ബോട്ട് യാത്രകൾ സുരക്ഷിതമാക്കാൻ ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം; ബോട്ട് യാത്രാ ടിപ്സ്

താനൂർ ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മുക്തമായിട്ടില്ല കേരളം. നമ്മുടെ നാട്ടിലെ ജലയാത്രകൾ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. താനൂർ പോലൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവിടെ ചർച്ചചെയ്യുന്നത്.

താനുരിൽ 35 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. മരിച്ചവരിൽ എട്ടോളം കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ 11 പേർ അപകടത്തിൽ മരിച്ചു. ഈ ബോട്ടിൽ ഒരു ലൈഫ് ജാക്കറ്റ് പോലും യാത്രക്കാർക്ക് നൽകിയിരുന്നില്ല എന്നത് നടുക്കത്തോടെയാണ് ജനങ്ങൾ അറിയുന്നത്. വിമാന യാത്രപോലെതന്നെ അധിക മുൻകരുതലുകൾ ബോട്ട് യാത്രകളിൽ എടുക്കേണ്ടതുണ്ട്.

1. ലൈഫ് ജാക്കറ്റ് നിർബന്ധം

ജലയാത്രകളിലെ ജീവൻ രക്ഷാ ഉപകരണമാണ് ലൈഫ് ജാക്കറ്റ്. ബോട്ടിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ലൈഫ് ജാക്കറ്റ് നൽകുന്നു​െണ്ടന്ന് ഉറപ്പാക്കണം. ബോട്ടിലുണ്ടാകുന്ന ഏതൊരു അപകടത്തിലും ലൈഫ് ജാക്കറ്റ് ആയിരിക്കും നമ്മുടെ പ്രധാന സുരക്ഷാ ഉപകരണം. ബോട്ട് മറിയില്ല പേടിക്കേണ്ട എന്ന് ചിലപ്പോൾ ബോട്ടിലെ ജോലിക്കാർ പറയുമായിരിക്കും. ഏതൊരു യാത്രയിലും അപകട സാധ്യത നൂറ് ശതമാനമാണ്. മുൻകരുതൽ മാത്രമാണ് ഒരേയൊരു രക്ഷാമാർഗം. ലൈഫ് ജാക്കറ്റ് ധരിച്ചയാൾക്ക് ബോട്ടപകടങ്ങളിൽ രക്ഷപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്.

2. മദ്യപിച്ച് ബോട്ടിൽ യാത്ര ചെയ്യരുത്

മദ്യ ലഹരിയിൽ ഒരിക്കലും ജലയാത്രകൾ നടത്തരുത്. ഒരു അപകടം സംഭവിച്ചാൽ നമ്മുടെ പ്രതികരണശേഷി കുറയ്ക്കാൻ മദ്യം ഇടയാക്കും. വെള്ളത്തിൽ വീണാൽ നീന്തൽ നല്ല വശമുണ്ടെങ്കിൽ പോലും നീന്താൻ സാധിച്ചു എന്ന് വരില്ല.

3. അമിത വേഗത പാടില്ല

അമിത വേഗതയിലല്ല ബോട്ട് പോകുന്നത് എന്ന് ഉറപ്പാക്കാൻ യാത്രക്കാരുൾപ്പടെ മറക്കരുത്. ഏത് ബോട്ടിനാണെങ്കിലും ഒരു നിശ്ചിത വേഗതയുണ്ട്. അത് മാത്രമല്ല ചിലപ്പോൾ കായലിൽ പോളകളോ മറ്റും നിറഞ്ഞ സ്ഥലത്ത് കൂടി പോകുമ്പോൾ ബോട്ടിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയാൻ സാധ്യതയുണ്ട്. ബോട്ടിന്റെ വേഗത കൂട്ടിയാൽ ബോട്ടിലെ ജീവനക്കാരുമായി സംസാരിക്കണം. അപകടമുണ്ടായതിന് ശേഷം എനിക്ക് പറയാമായിരുന്നു എന്ന് തോന്നിയിട്ട് കാര്യമില്ല.

4.കാലാവസ്ഥ പ്രധാനം

ബോട്ട് യാത്രക്ക് ഇറങ്ങും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് ​ശ്രദ്ധിക്കുക. കനത്ത മഴയും കാറ്റും ഉളളപ്പോൾ ബോട്ടിലുളള യാത്ര പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കാലാവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയിട്ട് വേണം ഇത്തരത്തിലുളള യാത്രകൾ പ്ലാൻ ചെയ്യാൻ.

5.ഓവർലോഡ് അനുവദിക്കരുത്

വിമാനംപോലെ ബോട്ടുകളും ഓവർലോഡ് ചെയ്യാൻ പാടുള്ളതല്ല. ഏകദേശം 50 ശതമാനത്തിലധികം ബോട്ട് അപകടങ്ങളുടേയും കാരണം അമിതഭാരമാണ്. നിയമം അനുശാസിക്കുന്ന അത്രയും ആളുകളെ മാത്രമേ ഒരു ബോട്ടിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. യാത്രക്കാരും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

6.ബോട്ട് ഫിറ്റ്നസ് പ്രധാനം

ഏതൊരു വാഹനവും പോലെ ബോട്ടുകൾക്കും ഫിറ്റ്നസ് പ്രധാനമാണ്. താനൂരിൽ നടന്ന അപകടത്തിൻ്റെ പ്രധാന കാരണമായി പറയപ്പെടുന്നത് ബോട്ടിന്റെ ഫിറ്റ്നസിലുളള അപാകതയാണ്. നാം സഞ്ചരിക്കുന്ന ബോട്ടിന് ഫിറ്റ്നെസുണ്ടോ എന്ന് അന്വേഷിക്കുവാനുളള അധികാരവും അവകാശവും നമ്മുക്ക് ഉണ്ട്. അത് കൊണ്ട് തന്നെ അതിൽ ഒരു മടിയും കാണിക്കേണ്ട.

7.ബോട്ട് യാത്രാ കിറ്റ്

ബോട്ട് യാത്ര മാത്രം ലക്ഷ്യമാക്കി എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ പ്രത്യേകമായൊരു കിറ്റ് കയ്യിൽ കരുതാവുന്നതാണ്. ഫ്ലാഷ് ലൈറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, വിസിൽ, മിറർ, പ്ലസ്റ്റിക് ബാഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്താവുന്നതാണ്.

Tags:    
News Summary - 7 Essential Boat Safety Tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.