ആവി പിടിച്ചാൽ സൈനസൈറ്റിസ് മാറുമോ ?
എന്താണ് സൈനസൈറ്റിസ്. സൈനസുകളുടെ ശരീരധർമങ്ങൾ എന്തൊക്കെയാണ്
മൂക്കിനു ചുറ്റുമായി ഇരുവശങ്ങളിലും തലയോട്ടിയിലുമുള്ള വായു അറകളാണ് സൈനസുകൾ. ഫ്രോണ്ടൽ, എത്മോയ്ഡ്, മാക്സിലറി, സ്ഫിനോയ്ഡ് എന്നിങ്ങനെ നാലു സൈനസുകളാണ് ഉള്ളത്. എല്ലാ സൈനസുകളും മൂക്കിനുള്ളിലേക്കാണ് തുറക്കുന്നത്. ഇവ മൂക്കിന് ഇരുവശത്തും കണ്ണിനും തലച്ചോറിനും ഇടയിൽ സ്ഥിതിചെയ്യുന്നു. സൈനസ് അറകളുടെ അരികിലായി പ്രധാനപ്പെട്ട ഞരമ്പുകളും രക്തക്കുഴലുകളും സ്ഥിതിചെയ്യുന്നുണ്ട്.
മൂക്കിലൂടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്ന വായുവിെൻറ ശുദ്ധീകരണത്തിലും ബാഷ്പീകരണത്തിലും സൈനസുകൾ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ തലയോട്ടിയുടെ ഭാരം കുറക്കാനും ഒാരോ വ്യക്തിയുടെയും ശബ്ദത്തിന് മുഴക്കവും ഗാംഭീര്യവും നൽകാനും സൈനസുകൾ മുഖാന്തരം കഴിയുന്നു.
ഈ സൈനസുകളിൽ ഉണ്ടാകുന്ന അണുബാധയാണ് സൈനസൈറ്റിസ് എന്ന് അറിയപ്പെടുന്നത്.
സൈനസൈറ്റിസിെൻറ ലക്ഷണങ്ങൾ എന്തൊക്കെയാണ്
തലവേദന, പനി, മുഖവേദന, മൂക്കിൽ പഴുപ്പ് എന്നിവയാണ് സൈനസൈറ്റിസിെൻറ പ്രധാന ലക്ഷണങ്ങൾ. മൂക്കിൽ ദുർഗന്ധം, വായിൽ ദുർഗന്ധം, പല്ലുകളിൽ തരിപ്പ്, വേദന, മുഖത്ത് മരവിപ്പ്, മൂക്കിലൂടെ രക്തസ്രാവം, മൂക്കടപ്പ്, കണ്ണുവേദന എന്നീ ലക്ഷണങ്ങളും സൈനസൈറ്റിസിെൻറ ഭാഗമായി അനുഭവപ്പെടാം.
എന്തൊക്കെയാണ് സൈനസൈറ്റിസിന് കാരണമാകുന്നത്
സാധാരണയായി ബാക്ടീരിയകൊണ്ടുള്ള അണുബാധയാണ് സൈനസൈറ്റിസിലേക്ക് നയിക്കുന്നത്. വൈറസ് മൂലമുള്ള ജലദോഷത്തോടൊപ്പം ബാക്ടീരിയ കൊണ്ടുള്ള അണുബാധയും ഉണ്ടാകാം. പൂപ്പൽ അഥവ ഫംഗസ് കൊണ്ടുള്ള സൈനസൈറ്റിസ് ഇപ്പോൾ കൂടുതലായി കാണപ്പെടുന്നുണ്ട്. കേടായ പല്ലിൽ നിന്നോ മലിനജലത്തിൽ നീന്തുമ്പോഴോ സൈനസുകളിലേക്ക് അണുബാധ കയറാം. ഇതുകൂടാതെ സൈനസുകളെ ബാധിക്കുന്ന മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും സൈനസൈറ്റിസ് ഉണ്ടാകാം. മൂക്കിലെ പാലത്തിെൻറ ഗണ്യമായ വളവ്, അലർജി, മൂക്കിലെ ദശവളർച്ച, ട്യൂമർ എന്നിവയും സൈനസൈറ്റിസിന് കാരണമാകാം.
