ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന മാരകമായ കാൻസറുകളിൽ ഒന്നാണ് അണ്ഡാശയ കാൻസർ. എല്ലാ വർഷവും മെയ് എട്ട് 'ലോക അണ്ഡാശയ കാൻസർ ദിനമായി' ആചരിക്കുന്നു. ഈ വർഷത്തെ ഈ ദിനത്തിന്റെ പ്രമേയം "No Woman Left Behind" എന്നതാണ്. ഒരു സ്ത്രീയുടെയും ലക്ഷണങ്ങൾ അവഗണിക്കപ്പെടരുത് എന്നും, സ്ഥലമോ സാമ്പത്തിക സാഹചര്യമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും കൃത്യമായ ചികിത്സയും രോഗനിർണ്ണയവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
എന്താണ് അണ്ഡാശയ ക്യാൻസർ?
സ്ത്രീകളുടെ പ്രത്യുല്പാദന വ്യവസ്ഥയിലെ അണ്ഡാശയങ്ങളിൽ (ഓവറി) ഉണ്ടാകുന്ന കാൻസറാണിത്. അണ്ഡാശയത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മുഴകളായി മാറുന്നതാണ് ഇതിന് കാരണം. ഇതിനെ പലപ്പോഴും 'നിശബ്ദ കൊലയാളി' എന്ന് വിളിക്കാറുണ്ട്. കാരണം, രോഗം പ്രാരംഭ ഘട്ടത്തിൽ ആയിരിക്കുമ്പോൾ ലക്ഷണങ്ങൾ വളരെ കുറവായിരിക്കും. അല്ലെങ്കിൽ ലക്ഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമായിരിക്കും.
തിരിച്ചറിയാൻ വൈകരുത്
അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണങ്ങൾ പലപ്പോഴും ദഹനപ്രശ്നങ്ങളായോ മറ്റ് സാധാരണ അസ്വസ്ഥതകളായോ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് അത്യന്താപേക്ഷിതമാണ്.
വയർ വീർത്തുവരിക: സ്ഥിരമായി അനുഭവപ്പെടുന്ന വയറു വീർക്കൽ അല്ലെങ്കിൽ ഗ്യാസ് നിറഞ്ഞതുപോലെയുള്ള അവസ്ഥ.
വയറുവേദന: അടിവയറ്റിലോ ഇടുപ്പ് ഭാഗത്തോ ഉണ്ടാകുന്ന വിട്ടുമാറാത്ത വേദന.
ഭക്ഷണത്തോടുള്ള വിരക്തി: പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നുക, ഭക്ഷണം കഴിക്കാൻ പ്രയാസം അനുഭവപ്പെടുക.
മൂത്രമൊഴിക്കുന്നതിലെ മാറ്റങ്ങൾ: ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നുകയോ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുക.
ക്ഷീണം: വിശ്രമിച്ചാലും മാറാത്ത കഠിനമായ തളർച്ച.
മലബന്ധം: മലശോധനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.
ഈ ലക്ഷണങ്ങൾ അണ്ഡാശയ ക്യാൻസറിന് മാത്രം പ്രത്യേകമുള്ളതല്ല എന്നതാണ് ഇതിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ അവഗണിക്കാതെ ഇരിക്കുക. കൃത്യമായ ഒരു കാരണം ഇതിന് പിന്നിലുണ്ടെന്ന് പറയാനാകില്ലെങ്കിലും, ചില ഘടകങ്ങൾ സാധ്യത വർദ്ധിപ്പിക്കുന്നു:
• പ്രായം: മിക്കവാറും 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കണ്ടുവരുന്നത്.
• ജനിതക ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമോ അണ്ഡാശയ ക്യാൻസറോ ഉണ്ടായിട്ടുണ്ടെങ്കിൽ സാധ്യത കൂടുതലാണ് (പ്രത്യേകിച്ച് ബി.ആർ.സി.എ1, ബി.ആർ.സി.എ2 ജീനുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ).
• കുട്ടികളില്ലാത്ത അവസ്ഥ: പ്രസവിക്കാത്തവരോ അല്ലെങ്കിൽ വൈകി പ്രസവിച്ചവരോ ആയ സ്ത്രീകൾക്ക് സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
• ഹോർമോൺ തെറാപ്പി: ആർത്തവവിരാമത്തിന് ശേഷം ദീർഘകാലം ഹോർമോൺ ചികിത്സ തേടുന്നത് സാധ്യത വർദ്ധിപ്പിച്ചേക്കാം.
