കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ല ബാധ മൂന്നിരട്ടിയോളം വർധിച്ചു. കഴിഞ്ഞ വർഷം ജൂൺ ആറ് വരെ 61 പേർക്കായിരുന്നു രോഗം പിടിപെട്ടതെങ്കിൽ ഈ വർഷം അത് 155 ആയി ഉയർന്നു. ഈ വർഷം ജൂൺ ആറ് വരെ 155 പേർ ഷിഗല്ല പിടിപെടുകയും രണ്ടു പേർ മരിക്കുകയും ചെയ്തു എന്നുമാണ് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ പറയുന്നത്. 85 പേർ രോഗം സ്ഥിരീകരിച്ചവരും 70 പേർ രോഗം സംശയിക്കുന്നവരുടെ പട്ടികയിലുമാണ്. ഈ മാസം മാത്രം 10 പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ച് പേർക്ക് രോഗം സംശയിക്കുകയും ചെയ്തു. നാലു വയസ്സുകാരി മരിക്കുകയും ചെയ്തു.
എന്നാൽ സംസ്ഥാനത്ത് 126 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയത്. രണ്ടു കണക്കുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. 2025 ജൂൺ ആറ് വരെ രോഗം പിടിപെട്ട 61 പേരിൽ രോഗം സ്ഥിരീകരിച്ചവർ 49ഉം സംശയിക്കപ്പെടുന്നവർ 12ഉം ആയിരുന്നു. ഇക്കാലയളവിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. 2025 ഡിസംബർ 31 വരെ 133 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. 19 പേർ രോഗം സംശയിക്കുന്നവരുടെ പട്ടികയിലുമുണ്ട്. ആകെ 152 പേർക്കായിരുന്നു കഴിഞ്ഞ വർഷം രോഗം പിടിപെട്ടതെന്നാണ് ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ. മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രോഗബാധിതരുടെ എണ്ണം വർധിച്ചത് ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലാണ് കഴിഞ്ഞ ദിവസം നാലു വയസ്സുകാരി മരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വിൽപ്പന സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഹോട്ടലുകളിലും തട്ടുകടകളിലും യാതൊരു കാരണവശാലും സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും നിർദേശമുണ്ട്. പൂർണമായും ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. വരും ദിവസങ്ങളിൽ സംസ്ഥാനവ്യാപകമായി ഹോട്ടലുകളിലും മറ്റും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകൾ ശക്തമാക്കും. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം മൂർച്ഛിച്ചാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം മരണത്തിലേക്കും വരെ നയിച്ചേക്കാം.
ഇതോടൊപ്പം ചെറിയ കുട്ടികളിൽ അപസ്മാരം വരാനുള്ള സാധ്യതയും അധികമാണ്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷണങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.