പ്രതീകാത്മക ചിത്രം 

സ്തനാർബുദ ചികിത്സയിൽ വൻ മുന്നേറ്റം; നാനോ മരുന്നുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

സ്തനാർബുദ ചികിത്സാരംഗത്ത് നിർണായക മുന്നേറ്റമായി, കാൻസർ കോശങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് അവയുടെ വളർച്ച തടയാൻ കഴിയുന്ന പുതിയ നാനോ മെഡിസിൻ ഇന്ത്യൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. മഹാരാഷ്ട്രയിലെ പുണെയിലുള്ള അഘാർക്കർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ARI) ഗവേഷകരാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. പഠനഫലങ്ങൾ അഡ്വാൻസ്‍ഡ് ഹെൽത്ത്കെയർ മെറ്റീരിയൽസ് എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.

ജൈവവിഘടന ശേഷിയുള്ള അതിസൂക്ഷ്മ നാനോകണികകളെ ഉപയോഗിച്ച് കാൻസർ കോശങ്ങളിലേക്ക് നേരിട്ട് ചികിത്സാ ഘടകങ്ങൾ എത്തിക്കുന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. സാധാരണ കീമോതെറപ്പി ആരോഗ്യകരമായ കോശങ്ങളെയും ബാധിക്കുന്ന സാഹചര്യത്തിൽ, ഈ സാങ്കേതികവിദ്യ സ്തനാർബുദ കോശങ്ങളെ മാത്രം ലക്ഷ്യമിടുന്നതിലൂടെ പാർശ്വഫലങ്ങൾ കുറക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

സ്തനാർബുദ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന എം.യു.സി -വൺ എന്ന പ്രോട്ടീനെ തിരിച്ചറിയുന്ന തരത്തിലാണ് നാനോകണികകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ട്യൂമറിലെത്തിയ ശേഷം ഇവ MCL-1, Survivin എന്നീ രണ്ട് പ്രധാന ജീനുകളുടെ പ്രവർത്തനം തടയുന്ന അണുക്കൾ പുറത്തുവിടുന്നു. കാൻസർ കോശങ്ങൾ നശിക്കാതിരിക്കാനും അതിവേഗം പെരുകാനും സഹായിക്കുന്ന ജീനുകളാണ് ഇവ. ജീനുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നതോടെ കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാകുകയും അവയുടെ നാശം വർധിക്കുകയും ചെയ്യുന്നു.

ലബോറട്ടറി പരീക്ഷണങ്ങളിൽ ചികിത്സ കാൻസർ കോശങ്ങളുടെ മരണനിരക്ക് ഉയർത്തുകയും ട്യൂമറിന്റെ വളർച്ച ഗണ്യമായി കുറക്കുകയും ചെയ്തതായി കണ്ടെത്തി. എലികളിൽ നടത്തിയ പരീക്ഷണങ്ങളിലും നാനോ കണികകൾ ട്യൂമർ ഭാഗങ്ങളിൽ ഫലപ്രദമായി അടിഞ്ഞുകൂടുകയും മറ്റ് അവയവങ്ങളിൽ വളരെ കുറഞ്ഞ വിഷാംശം മാത്രമേ പ്രകടിപ്പിച്ചുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കി.

രണ്ട് കാൻസർ-പ്രോത്സാഹക ജീനുകളെ ഒരേസമയം ലക്ഷ്യമിടുന്ന ഈ രീതി, ചികിത്സയോട് ട്യൂമറുകൾ പ്രതിരോധശേഷി വികസിപ്പിക്കുന്ന സാധ്യതയും കുറക്കുമെന്നാണ് വിലയിരുത്തൽ. കൃത്യമായ ലക്ഷ്യബോധത്തോടെ മരുന്ന് എത്തിക്കുന്നതും ജീൻ-സൈലൻസിങ് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന നാനോ മെഡിസിൻ, ഭാവിയിൽ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ സ്തനാർബുദ ചികിത്സകൾക്ക് വഴിയൊരുക്കും.

എന്നാൽ, സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണെന്നും മനുഷ്യരിൽ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ പഠനങ്ങളും ക്ലിനിക്കൽ പരീക്ഷണങ്ങളും ആവശ്യമാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, സ്തനാർബുദ ചികിത്സയിൽ കൂടുതൽ കൃത്യതയും കുറഞ്ഞ പാർശ്വഫലങ്ങളും ലക്ഷ്യമിടുന്ന ‘പ്രിസിഷൻ മെഡിസിൻ’ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ഈ കണ്ടെത്തൽ.

Tags:    
News Summary - Major breakthrough in breast cancer treatment; Indian scientists with nanomedicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.