നിങ്ങളുടെ പേരിൽ വന്ന ട്രാഫിക് ചലാൻ നിങ്ങളുടേതല്ലെങ്കിൽ എന്തുചെയ്യും?

നിങ്ങൾ ബൈക്കുമായി വീട്ടിലിരിക്കുകയാണ്. പെട്ടെന്ന് മൊബൈലിലേക്ക് ഒരു സന്ദേശം വരുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നാണ് അറിയിപ്പ്. നിങ്ങളാണെങ്കിൽ ആ വഴി പോയിട്ടുകൂടിയില്ല. ഹെൽമറ്റുൾപ്പടെ നിയമങ്ങൾ പാലിച്ചിട്ടുമുണ്ട്​. പക്ഷേ സന്ദേശത്തിലെ ചിത്രം തുറന്നുനോക്കുമ്പോഴാണ് ഞെട്ടുന്നത്. ചിത്രത്തിലുള്ളത് നിങ്ങളുടെ വാഹനമല്ല! ഇനി എന്തുചെയ്യും? പിഴ അടച്ച് ഒഴിവാക്കണോ, അതോ പരാതി നൽകണോ?ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ല. ഇ-ചലാൻ ലഭിച്ചാൽ അതിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റായ പിഴയാണെങ്കിൽ ഔദ്യോഗികമായി ചോദ്യം ചെയ്യാനും സംവിധാനമുണ്ട്. എന്നാൽ അതിന് ചില സമയപരിധികളും നടപടിക്രമങ്ങളുമുണ്ട്.

ആദ്യം ചെയ്യേണ്ടത് ഈ അഞ്ച് കാര്യങ്ങൾ!

1. വാഹന നമ്പർ പരിശോധിക്കുക: ചലാനിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ നിങ്ങളുടെ വാഹനത്തിന്റേതാണോ എന്ന് ഉറപ്പാക്കുക. ഒരു അക്കം മാറിയാൽ പോലും മറ്റൊരു വാഹനത്തിന്റെ പേരിൽ പിഴ വരാം.

2. ഫോട്ടോ തുറന്നുനോക്കുക:കാമറയിൽ പതിഞ്ഞ ചിത്രം പരിശോധിക്കുക. ചിത്രത്തിലുള്ള വാഹനം നിങ്ങളുടെ വാഹനമാണോ? ആരോപിക്കുന്ന നിയമലംഘനം യഥാർഥത്തിൽ നടന്നിട്ടുണ്ടോ?

3. തെളിവുകൾ കൈവശം വയ്ക്കുക:വാഹനത്തിന്റെ ആർ.സി, വാഹനത്തിന്റെ ചിത്രങ്ങൾ, ചലാനിന്റെ പകർപ്പ് തുടങ്ങിയവ പരാതിക്ക് ആവശ്യമായി വന്നേക്കാം.

4. ഔദ്യോഗികമായി പരാതി നൽകുക: ഇ-ചലാൻ പോർട്ടലിലെ പരാതി സൗകര്യം വഴിയോ ബന്ധപ്പെട്ട ട്രാഫിക് പൊലീസ് സംവിധാനത്തിലൂടെയോ എതിർപ്പ് അറിയിക്കാം.

5. പരാതി നമ്പർ സൂക്ഷിക്കുക: പരാതി നൽകിയശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിക്കുക. തുടർനടപടികൾ അറിയാൻ ഇത് സഹായിക്കും.

പരാതി നൽകാൻ എത്ര ദിവസമുണ്ട്?

2026 ജനുവരി 20ന് ഭേദഗതി ചെയ്ത കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 167 പ്രകാരം ചലാൻ ലഭിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ പിഴ അംഗീകരിച്ച് അടയ്ക്കുകയോ അതിനെതിരെ എതിർപ്പ് രേഖപ്പെടുത്തുകയോ ചെയ്യാം.നിശ്ചിത സമയത്തിനുള്ളിൽ പരാതി നൽകിയിട്ടും തുടർന്നുള്ള 30 ദിവസത്തിനുള്ളിൽ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ചട്ടപ്രകാരമുള്ള തുടർനടപടികൾക്ക് അവസരമുണ്ട്. പരാതി നിരസിക്കപ്പെട്ടാൽ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് കോടതിയെ സമീപിക്കാനും വ്യവസ്ഥയുണ്ട്.

പരാതി നൽകേണ്ടത് എവിടെ?

ഇതിനായി ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടതില്ല. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ-ചലാൻ വെബ്സൈറ്റായ https://echallan.parivahan.gov.in/ സന്ദർശിച്ച് ചലാനിന്റെ വിവരങ്ങൾ പരിശോധിക്കാനും ലഭ്യമായ പരാതി സൗകര്യം ഉപയോഗിക്കാനും കഴിയും.ഒരു കാര്യം മറക്കരുത്. കാമറയിൽ പതിഞ്ഞ ചിത്രം ഉൾപ്പെടെ തെളിവുകൾ പരിശോധിക്കാതെ പിഴ അടയ്ക്കാനുള്ള തിരക്കുകൂട്ടരുത്. അതേസമയം യഥാർഥത്തിൽ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ അടയ്ക്കുകയും വേണം. സാങ്കേതികവിദ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകൾക്ക് വാഹന ഉടമകൾ വെറുതെ പണം നൽകേണ്ടിവരരുതല്ലോ!

Tags:    
News Summary - Wrong E-Challan? How to Dispute Traffic Fines in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.