ന്യൂഡൽഹി: ഓട്ടിസം ചികിത്സയിൽ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കരുതെന്ന് ആശുപത്രികൾക്കും ഡോക്ടർമാർക്കും മുന്നറിയിപ്പ് നൽകി ദേശീയ ആരോഗ്യ മിഷൻ. ശരീരത്തിലെ പ്രത്യേക കോശങ്ങളായ സ്റ്റെം സെല്ലുകളെ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് സ്റ്റെം സെൽ തെറാപ്പി. വിവിധ തരം കോശങ്ങളുടെ വളർച്ചക്കും കേടുപാടുകളുള്ള കോശങ്ങളെ പുനർനിർമിക്കാനും കെൽപുള്ള കോശങ്ങളാണിവ. രക്തത്തിനുണ്ടാകുന്ന രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സകൾ കണ്ടെത്താനുള്ള ഗവേഷണത്തിനും ഡോക്ടർമാർ സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കാറുണ്ട്.
സുപ്രീംകോടതിയുടെ സമീപകാല വിധിയെ തുടർന്നാണ് പുതിയ ഉത്തരവ്. സഹായം തേടിയെത്തുന്ന കുടുംബങ്ങൾക്ക് അനാവശ്യ ചികിത്സകൾ ക്ലിനിക്കുകൾ നൽകുന്നത് തടയുന്നതിനുവേണ്ടിയാണ് പുതിയ നീക്കം.
മാർച്ച് 25 നാണ് എല്ലാ മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും ഡോക്ടർമാർക്കും നിർദേശം പുറപ്പെടുവിച്ചത്. യാഷ് ചാരിറ്റബിൾ ട്രസ്റ്റ് ഉൾപ്പെട്ട കേസിൽ സുപ്രീംകോടതി വിധിയെ തുടർന്നാണ് നടപടി. ശക്തമായ ശാസ്ത്രീയ തെളിവുകളില്ലാതെ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നു വിധി.
ഇന്ത്യയിൽ സ്റ്റെം സെൽ തെറാപ്പി എങ്ങനെ ഉപയോഗിക്കാം എന്നതിന് കോടതിയുടെ തീരുമാനത്തിന് സുപ്രധാനമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ പറയുന്നു. സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള 32 രോഗങ്ങൾക്ക് മാത്രമേ സ്റ്റെം സെൽ ചികിത്സ ഇനി ഉപയോഗിക്കാൻ കഴിയൂ. ഇതിൽ രക്താർബുദം, അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ, തലസീമിയ,
മൾട്ടിപ്പിൾ മൈലോമ, അപ്ലാസ്റ്റിക് അനീമിയ, മൈലോഫിബ്രോസിസ്, ജേം സെൽ ട്യൂമറുകൾ എന്നീ രോഗങ്ങൾ ഉൾപ്പെടുന്നു. ഇതിൽ ഉൾപ്പെടാത്ത രോഗങ്ങൾക്ക് സ്റ്റെം സെൽ തെറാപ്പി ഉപയോഗിക്കാൻ ഡോക്ടർമാർക്ക് അനുവാദമില്ല.
ഓട്ടിസം ചികിത്സക്കും ഇതുപയോഗിക്കരുതെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഓട്ടിസത്തിന് ഈ തെറാപ്പി ഫലപ്രദമാണെന്ന് തെളിയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് വിദഗ്ധർ വളരെക്കാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
എങ്കിലും ഉയർന്ന ചെലവിൽ ചില ക്ലിനിക്കുകൾ ഈ ചികിത്സ നടത്തുന്നുണ്ട്. പുതിയ ഉത്തരവ് ഇത്തരം ഫലപ്രദമല്ലാത്ത ചികിത്സകളിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്നു.
എന്നിരുന്നാലും, മറ്റ് രോഗങ്ങൾക്ക് സ്റ്റെം സെൽ തെറാപ്പി ഇപ്പോഴും ഉപയോഗിക്കാൻ കഴിയും. പക്ഷേ ഇത് അംഗീകൃത ശാസ്ത്രീയ ഗവേഷണത്തിന്റെ ഭാഗമായി മാത്രമേ ചെയ്യാനാവൂ. അത്തരം പഠനങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള കർശന നിയമങ്ങൾ പാലിക്കുകയും എത്തിക്സ് കമ്മിറ്റികളും ദേശീയ നിയന്ത്രണ സ്ഥാപനങ്ങളും അംഗീകരിക്കുകയും വേണം. രോഗികൾ രേഖാമൂലമുള്ള സമ്മതം നൽകുന്നുണ്ടെന്നും, ചികിത്സ സൗജന്യമായി നൽകുന്നുണ്ടെന്നും, ഗവേഷണത്തിനിടെ പരിക്കോ മരണമോ സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും ഗവേഷകർ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.