സൈനസൈറ്റിസ് എത്ര തരമുണ്ട്. അവ തമ്മിലുള്ള വ്യത്യാസം എന്താണ്
സൈനസൈറ്റിസ് പ്രധാനമായും മൂന്നു തരമുണ്ട്.
(1) എ. അക്യൂട്ട്- ചുരുങ്ങിയ ദിവസങ്ങളിൽ ഉണ്ടാകുന്ന അണുബാധയാണിത്.
ബി. ക്രോണിക് -മാസങ്ങളോ വർഷങ്ങളോ നീളുന്ന അണുബാധ.
(2) എ. പാൻസൈനസൈറ്റിസ് -എല്ലാ സൈനസുകളെയും ഒരേസമയം ബാധിക്കുന്നത്.
ബി. മൾട്ടി സൈനസൈറ്റിസ്-ഒന്നിൽ കൂടുതൽ സൈനസിനെ ബാധിക്കുന്നത്.
സി. െഎസൊലേറ്റഡ്- ഒരു സൈനസിനെ മാത്രം ബാധിക്കുന്നത്.
(3) എ. ഒാപൺ-സൈനസുകളിലെ പഴുപ്പ് ദ്വാരത്തിലൂടെ മൂക്കിനുള്ളിൽ കടക്കുന്ന തരം സൈനസൈറ്റിസ്
ബി. ക്ലോസ്ഡ് -സൈനസിെൻറ മൂക്കിലേക്കുള്ള ദ്വാരം അടയുകയും പഴുപ്പ് സൈനസിനുള്ളിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നതരം സൈനസൈറ്റിസ്
സൈനസൈറ്റിസ് ഉണ്ടാകാൻ സാധ്യത കൂടുതൽ ആർക്കൊക്കെയാണ്
പ്രതിരോധശേഷി കുറവുള്ളവർ, പ്രമേഹരോഗികൾ, അർബുദ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, എച്ച്.
െഎ.വി ബാധിതർ തുടങ്ങിയവർക്ക് സൈനസൈറ്റിസ് സാധ്യത കൂടുതലാണ്. അലർജിയുള്ളവർക്കും രോഗസാധ്യത കൂടുതലാണ്. ഏത് പ്രായക്കാരിലും സൈനസൈറ്റിസ് വരാം.
മൂക്കിൽ നിന്ന് ദുർഗന്ധം വരുന്നത് സൈനസൈറ്റിസ് ലക്ഷണമാണോ. ഈ രോഗമുള്ളപ്പോൾ ഗന്ധം തിരിച്ചറിയാനാവാത്തത് എന്തുകൊണ്ടാണ്
സൈനസൈറ്റിസ് രോഗികളിൽ ചിലർക്ക് മൂക്കിൽ പഴുപ്പ് കെട്ടിക്കിടക്കുന്നത് കാരണം ദുർഗന്ധം അനുഭവപ്പെടാം. മൂക്കിൽ ശ്വാസതടസ്സം ഉള്ളതുകൊണ്ട് ഗന്ധം തിരിച്ചറിയാൻ കഴിയാതെയും വരാം.
സൈനസൈറ്റിസ് രോഗനിർണയത്തിന് എന്തൊക്കെ പരിശോധനകളാണ് ആവശ്യമായിവരുക
എക്സ് റേ, സി.ടി സ്കാൻ, മൂക്കിൽ ചെയ്യുന്ന എൻഡോസ്കോപ്പി എന്നിവയാണ് രോഗനിർണയത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ചില സന്ദർഭങ്ങളിൽ എം.ആർ.െഎ സ്കാനിങ്ങും ആവശ്യമായിവരാം.
