്നിലെ കാരണം. മോട്ടോർ സൈക്കിളിൽ ഗിയർ മാറ്റുമ്പോൾ, കാൽ വഴുതിയുള്ള അപകടത്തിലേക്ക് അത്തരം പാദരക്ഷകൾ നയിച്ചേക്കാം എന്നും നിയമം പറയുന്നു. അടുത്ത തവണ ബൈക്കിലോ സ്കൂട്ടറിലോ പോകുമ്പോൾ, ഷൂ ധരിക്കുന്നതാണ് നല്ലത്.

3. ഉച്ചത്തിലുള്ള എക്സ്ഹോസ്റ്റുകൾ വയ്ക്കരുത്

വലിയ ശബ്ദമുണ്ടാക്കി റോഡിലൂടെ ചീറിപ്പാഞ്ഞുപോവുക എന്നത് യുവാക്കൾക്ക് ഹരമാണ്. എന്നാലിത് നിയമപരമല്ല. ഉച്ചത്തിലുള്ള എക്‌സ്‌ഹോസ്റ്റുകൾ / ഹോൺ മുഴക്കൽ / എന്നിവ പാടില്ലെന്ന് നിയമം പറയുന്നു. പ്രഷർ ഹോണുകളും വലിയ ശബ്ദം പുറ​െപ്പടുവിക്കുന്ന പരിഷ്‌ക്കരിച്ച സൈലൻസറുകളും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും. സൈലൻസറുകൾ മാറ്റുന്നത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ (ആർ.സി) ലംഘനമായതിനാൽ ലംഘിക്കുന്നവർക്ക് 1,000 രൂപ പിഴ ചുമത്തും.

4, ഇരുചക്രവാഹനത്തിൽ അമിതഭാരം കയറ്റരുത്

ഇരുചക്രവാഹനത്തിൽ അമിതഭാരം കയറ്റിയാൽ വൻ തുക പിഴ നൽകേണ്ടിവരും. 20,000 രൂപയാണ് ഈ പ്രവർത്തിയുടെ പിഴ. ടണ്ണിന് 2,000 രൂപ അധിക പിഴ ഈടാക്കാനുള്ള വ്യവസ്ഥയും മോട്ടോർ വാഹന നിയമത്തിലുണ്ട്. ഒരു ഇരുചക്രവാഹനത്തിൽ 2 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മലിനീകരണ സർട്ടിഫിക്കേഷൻ ഉൾപ്പെടെ ഇരുചക്രവാഹനത്തിന്റെ ശരിയായ രേഖകൾ ഓടിക്കുന്നയാളുടെ പക്കൽ ഉണ്ടായിരിക്കണം. ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണെന്ന് പറയേണ്ടതില്ലല്ലോ. ഇരുചക്ര വാഹന ഉടമകൾക്കും നാലു ചക്ര വാഹന ഉടമകൾക്കും അവരുടെ വാഹനങ്ങൾക്ക് 'ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ്' (എച്ച്എസ്ആർപി) ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ, 1989 നിയമം അനുസരിച്ച്, എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ നിർബന്ധമാണ്.

5. എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കണം

നാം അധികം ശ്രദ്ധിക്കാത്ത നിയമങ്ങളിലൊന്നാണിത്. റോഡിൽ ഏതുനേരത്തും നാം എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ അനുവദിക്കണം. ആംബുലൻസുകളും അഗ്നിശമന സേനയുടെ വാഹനങ്ങളും കടന്നുപോകാൻ അനുവദിക്കുന്നത് പലപ്പോഴും പൗരബോധവും ഉത്തരവാദിത്തമുള്ളതുമായ പ്രവൃത്തിയായാണ് കണക്കാക്കപ്പെടുന്നത്. എന്നാലിത് നിയമംമൂലം ഉറപ്പാക്കിയ കാര്യംകൂടിയാണ്. എമർജെൻസി വാഹനങ്ങളുടെ വഴി തടസപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, 10,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും.

6. വാഹനമോടിക്കാൻ യോഗ്യനായിരിക്കണം

വാഹനം ഓടിക്കാൻ ലൈസൻസ് മാത്രമല്ല ആവശ്യമുള്ളത്. ഒരാൾ മാനസികമായും ശാരീരികമായും വാഹനമോടിക്കാൻ യോഗ്യനല്ലെന്ന് കണ്ടെത്തിയാൽ, ട്രാഫിക് പോലീസിന് നമ്മുടെമേൽ പിഴ ചുമത്താനാകും. വാഹനമോടിക്കാൻ മാനസികമായോ ശാരീരികമായോ യോഗ്യനല്ലെന്ന് കണ്ടെത്തിയാൽ ആദ്യമായി 1000 രൂപ പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹന നിയമം പറയുന്നു. രണ്ടാം തവണയും അതേ വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 2,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും.

Tags:    
News Summary - Riding two-wheeler in ‘chappal’ illegal! 6 lesser-known traffic rules explained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.