ആരോഗ്യമേഖല നിരൂപണവിധേയമാകേണ്ട തെരഞ്ഞെടുപ്പ്

ലോകതലത്തിൽ ആരോഗ്യമേഖല ഇത്രയധികം ശ്രദ്ധനേടിയ ഘട്ടം സമീപകാലത്തുണ്ടായിട്ടില്ല. കോവിഡ്​ കാലത്തെ ട്രംപി​െൻറ തെറ്റായ ആരോഗ്യനയങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലേക്കു പോകുന്ന കേരളത്തിലും കഴിഞ്ഞ അഞ്ചു വർഷത്തെ ആരോഗ്യമേഖലയുടെ മൊത്തം പ്രവർത്തനങ്ങളോടൊപ്പം നിപ-കോവിഡ്​ കാലത്തെ സർക്കാർ നടപടികൾകൂടി ചർച്ചചെയ്യപ്പെടേണ്ടതാണ്​.

നിപയും കോവിഡും​

ഏറ്റവും മാതൃകാപരമായാണ് ആരോഗ്യവകുപ്പ് നിപയെ നിയന്ത്രണവിധേയമാക്കിയത്. വ്യാപനശേഷിയിലും രോഗതീവ്രതയിലും തീർത്തും വ്യത്യസ്​തമായ കോവിഡി​​െൻറ​ നിയന്ത്രണത്തിന്​ നിപക്കെതിരെ സ്വീകരിച്ച അതേ നടപടികൾ പകർത്താൻ ശ്രമിച്ചത് ആരോഗ്യമേഖല ജോലിഭാരത്താൽ തളർന്നുപോകാതിരിക്കാനും മരണനിരക്ക് ഒരു പരിധിവിട്ട് കൂടാതിരിക്കാനും സഹായിച്ചു. പക്ഷേ, അമിത നിയന്ത്രണങ്ങൾ ചൈനക്ക​ുശേഷം ലോകത്താദ്യമായി കോവിഡെത്തിയ ഇടമായിട്ടും ഇപ്പോഴും രോഗതീവ്രതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം തുടരാൻ കാരണമായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മാസ്​ക്കും സാമൂഹിക അകലവുമില്ലാതെ സാധാരണ ജീവിതം തിരിച്ചുപിടിച്ചപ്പോൾ ഇലക്​ഷൻ കാലത്തെ അയവില്ലായിരുന്നുവെങ്കിൽ കേരളം ഇപ്പോഴും വലിയ സാമൂഹിക-സാമ്പത്തിക നഷ്​ടങ്ങൾ നിലനിർത്തി കോവിഡ്​ ബന്ധനത്തിൽ തുടരുമായിരുന്നു.

അവാർഡുകൾക്കും അവകാശവാദങ്ങൾക്കുമപ്പുറം

ഈ സർക്കാർ അധികാരമേൽക്കുംമു​േമ്പ സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷക്കായി ഗ്രാമതല ആസൂത്രണം എന്ന കാഴ്ചപ്പാടിൽ, 'ആർദ്ര'ത്തെക്കുറിച്ച ചർച്ച ആരംഭിച്ചിരുന്നു. അഞ്ചു വർഷംകൊണ്ട്​ സംസ്ഥാനം നേടേണ്ട പൊതുജനാരോഗ്യ നേട്ടങ്ങളെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സുസ്ഥിര വികസനലക്ഷ്യങ്ങളുമായി താദാത്മ്യപ്പെടുത്തി ഹ്രസ്വകാല, ദീർഘകാല ആരോഗ്യസൂചികാനേട്ടങ്ങൾ പട്ടികപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനായി അവലംബിച്ച ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ പലതും ദുർലഭവും ദുർബലവുമായിരുന്നു.