സൈനസൈറ്റിസിനുള്ള ആധുനിക ചികിത്സകൾ എന്തൊക്കെയാണ്
മരുന്ന് ചികിത്സയാണ് പ്രധാനം. ഏഴു മുതൽ 14 ദിവസം വരെ നീളുന്ന ആൻറിബയോട്ടിക്, വേദനസംഹാരി, അഞ്ചു മുതൽ ഏഴു ദിവസം വരെ നീളുന്ന തുള്ളിമരുന്ന് (ഡീ കൺജസ്റ്റൻറ് നേസൽ ഡ്രോപ്) എന്നിവയാണ് ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന മരുന്നുകൾ. തുള്ളിമരുന്ന ്ഒഴിച്ച് 15 മുതൽ 30 മിനിറ്റിനുശേഷം ആവിപിടിക്കുന്നതും നല്ലതാണ്. രോഗി ധാരാളം വെള്ളം കുടിക്കണം. അലർജിയുള്ളവർക്ക് ആൻറി ഹിസ്റ്റമിൻ ഗുളികയോ സ്റ്റിറോയ്ഡ് നേസൽ സ്പ്രേയോ ആവശ്യമായിവരും.
മരുന്നുകൾ ഉപയോഗിച്ചിട്ടും മാറാത്ത അവസ്ഥ, ക്രോണിക് സൈനസൈറ്റിസ്, ഫംഗസ് ബാധ മൂലമുള്ള സൈനസൈറ്റിസ്, സൈനസൈറ്റിസ് അനുബന്ധ സങ്കീർണതകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ശസ്ത്രക്രിയ അനിവാര്യമായിവരും. ഫങ്ഷനൽ എൻഡോസ്കോപ്പിക് സൈനസ് സർജറി (എഫ്.ഇ.എസ്.എസ്) എന്ന ഒാപറേഷനാണ് ഇപ്പോൾ സാധാരണയായി ചെയ്യുന്നത്. എൻഡോസ്കോപ് ഉപയോഗിച്ച് മൂക്കിനുള്ളിലൂടെ ചെയ്യുന്ന ഒാപറേഷനാണിത്. ചില അവസരങ്ങളിൽ സൈനസ് തുറന്നുള്ള ഒാപൺ ശസ്ത്രക്രിയയും ആവശ്യമായി വരാം.
ആവിപിടിച്ചാൽ സൈനസൈറ്റിസ് കുറയുമോ. ആവിപിടിക്കുന്ന ശരിയായ രീതി എങ്ങനെയാണ്
ആവിപിടിക്കൽ സൈനസൈറ്റിസ് ചികിത്സയുടെ ഒരു ഭാഗം മാത്രമാണ്. ഇത് മൂക്കിനുള്ളിലും സൈനസുകളിലുമുള്ള പഴുപ്പ് വെളിയിൽ വരുന്നതിന് സഹായിക്കും. തുള്ളിമരുന്ന് ഒഴിച്ച് 15 മുതൽ 30 മിനിറ്റുകൾക്കുശേഷം ആവിപിടിക്കുന്നതാണ് നല്ലത്. മിതമായ ചൂട് ഉപയോഗിച്ച് മാത്രമേ ആവി പിടിക്കാവൂ. വെള്ളത്തിൽ മറ്റു വസ്തുക്കളൊന്നും ചേർക്കാതെ ആവിപിടിക്കുന്നതാണ് ഉത്തമം.
സൈനസൈറ്റിസ് പ്രതിരോധിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്
മികച്ച പ്രതിരോധശക്തി ലഭിക്കാൻ നല്ല പോഷകഗുണമുള്ള ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കലും പ്രധാനമാണ്. പുകവലി, മദ്യപാനം, മൂക്കുപൊടി ഉപയോഗം എന്നിവ പൂർണമായും ഉപേക്ഷിക്കണം. കേടായ പല്ലുകൾക്ക് കൃത്യസമയത്ത് ചികിത്സ സ്വീകരിക്കണം.
