പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിച്ചിട്ടും വയറിൽ അസ്വസ്ഥതയും ഗ്യാസും അനുഭവപ്പെടാറുണ്ടോ? എങ്കിൽ നിങ്ങൾ കഴിക്കുന്ന 'ഹെൽത്തി' ഭക്ഷണങ്ങൾ തന്നെയാകാം ഇതിന് പിന്നിലെ വില്ലൻ. ആരോഗ്യകരമെന്ന് നാം വിശ്വസിക്കുന്ന പല ഭക്ഷണപദാർഥങ്ങളും ചിലപ്പോൾ വയർ വീർക്കുന്നതിനും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പ്രമുഖ ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി വ്യക്തമാക്കുന്നു. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
ഭക്ഷണം മോശമായതുകൊണ്ടല്ല, മറിച്ച് നമ്മുടെ ശരീരം അവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യമെന്ന് ഡോക്ടർ പറയുന്നു. അമിതമായ അളവിൽ പെട്ടെന്ന് ഇത്തരം ഭക്ഷണങ്ങൾ കഴിച്ചുതുടങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
വയർ വീർക്കാൻ കാരണമാകുന്ന 7 ഭക്ഷണസാധനങ്ങൾ
- ക്രൂസിഫറസ് പച്ചക്കറികൾ: ബ്രൊക്കോളി, കോളിഫ്ലവർ, കാബേജ് എന്നിവയിൽ 'റഫിനോസ്' എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവയിലെ നാരുകൾ ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോൾ ഗ്യാസ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇവ നല്ലവണ്ണം വേവിച്ചു കഴിക്കുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.
- പയർവർഗങ്ങളും പരിപ്പുകളും: പ്രോട്ടീൻ കലവറയാണെങ്കിലും ഇതിലെ 'ഒലിഗോസാക്കറൈഡുകൾ' വയർ വീർക്കാൻ കാരണമാകുന്നുവെന്ന് ഡോക്ടർ പറയുന്നു. ഇവ പാകം ചെയ്യുന്നതിന് മുമ്പ് കുതിർത്തുവെക്കുന്നതും അളവ് ക്രമേണ വർധിപ്പിക്കുന്നതും ഉചിതമാണ്.
- പാൽ ഉൽപന്നങ്ങൾ: ലാക്ടോസ് ഇൻടോളറൻസ് ഉള്ളവരിൽ പാൽ, ഐസ്ക്രീം എന്നിവ അസ്വസ്ഥതയുണ്ടാക്കും. തൈര്, ഹാർഡ് ചീസ് എന്നിവ താരതമ്യേന ദഹിക്കാൻ എളുപ്പമാണ്.
- ആപ്പിളും സബർജലും: ഇവയിലടങ്ങിയിരിക്കുന്ന ഫ്രക്ടോസ്, സോർബിറ്റോൾ എന്നിവ ദഹനപ്രക്രിയയിൽ ഗ്യാസ് ഉൽപാദിപ്പിച്ചേക്കാം. ഇവ കഴിക്കുന്ന അളവിൽ നിയന്ത്രണം വേണം.
- കാർബണേറ്റഡ് പാനീയങ്ങൾ: സോഡയും മറ്റ് ഗ്യാസ് അടങ്ങിയ പാനീയങ്ങളും കുടിക്കുമ്പോൾ നാം വായുവിനെ നേരിട്ട് വയറിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ഗ്യാസിന് കാരണമായേക്കാം
- ഷുഗർ ഫ്രീ ഉൽപന്നങ്ങൾ: ഷുഗർ ഫ്രീ മിഠായികളിലും ഗമ്മുകളിലും ഉപയോഗിക്കുന്ന സോർബിറ്റോൾ, സൈലിറ്റോൾ തുടങ്ങിയ ഷുഗർ ആൽക്കഹോളുകൾ ദഹിക്കാൻ പ്രയാസമുള്ളവയാണ്.
- ഹോൾ വീറ്റ്, ഹൈ-ഫൈബർ ധാന്യങ്ങൾ: നാരുകൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും പെട്ടെന്ന് വലിയ അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിന് താങ്ങാൻ കഴിയില്ല.
ഭക്ഷണം പൂർണമായും ഒഴിവാക്കുകയല്ല വേണ്ടതെന്ന് ഡോ. സേത്തി ചൂണ്ടിക്കാട്ടുന്നു. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ദഹനശേഷിയും വ്യത്യസ്തമാണ്. ഭക്ഷണമല്ല പ്രശ്നം, മറിച്ച് കഴിക്കുന്ന അളവ്, സമയം, വയറിന്റെ സെൻസിറ്റിവിറ്റി എന്നിവയാണ് പ്രധാനം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പടിപടിയായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിക്കുകയും ചെയ്യുന്നതുവഴി ഈ പ്രശ്നം പരിഹരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.