ആരോഗ്യമേഖലയിലെ വിവരശേഖരണം, ശാസ്ത്രീയ വിശകലനം, പഞ്ചായത്ത്​-സംസ്​ഥാനതല താരതമ്യം, പ്രശ്നങ്ങളുടെ പ്രാധാന്യക്രമം, കേന്ദ്ര-സംസ്ഥാന ഫണ്ടുകളെ പഞ്ചായത്ത്, ഉദാരമതികൾ, എൻ.ജി.ഒകൾ എന്നിവയുടെ ഫണ്ടുകളുമായി ഫലപ്രദമായി സംയോജിപ്പിച്ച്​ പദ്ധതി തയാറാക്കാനുള്ള സമഗ്രപരിശീലനം എന്നിവയിൽ തെരഞ്ഞെടുത്തവർക്ക്​ ജില്ലയിൽ കാര്യക്ഷമമായ പരിശീലനം നൽകിയിരുന്നു. വിവിധ കാറ്റഗറി ജീവനക്കാർക്ക്​ പരിശീലനം പൂർത്തിയാക്കാൻ ആദ്യത്തെ ഒന്നൊന്നര കൊല്ലംതന്നെയെടുത്തു. എന്നാൽ, താഴേത്തട്ടിൽ ഇവ എത്തിയപ്പോഴേക്കും മല എലിയെ പ്രസവിച്ചപോലെയായി.

സൂനാമിക്കുശേഷം കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പ്രത്യക്ഷപ്പെട്ട ഡെങ്കിപ്പനി ഒന്നര പതിറ്റാണ്ടായി മരണതാണ്ഡവമാടുകയാണ്. പ്ലാസ്​റ്റിക്​ ഉൾ​െപ്പടെ ഖരമാലിന്യം പല മടങ്ങ്​ വർധിച്ചിട്ടും ആഹാരമാലിന്യങ്ങൾ കുമിഞ്ഞുകൂടി എലിപ്പനി കൂടിയിട്ടും നാമിപ്പോഴും പ്ലാസ്​റ്റിക്​ പാത്രകടലാസുകൾ മാത്രം നിരോധിച്ച്​ ഫ്ലക്​സ്​ ആഘോഷത്തിലാണ്​. എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മന്ത്, ജപ്പാൻജ്വരം, വയറിളക്കരോഗങ്ങൾ, ടൈഫസ്പനികൾ, എച്ച്1​ എൻ1, കുരങ്ങുപനി, ടി.ബി, കുഷ്ഠം തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഉപകാരമാകുമായിരുന്ന 'ഹരിതകേരള മിഷൻ' പ്രവർത്തനങ്ങൾ അത്തരത്തിൽ സോദ്ദേശ്യപൂർവം ഏകോപിപ്പിക്കാൻ ഇരുമിഷനുകൾക്കും സാധ്യമായില്ല.

ഏട്ടിലപ്പടി പയറ്റിലിപ്പടി

ഭാവികേരളത്തി​െൻറ പ്രാഥമികാരോഗ്യ ആസൂത്രണം സംബന്ധിച്ച മാർഗരേഖകളുടെയും കൈപ്പുസ്തകങ്ങളുടെയും ഒരു സമാഹാരം സംഭാവന ചെയ്തതും പരിശീലനപരിപാടികൾ ആസൂത്രണംചെയ്തതും ഒരു മുതൽക്കൂട്ടുതന്നെ. ഈ സമഗ്ര ആരോഗ്യ മാർഗരേഖകളെ അമ്പേ പരാജയപ്പെടുത്തുന്ന സങ്കുചിത രാഷ്​ട്രീയതാൽപര്യങ്ങളും അഴിമതിയും ഫലത്തിൽ 'ആർദ്ര' ലക്ഷ്യങ്ങളെ അട്ടിമറിച്ചു.

