പല സ്ത്രീകൾക്കും ആർത്തവത്തിന് തൊട്ടുമുമ്പ് മുഖക്കുരു വരുന്നത് പതിവാണ്. ചർമം ഒന്നു തെളിഞ്ഞു വരുമ്പോഴേക്കും, ആർത്തവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് താടി, താടിയെല്ല് , അല്ലെങ്കിൽ കവിളുകൾക്ക് ചുറ്റും വേദനയുള്ള മുഖക്കുരുക്കൾ പെട്ടെന്ന് പ്രത്യക്ഷപ്പെടും. സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. സൊണാലി കോഹ്‌ലിയുടെ അഭിപ്രായത്തിൽ, ആർത്തവത്തിന് തൊട്ടുമുമ്പുള്ള ഹോർമോൺ വ്യതിയാനങ്ങളാണ് ഈ മുഖക്കുരുക്കൾക്ക് പിന്നിൽ.
ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുകയും ആൻഡ്രോജന്റെ പ്രവർത്തനം കൂടുകയും ചെയ്യുന്നു. ഈ ഹോർമോൺ മാറ്റം ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും സെബം എന്നറിയപ്പെടുന്ന എണ്ണമയം കൂടുതൽ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യും. ഈ അമിതമായ എണ്ണമയം ചർമത്തിലെ മൃതകോശങ്ങളുമായും ബാക്ടീരിയകളുമായും കലരുമ്പോൾ ചർമ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് പല സ്ത്രീകൾക്കും ആർത്തവത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ചെറിയ കുരുക്കൾ, വൈറ്റ്‌ഹെഡ്‌സ്, അല്ലെങ്കിൽ വേദനയേറിയ വലിയ മുഖക്കുരുക്കൾ എന്നിവ ഉണ്ടാകുന്നത്.
എന്തുകൊണ്ടാണ് താടിയിലും താടിയെല്ലിലും കൂടുതലായി മുഖക്കുരു വരുന്നത്?
ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു സാധാരണയായി മുഖത്തിന്റെ താഴത്തെ ഭാഗങ്ങളായ താടിയെല്ല്, താടി, കവിളുകൾ എന്നിവക്ക് ചുറ്റുമാണ് കാണപ്പെടാറുള്ളത്. ഈ പാറ്റേൺ ഹോർമോൺ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.
ചില സ്ത്രീകൾക്ക് ചിലപ്പോൾ ഒന്നോ രണ്ടോ കുരുക്കൾ മാത്രമേ വരാറുള്ളൂ എങ്കിൽ, മറ്റു ചിലർക്ക് എല്ലാ മാസവും കടുത്ത വേദനയുള്ള കുരുക്കൾ, ചുവപ്പ് നിറം, ചർമത്തിലെ അസ്വസ്ഥതകൾ അല്ലെങ്കിൽ വീക്കം എന്നിവ അനുഭവപ്പെടാറുണ്ട്. കൃത്യമായ ചർമ സംരക്ഷണം പിന്തുടരുന്ന സ്ത്രീകളിൽ പോലും ഇത്തരം മുഖക്കുരുക്കൾ ഉണ്ടായേക്കാം.
ജീവിതശൈലി മുഖക്കുരു കൂടാൻ കാരണമാകും
ആർത്തവകാലത്തെ മുഖക്കുരുവിന് കാരണം ഹോർമോണുകൾ മാത്രമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ചില ജീവിതശൈലീ ഘടകങ്ങൾ ആർത്തവത്തിന് തൊട്ടുമുമ്പ് ഈ ചർമ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസിക സമ്മർദ്ദം. സമ്മർദ്ദം കൂടുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ചർമത്തിലെ എണ്ണമയവും വീക്കവും വർധിപ്പിക്കും. ഉറക്കക്കുറവ്, ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് , തെറ്റായ ഭക്ഷണശീലങ്ങൾ, അമിതമായി മധുരം കഴിക്കുന്നത് എന്നിവയും മുഖക്കുരു കൂടാൻ കാരണമാകും.
ആർത്തവത്തിന് തൊട്ടുമുമ്പ് ചർമം കൂടുതൽ സെൻസിറ്റീവ് ആകാറുണ്ട്. ഈ സമയത്ത് വീര്യമേറിയ സ്കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതോ മുഖം അമിതമായി ഉരച്ചു കഴുകുന്നതോ ചർമത്തിന് കൂടുതൽ ദോഷം ചെയ്യും.
എപ്പോഴാണ് ഹോർമോൺ മുഖക്കുരുവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടത്?
ആർത്തവത്തിന് മുമ്പ് മുഖക്കുരു വരുന്നത് സാധാരണമാണ്. എന്നാൽ കടുത്ത രീതിയിലുള്ളതോ തുടർച്ചയായി ഉണ്ടാകുന്നതോ ആയ ഹോർമോൺ മുഖക്കുരുക്കൾ ചിലപ്പോൾ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
മുഖക്കുരുവിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുക
ക്രമരഹിതമായ ആർത്തവം, മുഖത്ത് അമിതമായി രോമം വളരുക, പെട്ടെന്ന് ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ ഈ ലക്ഷണങ്ങൾ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, തൈറോയ്ഡ് പ്രശ്നങ്ങൾ അല്ലെങ്കിൽ ആൻഡ്രോജൻ ഹോർമോണിന്റെ അളവ് കൂടുന്നത് എന്നിവയുടെ സൂചനയാകാം.
ആർത്തവത്തിന് മുമ്പുള്ള മുഖക്കുരു എങ്ങനെ നിയന്ത്രിക്കാം?
ഹോർമോൺ മുഖക്കുരു കുറക്കുന്നതിനായി ചർമ സംരക്ഷണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുമിച്ച് കൊണ്ടുപോകാനാണ് വിദഗ്ദർ നിർദേശിക്കുന്നത്.
ചില പ്രധാന മാർഗങ്ങൾ താഴെ പറയുന്നവയാണ്:
മുഖക്കുരുവിന്റെ തീവ്രത അനുസരിച്ച് ചില സാഹചര്യങ്ങളിൽ ഡെർമറ്റോളജിസ്റ്റുകൾ ക്രീമുകളോ ഹോർമോൺ ചികിത്സകളോ ജീവിതശൈലി മാറ്റങ്ങളോ നിർദ്ദേശിച്ചേക്കാം. ആർത്തവത്തിന് തൊട്ടുമുമ്പ് അമിതമായി മുഖക്കുരുവിനുള്ള മരുന്നുകൾ ഉപയോഗിക്കരുതെന്ന് ഡോ. കോഹ്‌ലി നിർദേശിക്കുന്നു, കാരണം ഇത് ചർമത്തെ കൂടുതൽ വരണ്ടതാക്കുകയും ചർമത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ നശിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.