വേദനയിൽ നിന്നുള്ള മോചനം മൗലികാവകാശം

ഇന്ന് ലോകമെമ്പാടും പാലിയേറ്റിവ് കെയർ ദിനം ആചരിക്കുമ്പോൾ, ഉയർത്തിപ്പിടിക്കുന്ന പ്രധാന സന്ദേശം ‘വേദന നിവാരണം –സാന്ത്വന പരിചരണത്തിലെ അവിഭാജ്യ ഘടകം’ (Pain Management: An Essential Component of Palliative Care) എന്നതാണ്. ഗുരുതരരോഗങ്ങളാൽ വലയുന്നവർക്കും കിടപ്പുരോഗികൾക്കും ആശ്വാസംപകരുക എന്നതിനൊപ്പം, വേദനയില്ലാത്ത ജീവിതം ഓരോ മനുഷ്യന്റെയും അവകാശമാണെന്ന് ലോകത്തെ ഓർമിപ്പിക്കുക കൂടിയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ആഗോള യാഥാർഥ്യവും ഇന്ത്യൻ പശ്ചാത്തലവും വേദന ശമിപ്പിക്കുക എന്നത് ഏതൊരു ചികിത്സാസമ്പ്രദായത്തിന്റെയും അടിസ്ഥാന ധർമമാണ്. എന്നാൽ, ആഗോളതലത്തിൽ പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവരിൽ കേവലം 14 ശതമാനം പേർക്ക് മാത്രമാണ് അത് ലഭിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ഈ പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്.

ഇന്ത്യയിൽ പാലിയേറ്റിവ് കെയർ ആവശ്യമുള്ളവരിൽ ഒന്നു മുതൽ രണ്ടു ശതമാനം വരെ ആളുകൾക്ക് മാത്രമാണ് നിലവിൽ ഗുണനിലവാരമുള്ള പരിചരണം ലഭിക്കുന്നത്. 1985-ലെ എൻ.ഡി.പി.എസ് നിയമത്തിലെ കർശനവ്യവസ്ഥകൾ പതിറ്റാണ്ടുകളോളം അവശ്യ വേദനസംഹാരിയായ മോർഫിന്റെ ലഭ്യത തടസ്സപ്പെടുത്തിയിരുന്നു. 2014-ലെ നിയമഭേദഗതിയിലൂടെ വ്യവസ്ഥകൾ ലളിതമാക്കിയെങ്കിലും, ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണപരമായ സങ്കീർണതകൾ കാരണം മോർഫിൻ ലഭ്യമാക്കുന്നതിൽ ഇപ്പോഴും കാലതാമസം നേരിടുന്നുണ്ട്.

ലോകത്തിന് വഴികാട്ടിയായ ‘കേരള മാതൃക’

ഇന്ത്യയിൽ പാലിയേറ്റിവ് കെയർ സേവനം ലഭിക്കുന്ന രോഗികളിൽ മൂന്നിൽ രണ്ടുപങ്കും കേരളത്തിലാണ് എന്നത് ഈ രംഗത്തെ സംസ്ഥാനത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നു. 1990-കളിൽ കോഴിക്കോട് തുടക്കമിട്ട ‘പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി’ സന്നദ്ധപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും ഒന്നിപ്പിച്ച് രോഗികളുടെ വീടുകളിലേക്ക് പരിചരണമെത്തിച്ചു.

2008-ൽ ഇന്ത്യയിലാദ്യമായി സമഗ്ര പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച കേരളം, തദ്ദേശസ്ഥാപനങ്ങളിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ‘ഹോം കെയർ’ നഴ്‌സുമാരുടെ സേവനവും ജനകീയപങ്കാളിത്തവും ഉറപ്പാക്കി. 1998-ൽ തന്നെ ചട്ടങ്ങളിൽ ഇളവ് വരുത്തി, ഗ്രാമീണതലത്തിൽ വരെ മോർഫിൻ എത്തിക്കാനും ഡോക്ടർമാർക്ക് കൃത്യമായ പരിശീലനം നൽകാനും കേരളത്തിന് സാധിച്ചു.