നേരത്തെയുള്ള കണ്ടെത്തൽ
അണ്ഡാശയ ക്യാൻസറിന്റെ കാര്യത്തിൽ നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണ്ണായകമാണ്. ആദ്യ ഘട്ടങ്ങളിൽ രോഗം കണ്ടെത്തുകയാണെങ്കിൽ 90 ശതമാനത്തിലധികം രോഗികളെയും പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കും. എന്നാൽ നിർഭാഗ്യവശാൽ, രോഗലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നതിനാൽ ഭൂരിഭാഗം കേസുകളും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് തിരിച്ചറിയപ്പെടുന്നത്. ഇത് ചികിത്സയെ സങ്കീർണ്ണമാക്കുന്നു.
പരിശോധനകൾ: ലക്ഷണങ്ങൾ കണ്ടാൽ പ്രധാനമായും താഴെ പറയുന്ന പരിശോധനകൾ നിർദ്ദേശിക്കാറുണ്ട്:
• പെൽവിക് എക്സാമിനേഷൻ: ഡോക്ടർ ആന്തരിക അവയവങ്ങൾ പരിശോധിച്ച് അസാധാരണമായ മുഴകളുണ്ടോ എന്ന് നോക്കുന്നു.
• അൾട്രാസൗണ്ട് സ്കാനിങ്: അണ്ഡാശയത്തിന്റെ വലിപ്പവും ഘടനയും മനസ്സിലാക്കാൻ സഹായിക്കുന്നു.
• സിഎ-125 രക്തപരിശോധന: രക്തത്തിലെ പ്രോട്ടീന്റെ അളവ് പരിശോധിക്കുന്നതിലൂടെ ക്യാൻസർ സാധ്യത തിരിച്ചറിയാം.
ചികിത്സാരീതികൾ
രോഗത്തിന്റെ ഘട്ടം, രോഗിയുടെ ആരോഗ്യം എന്നിവ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്.
ശസ്ത്രക്രിയ: ക്യാൻസർ ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്യുക എന്നതാണ് പ്രാഥമിക ചികിത്സ.
കീമോതെറാപ്പി: മരുന്നുകൾ ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതി. ഇത് ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ നൽകാറുണ്ട്.
ടാർഗെറ്റഡ് തെറാപ്പി: ക്യാൻസർ കോശങ്ങളെ മാത്രം ലക്ഷ്യം വെച്ച് നശിപ്പിക്കുന്ന നൂതന ചികിത്സാ രീതിയാണിത്. സാധാരണ കോശങ്ങൾക്ക് ഇത് അധികം കേടുപാടുകൾ വരുത്തുന്നില്ല.
അണ്ഡാശയ ക്യാൻസറിനെതിരെയുള്ള ഏറ്റവും വലിയ ആയുധം ബോധവൽക്കരണമാണ്. സ്വന്തം ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക എന്നത് ഓരോ സ്ത്രീയുടെയും കടമയാണ്. "എനിക്ക് ഇത് വരില്ല" എന്ന ചിന്താഗതി മാറ്റിവെച്ച്, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക. സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ലോക അണ്ഡാശയ അർബുദ ദിനം ഓർമ്മിപ്പിക്കുന്നത് പോലെ, ഒരു സ്ത്രീയുടെയും രോഗലക്ഷണങ്ങൾ അവഗണിക്കപ്പെടരുത്. ഈ ലോക അണ്ഡാശയ കാൻസർ ദിനത്തിൽ നമുക്ക് ഒരുമിച്ച് നിൽക്കാം. ഒരു സ്ത്രീയും അവഗണിക്കപ്പെടാതിരിക്കാനും ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കാനും. അജ്ഞതയും പേടിയും മാറ്റി നിർത്തി ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ തയ്യാറാകണം. അണ്ഡാശയ അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ കൃത്യമായ അറിവും സമയബന്ധിതമായ പരിശോധനയുമാണ് നമ്മുടെ ഏറ്റവും വലിയ ആയുധങ്ങൾ. കൃത്യസമയത്തുള്ള പരിശോധനയും ചികിത്സയും വഴി നമുക്ക് ഈ മാരക രോഗത്തെ പരാജയപ്പെടുത്താം.
തയ്യാറാക്കിയത്: ഡോ. അരുൺ ആർ. വാര്യർ, സീനിയർ കൺസൾട്ടൻ്റ് - മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.