ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം; ദുരന്തം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പട്ടാപ്പകൽ നടുറോഡിൽ കാർ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയർന്ന ഭീകരമായ കൂട്ടനിലവിളികൾക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയിൽ കൈവെച്ച് നിന്നുപോയി നാട്ടുകാർ. കണ്ണൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടുപേര്‍ വെന്തുമരിച്ചതിന്‍റെ ഞെട്ടലിലാണ് ജനം. നേരത്തേയും ഒാടുന്ന കാറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ നിരവധിതവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും ജീവഹാനി സംഭവിക്കാതെ അപകടങ്ങൾ അവസാനിക്കുകയാണ് പതിവ്. വാഹനങ്ങൾ തീപിടിക്കാതെ സംരക്ഷിക്കുന്നതിനും അഥവാ തീ പിടിച്ചാൽ അപകടം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എ​ന്തൊക്കെയാണെന്ന് നോക്കാം.

ഡിസൈന്‍ വില്ലനാകാം

വാഹനത്തിന്റെ ഡിസൈന്‍ പാളിച്ചകൾ തീപിടിക്കാനുള്ള കാരണമാകാം. പുതിയ തലമുറ ഇ.വികളിൽ ഉൾപ്പടെ ഈ പ്രശ്നം വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോൾ ഡിസൈന്‍ പാളിച്ചയാണ് കാരണമെന്ന് തിരിച്ചറിഞ്ഞ് ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചിരുന്നു.

പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. കണ്ണൂരും ഈ സാധ്യതയാണ് വിദഗ്ധർ കാണുന്നത്. ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ സൗന്ദര്യം കൂട്ടിയേക്കും. പക്ഷേ ഇത്തരം ആക്‌സസറികള്‍ക്കായി ചെയ്യുന്ന വയറിങ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും.


ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും തകരാറിലാകാന്‍. അതുപോലെ സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോട്ട്സർക്യൂട്ടിന് കാരണമാകാം. കൂടാതെ ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, എന്തിന് സ്റ്റീരിയോ വരെ ചിലപ്പോൾ തീപിടുത്തത്തിനു കാരണമായേക്കാം.

വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകൾ കാറില്‍ ഘടിപ്പിക്കുന്നത് അപകടം ക്ഷണിച്ചു വരുത്താം. എക്‌സ്‌ഹോസ്റ്റ് പൈപ്പിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ പടരാൻ. കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും. ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവാണെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യതയും കൂടും.


അനധികൃത സി.എൻ.ജി/എൽ,പി.ജി കിറ്റുകള്‍ പിടിപ്പിക്കുന്നതും തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു. സി.എൻ.ജി സംവിധാനത്തിൽ സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റാണെങ്കില്‍ തീ കത്താനുള്ള സാധ്യത കൂടും.

റോഡപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങളും പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ലീക്കാവുന്നത് പലപ്പോഴും തീപടരാനിടയാക്കും. ഫ്യൂവല്‍ ലൈനില്‍ നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും.

എൻജിൽ ഓയിലിന്‍റെ ചോർച്ചയും ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. ഫ്യൂവൽ ഇഞ്ചക്ടർ, ഫ്യൂവൽ പ്രെഷർ റെഗുലേറ്റർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലം ഇന്ധനം ലീക്കാകാം. ഇത്തരത്തിൽ ചോരുന്ന ഇന്ധനം ഇഗ്നീഷ്യൻ‌ സോഴ്സുമായി ചേർന്നാൽ പെട്ടന്ന് തീപിടിക്കും.

ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വച്ച് മറന്നു പോകുന്നവരുണ്ട്. ഇങ്ങനെ പൂട്ടുന്ന ശീലം വും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തിയാല്‍ വന്‍ ദുരന്തത്തിലേക്കാവും ഇത് നയിക്കുക.


മുൻകരുതലുകൾ

കൃത്യമായ മെയിന്റനൻസ്.

അനാവശ്യ മോഡിഫിക്കേഷനുകള്‍ ഒഴിവാക്കുക.

വേഗത്തിൽ തീപിടിക്കാവുന്ന വസ്‍തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.

വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.

തീ പിടിച്ചാല്‍ ചെയ്യേണ്ടത്

തീ പിടിത്ത സാധ്യത കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിൽ നിന്നും ഇറങ്ങി സുരക്ഷിത അകലം പാലിക്കുക.

ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. തീ പിടിത്തംമൂലം ഉത്പ്പാദിപ്പിക്കുന്ന വിഷമയമായ വായു നമ്മുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം.

ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.

വാഹനത്തിന് അകത്ത് കുടുങ്ങിയാൽ സീറ്റുകളിലെ ഹെഡ്​റെസ്​റ്റ്​ ഉപയോഗിച്ച് കാറിന്‍റെ ജനാല തകര്‍ക്കുക​. ഹെഡ്​ റെസ്​റ്റ്​ ഈരിയെടുത്ത്​ അതി​ന്‍റെ കുർത്ത അഗ്രങ്ങൾ കൊണ്ട്​ കണ്ണാടി പൊട്ടിച്ച്​ പുറത്തുകടക്കണം

Tags:    
News Summary - Fires in moving vehicles; Take care of these things to avoid disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.