രോഗചികിത്സയിലും ഗവേഷണങ്ങളിലും മികവി​െൻറ കേന്ദ്രങ്ങളാകേണ്ട മെഡിക്കൽ കോളജുകളുടെ അവസ്ഥ ദയനീയമായി തുടരുകയാണ്. കൂടുതൽ അധ്യാപകരെ ആവശ്യമുള്ള Curriculum Based Medical Education (CBME) എന്ന നവീനപഠനരീതിക്ക്​ ദേശീയതലത്തിൽ തുടക്കമായിട്ട്​ രണ്ടു വർഷത്തോളമായി. അതേസമയം, ആദ്യമേ അധ്യാപകക്ഷാമമുണ്ടായിരുന്ന നമ്മുടെ മെഡിക്കൽ കോളജുകളിലെ മിക്ക ഡിപ്പാർട്​മെൻറുകളിലും എട്ടും ഒമ്പതും വർഷങ്ങളായി പുതുനിയമനത്തിനുള്ള പി.എസ്​.സി പരീക്ഷപോലും നടത്തിയിട്ട്. അധ്യാപകക്ഷാമം കാലങ്ങളായി തുടരുന്ന ഈ സാഹചര്യത്തിന​ു പുറമെയാണ്​ കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​െൻറ കാലത്ത്​ ഒാരോ ജില്ലയിലും പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയത്. അപൂർവം ചില മെഡിക്കൽ കോളജുകളിലെ വളരെ കുറഞ്ഞ ഡിപ്പാർട്​മെൻറുകളൊഴികെ എല്ലായിടങ്ങളും അത്യാധുനിക ചികിത്സസംവിധാനങ്ങളുടെ കാര്യത്തിൽ സർക്കാർ മെഡിക്കൽ കോളജുകൾ തൊട്ടടുത്ത സ്വകാര്യ സ്പെഷാലിറ്റി ആശുപത്രികളേക്കാൾ എത്രയോ പിറകിലാണ്.

ഇതിനു മുകളിലാണ്​ കോവിഡ്​ കാലത്ത്​ മറ്റെല്ലാ ചികിത്സകളും വൈദ്യവിദ്യാഭ്യാസവും മുടക്കി മെഡിക്കൽ കോളജുകളെ കേവല കോവിഡ്കേന്ദ്രങ്ങൾ മാത്രമാക്കി മാറ്റിയത്. ഭൂരിഭാഗം കോവിഡ്കേസുകളും താഴെതട്ടിലുള്ള ആശുപത്രികളിൽ ചികിത്സിക്കാമായിരുന്നു എന്നിരിക്കെ ബിരുദബിരുദാനന്തര പഠനങ്ങളടക്കം മെഡിക്കൽ വിദ്യാഭ്യാസം പൂർണമായി തടസ്സപ്പെടുന്ന അവസ്ഥയ​ുണ്ടായത്​ നിർഭാഗ്യകരമാണ്.

നിതി ആയോഗി​െൻറ ഏറ്റവും പുതിയ റാങ്കിങ്ങിലും കേരളം ഒന്നാം സ്ഥാനത്താണ്​. 23 മേഖലകളിൽ ഊന്നിയ ആരോഗ്യസൂചികകൾ പരിഗണിക്കപ്പെട്ട ഈ റാങ്കിങ്ങിൽ പലതിലും കേരളം മുൻപന്തിയിൽ നിൽക്കുമ്പോൾതന്നെ ചില മേഖലകളിലെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ വളരെ പിന്നിലാണ്​. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കണക്കിൽ ഏറ്റവും പിറകിലാണ്​ കേരളം.

ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഛത്തിസ്ഗഢിൽ 111 സ്ഥാപനങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ഇതി​െൻറ എണ്ണം പൂജ്യമാണ്. അതുപോലെതന്നെ സേവനങ്ങളുടെ ലഭ്യതയും മാനവവിഭവശേഷിയും മരുന്നുകളുടെ ലഭ്യതയുമെല്ലാം കണക്കിലെടുത്ത്​ കമ്യൂണിറ്റി ഹെൽത്ത്​ സെൻററുകൾക്ക്​ ​േഗ്രഡ്​ നൽകി സൂചിക നോക്കുമ്പോൾ നാലിലധികം പോയൻറ്​ നേടിയ സ്ഥാപനങ്ങളിൽ കേരളം വെറും 0.4 ശതമാനം മാത്രമാണ്.

