പുതിയ കാർ വാങ്ങുമ്പോൾ പണം ലാഭിക്കണോ? ചില പൊടിക്കൈകൾ പരിചയപ്പെടാം

വാഹന കമ്പനികൾ നൽകുന്ന ഓഫറുകൾ പലപ്പോഴും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭമൊന്നും ഉണ്ടാക്കിക്കൊടുക്കാറില്ല. ഉപഭോക്താക്കളെ ഷോറൂമിൽ എത്തിക്കാനുള്ള ഒരു വഴിമാത്രമാണ് കമ്പനികൾക്ക് ഓഫറുകൾ. എന്നാൽ വാഹനം വാങ്ങുമ്പോൾ യാഥാർഥത്തിൽ പണം കുറയുന്ന ചില കുറുക്കുവഴികൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം.

ഇൻഷുറൻസ്

സാധാരണയായി വാഹനം വാങ്ങാനെത്തുമ്പോൾ 'എക്സ്-ഷോറൂം വില' കൂടാതെ വണ്ടി കൈയ്യില്‍ കിട്ടാന്‍ കുറച്ച് പണം നാം മുടക്കാറുണ്ട്. അതില്‍ വലിയൊരു ശതമാനം സര്‍ക്കാറില്‍ അടക്കേണ്ട നികുതിയാണ്. കാറിന്റെ വില 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് റോഡ് ടാക്‌സും രജിസ്‌ട്രേഷന്‍ നിരക്കുകളും ഇന്‍ഷുറന്‍സ് പ്രീമിയവും മാറ്റം വരും. ഇന്‍ഷൂറന്‍സ് കവറേജിന്റെ കാര്യം നോക്കിയാല്‍. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആണ് ഏറ്റവും വില കുറഞ്ഞത്.

കുറഞ്ഞപക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് കവറേജ് വാഹനത്തിന് ഉണ്ടായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ വാഹനം അപകടത്തില്‍ പെട്ടാല്‍ മൂന്നാം കക്ഷിക്കുണ്ടാകുന്ന പരിക്കിനോ നാശനഷ്ടത്തിനോ മാത്രമേ പരിരക്ഷ ലഭിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കാറിനും യാതൊരു പരിരക്ഷയുമില്ലെന്ന് അര്‍ത്ഥം. സീറോ ഡിപ്രീസിയേഷന്‍ കവര്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ അതിന് അത്യാവശ്യം നല്ല ചിലവ് വരും.

കാറിനെ കേടുപാടുകളില്‍ നിന്നും മോഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനാല്‍, സീറോ ഡിപ്രിസിയേഷന്‍ കവറിനേക്കാള്‍ കുറഞ്ഞ പ്രീമിയം ഉള്ളതിനാല്‍ കേംപ്രഹന്‍സീവ് കവര്‍ എടുക്കുന്നതാകും നല്ലത്. ഒരു നല്ല ഇന്‍ഷൂറന്‍സ് പ്ലാന്‍ തെരഞ്ഞെടുക്കാനായി അല്‍പ്പം സമയം ചെലവഴിച്ചാലും നഷ്ടം വരില്ല. ഒരുപക്ഷേ ഡീലര്‍ മുമ്പിലേക്ക് വെക്കുന്ന ഇന്‍ഷൂറന്‍സ് പ്ലാനേക്കാള്‍ മികച്ചത് നമ്മുക്ക് സ്വയം കണ്ടെത്താന്‍ കഴിയും. ഇങ്ങിനെ ചെയ്താൽ മികച്ചൊരു തുക ലാഭിക്കാം.

അനാവ​ശ്യ ആഡംബരം ഒഴിവാക്കാം

ഇൻഷുറൻസ് കഴിഞ്ഞാൽപ്പിന്നെ ഡീലര്‍മാര്‍ പറയുന്നതെല്ലാം ഓപ്ഷണലാണ്. ചില ഡീലര്‍മാര്‍ ഹാന്‍ഡ്ലിംഗ് ഫീസ്, ആക്സസറികള്‍, പെയിന്റ് പ്രൊട്ടക്ഷന്‍ ട്രീറ്റ്മെന്റ്, മറ്റ് പാക്കേജുകള്‍ എന്നിവ വിലയില്‍ ചേര്‍ക്കുന്നതായി കാണാം. ഒപ്പം തന്നെ ഇവ നിര്‍ബന്ധിത കാര്യങ്ങളാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. വിപുലീകൃത വാറന്റിയും പ്രീപെയ്ഡ് മെയിന്റനന്‍സ് പാക്കേജുകളും പോലും ഓപ്ഷണല്‍ ആണ്. ഇതിൽ നിന്ന് നമ്മുക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്താൽ മതിയാകും.

നോ ക്ലെയിം ബോണസ് തുടരാം

പലര്‍ക്കും അറിയാത്ത ഒരു കാര്യത്തെ കുറിച്ചാണ് ഇനി പറയുന്നത്. തങ്ങളുടെ നിലവിലുള്ള കാറിന്റെ നോ ക്ലെയിം ബോണസ് (NCB) പുതിയ കാറിലേക്ക് മാറ്റാന്‍ കഴിയുമെന്ന കാര്യം അധികമാളുകള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. നോ ക്ലെയിം ബോണസ് നിങ്ങളുടെ അടുത്ത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കിഴിക്കാം. അതേ കാറില്‍ ആയിരിക്കണമെന്നില്ല.

മുന്‍ വര്‍ഷത്തില്‍ ഒരു ഇന്‍ഷുറന്‍സ് ക്ലെയിമും നടത്താത്ത പോളിസി ഉടമയ്ക്ക് ഇത് ഒരു ഗുണമാണ്. അര്‍ഹരായവര്‍ക്ക് അവരുടെ പുതിയ കാറിന്റെ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മോണിറ്ററി ബെനഫിറ്റ് മാറ്റാനും പ്രീമിയത്തില്‍ 20-50 ശതമാനം ലാഭിക്കാനും കഴിയും. ഇത് ഉപഭോക്താവിന് നല്ലൊരു തുക ലാഭിക്കാന്‍ വഴിയൊരുക്കും. വാഹന നിര്‍മാതാക്കള്‍ ഓഫറുകളും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യാത്ത സാഹചര്യത്തിലും മുകളില്‍ പറഞ്ഞ രീതിയിൽ നമ്മുക്ക് പണം ലാഭിക്കാവുന്നതാണ്.


Tags:    
News Summary - How to save big despite no new car discount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.