ന്യൂഡൽഹി: തലസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നവജാത ശിശുക്കൾക്കുമായി സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ. 'അൻമോൾ' (ANMOL - Advanced Newborn Monitoring for Optimal Lifecare) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഡൽഹിയിലെ ആരോഗ്യമേഖലയിൽ വലിയൊരു മുന്നേറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. നിലവിൽ കേരളത്തിൽ മാത്രമാണ് സമാനമായ രീതിയിൽ സൗജന്യ നവജാത ശിശു പരിശോധനകൾ നിലവിലുള്ളത്.
എന്താണ് ഈ പരിശോധന?
കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ മാരകമായ ജനിത-മെറ്റബോളിക് വൈകല്യങ്ങൾ കണ്ടെത്താൻ ഈ പരിശോധന സഹായിക്കുന്നു. 56 ഓളം ജനിതക രോഗങ്ങളാണ് ഈ പദ്ധതിയിലൂടെ പരിശോധിക്കുന്നത്.
പല ജനിതക രോഗങ്ങളും കുഞ്ഞ് ജനിച്ച ആദ്യ ആഴ്ചകളിൽ തിരിച്ചറിയാൻ കഴിയില്ല. എന്നാൽ കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ശാരീരിക-മാനസിക വൈകല്യങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാം. ഇന്ത്യയിൽ സാധാരണഗതിയിൽ ഇത്തരം ജനിതക പരിശോധനകൾക്ക് 7,000 രൂപ മുതൽ 15,000 രൂപ വരെ ചെലവ് വരാറുണ്ട്. സാധാരണക്കാരായ മാതാപിതാക്കൾക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമാകും.
സ്പൈനൽ മസ്കുലർ അട്രോഫി (SMA) പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്തിയാൽ കൃത്യമായ ചികിത്സയിലൂടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ വികാസക്കുറവ് മൂലം വളർച്ചയെ ബാധിക്കുന്ന കൺജനിറ്റൽ ഹൈപ്പോതൈറോയിഡിസം, പ്രോട്ടീൻ ദഹനത്തെ ബാധിക്കുന്ന ഫിനൈൽകെറ്റോണൂറിയ, ശ്വാസകോശത്തെയും പാൻക്രിയാസിനെയും ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾ സെൽ അനീമിയ തുടങ്ങിയ 56 രോഗങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.
കുഞ്ഞ് ജനിച്ച് 24 മുതൽ 72 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തുക. കുഞ്ഞിന്റെ പാദത്തിന്റെ വശത്ത് സൂചി ഉപയോഗിച്ച് കുത്തി എടുത്ത രക്ത സാമ്പിൾ ലബോറട്ടറിയിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ ആരംഭിക്കാൻ കഴിയുന്നതിലൂടെ കുട്ടികളിലെ ബുദ്ധിമാന്ദ്യം, ശാരീരിക തളർച്ച എന്നിവ ഒരു പരിധിവരെ തടയാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.