കേരളം മുന്നിൽ നിൽക്കുന്ന പല സൂചികകളും പൂർണമായും ആരോഗ്യവകുപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. വിദ്യാഭ്യാസം, ശുചിത്വം, സ്ത്രീസാക്ഷരത തുടങ്ങി ആരോഗ്യാനുബന്ധ മേഖലകളിൽ നാം കാലങ്ങളായി ആർജിച്ചെടുത്ത നേട്ടങ്ങളുടെ ഫലംകൂടിയാണ്. ആരോഗ്യമേഖലയുമായി നേരിട്ട്​ ബന്ധപ്പെട്ട സൗകര്യങ്ങൾ, ഡേറ്റ ശേഖരണം എന്നീ മേഖലകളിൽ പലപ്പോഴും നമ്മുടെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന്​ ഇൗ കണക്കുകൾ വിളിച്ചോതുന്നു.

തെറ്റായ ജീവിതശൈലിയുടെ ഭാഗമായുണ്ടാകുന്ന ടൈപ്​ രണ്ട്​ പ്രമേഹത്തിൽ ഇന്ത്യയിൽ ഒന്നാമതാണ്​ കേരളം. പതിനായിരങ്ങളാണ്​ വൃക്കരോഗം ബാധിച്ച്​ ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്നത്. ഹൃദ്രോഗങ്ങൾമൂലം പ്രവർത്തനക്ഷമത നഷ്​ടപ്പെട്ടവരും അത്രതന്നെ വരും. പ്രമേഹസങ്കീർണതകൾ, അർബുദം, കിഡ്നി, ശ്വാസകോശരോഗങ്ങൾ എന്നിവ മൂലമുള്ള മരണനിരക്ക്​ കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിലാണ്. ഈ രോഗങ്ങളെ നേരിടാൻ നമ്മുടെ ആരോഗ്യസംവിധാനത്തിന്​ ആകെയുള്ളത്​ രക്താതിസമ്മർദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകൾ വിതരണം ചെയ്യുന്ന പരിപാടി മാത്രമാണ്. സമൂഹത്തെ ശരിയായ ജീവിതശൈലി പഠിപ്പിക്കാനുള്ള പരിപാടികൾ ഇനിയും ആവിഷ്​കരിക്കേണ്ടിയിരിക്കുന്നു.

ഫണ്ടിങ്ങിൽനിന്ന്​ സർക്കാർ പിൻവാങ്ങുന്നു

സർക്കാർ തലത്തിൽ സൗജന്യം ഇപ്പോൾ ഒ.പി ചികിത്സക്കു മാത്രമാണ്. നല്ലൊരു ഭാഗം കിടത്തിച്ചികിത്സക്കും സർജറികൾക്കും സ്വകാര്യ ഇൻഷുറൻസ്​ സംവിധാനങ്ങളിലൂടെ പണം കണ്ടെത്തുന്നു. ഈ കമ്പനികൾ മിക്കവയും രജിസ്ട്രേഷൻ തുടങ്ങുന്നത്​ നീട്ടിക്കൊണ്ടുപോവുക, രജിട്രേഷൻ നേര​േത്ത വെട്ടിച്ചുരുക്കുക തുടങ്ങിയ പരിപാടികളിലൂടെ കെടുകാര്യസ്ഥത തെളിയിച്ചുകഴിഞ്ഞു. ഇങ്ങനെ സ്വകാര്യ ഇൻഷുറൻസ്​ കമ്പനികളെ മുന്നിൽ നിർത്തി സർക്കാർ ആരോഗ്യഫണ്ടിങ്ങിൽനിന്ന്​ ക്രമേണ പിറകോട്ടു​ പോകുന്നതിനേക്കാൾ അഭികാമ്യം സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിലുള്ള കാനഡയുടെയും ബ്രിട്ട​െൻറയും ആരോഗ്യമാതൃകകൾ പിന്തുടരലാണ്.

Tags:    
News Summary - health sector should be subject in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.