ഗർഭകാല പ്രമേഹം മനസ്സിലാക്കാം

ഗർഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. ഇത്തരത്തിൽ ഗർഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗർഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താൽക്കാലിക അവസ്ഥയാണെങ്കിലും ചിലരിൽ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് 2 പ്രമേഹം എന്നാണ് പറയുന്നത്.

കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ പ്രമേഹം ഉണ്ടാകാറുണ്ട്. എന്നാൽ പ്രസവ സമയത്ത് സങ്കീർണതകൾ ഉണ്ടാവുന്നതിന് ഗർഭകാല പ്രമേഹം കാരണമാകുന്നു.

ഗർഭകാല പ്രമേഹത്തിന്റെ കാരണങ്ങൾ

ഗർഭിണികളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഇൻസുലിന്റെ പ്രവർത്തനം തടസപ്പെടുന്നതാണ് ഗർഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. പോളി സിസ്റ്റിക് ഓവറി സിൻഡ്രോം , അമിതവണ്ണം , വൈകിയുള്ള ഗർഭധാരണം,( 35 വയസിനു മുകളിലുള്ളവർ) പാരമ്പര്യം തുടങ്ങിയവ ഗർഭകാല പ്രമേഹത്തിന് കാരണമാകും. ഇത് കൂടാതെ സമീകൃതമല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ജീവിത രീതിയും പ്രമേഹ സാധ്യത വർധിപ്പിക്കുന്നതാണ്.

ഗർഭകാല പ്രമേഹത്തെ കരുതണം, കാരണം ഇത് അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഷുഗർ വർധിക്കുന്നതിലൂടെ കുഞ്ഞിന്‍റെ ഭാരം കൂടാനും പ്രസവം സങ്കീർണമാകാനും സാധ്യത വളരെ കൂടുതലാകുന്നു

അമ്മമാരിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാകുന്നു. ഗർഭകാല പ്രമേഹമുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഭാര കൂടുതൽ ഉണ്ടാകാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ സിസേറിയൻ ചെയ്യേണ്ടി വന്നേക്കാം. മാസമെത്താതെയുള്ള പ്രസവം, അമ്മയ്ക്കും കുഞ്ഞിനും ഐസിയു ചികിത്സ എന്നിവയാണ് മറ്റു ചില സങ്കീർണ്ണതകൾ.

പരിശോധന വൈകിപ്പിക്കേണ്ട

കൃത്യമായി രോഗ നിർണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഗർഭാവസ്ഥയിലുള്ള പ്രമേഹത്തിനുള്ള സ്ക്രീനിംഗും രോഗനിർണയവും സാധാരണയായി ഗർഭാവസ്ഥയുടെ 24 മുതൽ 28 ആഴ്ചകൾക്കിടയിലാണ് നടത്തേണ്ടത്.

ആദ്യ മൂന്ന് മാസത്തിനുള്ളിൽ നിർബന്ധമായും രക്തപരിശോധന നടത്തണം. പ്രസവം കഴിഞ്ഞ് ആറ് ആഴ്ച്ചയ്ക്ക് ശേഷവും രക്ത പരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

ഈ കാര്യങ്ങൾ സൂക്ഷിക്കാം

അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്.

കുടുംബത്തിൽ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകൾ ഗർഭിണിയാകുന്നതിന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് വഴി സങ്കീർണതകൾ കുറയ്ക്കാനും കഴിയും. ആരോഗ്യകരമായ ശരീര ഭാരം കൈവരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും ഇതുവഴി കഴിയും.

ഗർഭകാല പ്രമേഹമുള്ള സ്ത്രീകൾ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്.

തയ്യാറാക്കിയത് : ഡോ. ഹസൂരിയ സാദിക്, എച്ച്ഒഡി ആൻഡ് സീനിയർ കൺസൾട്ടന്റ്, ഡിപ്പാർട്മെന്റ് ഓഫ് ഒബ്സ്റ്റേട്രിക്സ്‌ ആൻഡ് ഗൈനക്കോളജി ആസ്റ്റർ മിംസ് കണ്ണൂർ

Tags:    
News Summary - Gestational Diabetes pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.