അഴിമതി വിരുദ്ധസേനക്ക് അൽപം ആഡംബരമാകാം! 70 ലക്ഷം വിലവരുന്ന ഏഴ് ബി.എം.ഡബ്ല്യു കാറുകൾ വാങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനായ 'ലോക്പാൽ' യാത്രകൾ കൂടുതൽ ആഡംബരമാക്കാൻ ആഗ്രഹിക്കുന്നതായി റിപോർട്ടുകൾ. 70 ലക്ഷം രൂപ വിലവരുന്ന ഏഴ് ബി.എം.ഡബ്ല്യു കാറുകൾ പുതുതായി മേടിക്കാൻ ടെൻഡറുകൾ ക്ഷണിച്ചു. മുൻ സുപ്രീം കോടതി ജസ്റ്റിസ് അജയ് മണിക്‌റാവു ഖാൻവിൽക്കർ ഉൾപ്പെടെ ഓരോ അംഗത്തിനും ഓരോ കാറെന്ന നിലയിലാണ് ടെൻഡർ ക്ഷണിക്കുന്നത്. ഒക്ടോബർ 16നാണ് ടെൻഡറുകൾ ക്ഷണിച്ചുള്ള വിജ്ഞാപനം പുറത്തിറക്കിയത്.

ലോക്പാൽ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും വാഹനങ്ങളെകുറിച്ചും ഇലക്ട്രോണിക് സംവിധാനങ്ങളെയും പ്രവർത്തനങ്ങളെയും പഠിപ്പിക്കുന്നത് ഉൾപ്പെടെ ഏഴ് ദിവസത്തെ 'പരിശീലനം' നൽകാൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിനോട് ആവിശ്യപെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ടെൻഡറുകൾ വിവാദമായതോടെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ അഴിമതി വിരുദ്ധ സംഘടനക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അഴിമതി ചെയ്യുന്നതിൽ കുറ്റബോധം ഇല്ലാത്തവരും ആഡംബര ജീവിതം നയിക്കാൻ സന്തുഷ്ടരുമായ ആളുകളെ നിയമിച്ചുകൊണ്ട് ലോക്പാലിനെ തകർക്കാൻ സർക്കാറിന് കഴിഞ്ഞുവെന്ന് ഭൂഷൺ ആരോപിച്ചു.

'ഉത്തരവാദിത്തത്തിന്റെ പ്രതീകമായിരുന്ന ലോക്പാൽ എന്ന സ്ഥാപനം തകർന്നടിഞ്ഞിരിക്കുന്നു, നിയമനങ്ങൾ ഇല്ലാത്ത ഒരു സ്ഥാപനത്തിനായി സർക്കാർ എന്തിനാണ് ആഡംബര വിദേശ കാറുകൾ വാങ്ങുന്നത്?' എന്ന ആരോപണവുമായി കോൺഗ്രസ്സിന്റെ യുവജന വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Anti-Corruption Force wants to buy seven BMW cars worth Rs 70 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.