മോർഫിൻ: തെറ്റിദ്ധാരണകളും യാഥാർഥ്യവും

കാൻസർ വേദനകൾക്ക് ഏറ്റവും ഫലപ്രദമായ മരുന്നാണ് ഓറൽ മോർഫിൻ. എന്നാൽ, ഇതിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഭയങ്ങൾ (Opioid Phobia) രോഗികൾക്ക് പലപ്പോഴും അർഹമായ ആശ്വാസം നിഷേധിക്കുകയാണ്. മോർഫിൻ ഉപയോഗവുമായി ബന്ധപ്പെട്ട് സാധാരണക്കാർ മാത്രമല്ല ആരോഗ്യ പ്രവർത്തകർകരും നിരവധി ആശങ്കകളുന്നയിക്കാറുണ്ട്.

•അടിമപ്പെടുമോ? ഡോക്ടറുടെ നിർദേശപ്രകാരം വേദനക്ക് കഴിക്കുന്ന മോർഫിൻ രോഗിയെ ഒരിക്കലും മരുന്നിന് അടിമയാക്കില്ല.

•മരണം അടുത്തെത്തിയതിന്റെ സൂചനയാണോ? അല്ല. മോർഫിൻ ആയുസ്സ് കുറയ്ക്കാനല്ല, മറിച്ച് രോഗിയുടെ ജീവിതനിലവാരം (Quality of Life) മെച്ചപ്പെടുത്താനാണ് നൽകുന്നത്.

•ശ്വാസതടസ്സം ഉണ്ടാക്കുമോ? ശാസ്ത്രീയമായി ഡോസ് ക്രമീകരിച്ച് (Titration) നൽകുന്ന മോർഫിൻ ശ്വാസംമുട്ടൽ ഉണ്ടാക്കില്ല; മറിച്ച് കാൻസറിന്റെ അവസാന ഘട്ടത്തിലെ അസഹനീയമായ ശ്വാസംമുട്ടൽ ലഘൂകരിക്കാൻ ഇത് സഹായിക്കും.

മോർഫിൻ ഉപയോഗത്തിന്റെ പ്രധാന പാർശ്വഫലമായ മലബന്ധം ലളിതമായ മരുന്നുകളിലൂടെ (Laxatives) പൂർണമായും പരിഹരിക്കാവുന്നതാണ്.

മുന്നോട്ടുള്ള വഴി

വേദനയില്ലാത്ത ജീവിതവും അന്തസ്സാർന്ന മരണവും ഏതൊരു മനുഷ്യന്റെയും അടിസ്ഥാന അവകാശമാണ്. ഇതിനായി പാലിയേറ്റിവ് കെയറിനെ രാജ്യത്തെ പൊതുജനാരോഗ്യ നയത്തിന്റെ മുൻനിര ഘടകമാക്കേണ്ടതുണ്ട്. ഇതോടൊപ്പം മോർഫിൻ അടക്കമുള്ള അവശ്യമരുന്നുകളുടെ ലഭ്യതയിലെ ഭരണപരമായ തടസ്സങ്ങൾ പൂർണമായി നീക്കുകയും വേണം.

എം.ബി.ബി.എസ്, നഴ്‌സിങ് പഠനകാലത്തുതന്നെ പെയിൻ മാനേജ്‌മെന്റിൽ പ്രായോഗിക പരിശീലനം നൽകുന്നതിലൂടെ അനാവശ്യമായ ആശങ്കകളും സംശയങ്ങളും ഒഴിവാക്കാനാകും.

വേദന നിവാരണം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയല്ല; മുഴുവൻ സമൂഹവും ഒരുമിച്ചുനിന്ന് നൽകേണ്ട കരുതലിന്റെ തണലാണ്.

(ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ കേരള സംസ്ഥാന വൈസ് പ്രസിഡന്റും തണൽ പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.