അലർജിയുള്ളവരും ശരിയായ ചികിത്സ തേടണം. മൂക്കിലെ പാലം വളവ്, ദശവളർച്ച എന്നിവയുള്ളവർ അതിന് ചികിത്സ തേടേണ്ടതുണ്ട്. പ്രമേഹരോഗികൾ ശരിയായ ചികിത്സയിലൂടെ രക്തത്തിലെ പഞ്ചസാര നില ക്രമീകരിക്കാൻ ശ്രദ്ധിക്കണം. ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്നുകൊണ്ട് വ്യായാമം ചെയ്യുന്നതും നല്ലതാണ്.
ശസ്ത്രക്രിയയിലൂടെ സൈനസൈറ്റിസ് പൂർണമായി ഭേദമാക്കാൻ കഴിയുമോ
തീർച്ചയായും. അലർജി, പ്രമേഹം എന്നിവയുള്ളവർ അവ തുടർച്ചയായും ക്രമമായും ചികിത്സിക്കേണ്ടതുണ്ട്. ഒാപറേഷനുശേഷം ഡോക്ടർ നിർദേശിക്കുന്ന ചികിത്സ കൃത്യമായി സ്വീകരിക്കുകയും വേണം.
സൈനസൈറ്റിസിന് കൃത്യമായി ചികിത്സ സ്വീകരിക്കാതിരുന്നാൽ വന്നുചേരാവുന്ന സങ്കീർണതകൾ എന്തൊക്കെയാണ്
സൈനസൈറ്റിസിന് ചികിത്സ തേടാതിരുന്നാൽ വളരെയധികം പ്രത്യാഘാതങ്ങൾ അനുഭവപ്പെടാം. സൈനസുകളിൽനിന്ന് തലച്ചോറിലേക്കും കണ്ണിലേക്കും അണുബാധ വ്യാപിക്കാം. ഇത് മെനിഞ്ചൈറ്റിസ്, കണ്ണിനുള്ളിൽ പഴുപ്പ് കാരണം കാഴ്ചശക്തി നഷ്ടപ്പെടൽ എന്നിവക്ക് കാരണമാകാം. ഞരമ്പുകളുടെ ബലക്ഷയം, എല്ലിനെ ബാധിക്കുന്ന ഒാസ്റ്റിയോ മൈലൈറ്റിസ്, രക്തത്തിലെ അണുബാധ എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രതിരോധ ശക്തിക്കുറവുള്ളവരിൽ വരുന്ന, പ്രത്യേക തരം ഫംഗസ് ബാധ കൊണ്ടുള്ള സൈനസൈറ്റിസ് മരണത്തിനുവരെ കാരണമാകാം.
പതിവായി സൈനസൈറ്റിസ് വരുന്നവർ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്
വ്യക്തിശുചിത്വം പാലിക്കുകയാണ് ഏറ്റവും പ്രധാനം. പുകവലി, മദ്യപാനം, മൂക്കുപൊടി എന്നിവ പൂർണമായും ഉപേക്ഷിക്കണം. ഒപ്പം വ്യായാമം ചെയ്യുകയും വേണം. പരിസ്ഥിതി മലിനീകരണം തടയുകയും മാസ്ക് ഉപയോഗിക്കാൻ ജാഗ്രത പുലർത്തുകയും വേണം. കൂടാതെ പോഷകാഹാരം കഴിക്കാനും ശുദ്ധജലം ധാരാളം കുടിക്കാനും ശ്രദ്ധിക്കണം.
അലർജി മൂലം സൈനസൈറ്റിസ് ഉണ്ടാകുന്ന രോഗികൾക്ക് ഇമ്യൂണോതെറപ്പി ഫലപ്രദമാണോ
സൈനസൈറ്റിസിന് ഇമ്യൂണോതെറപ്പി ഫലപ്രദമല്ല. എന്നാൽ, ഈ ചികിത്സ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അലർജിക്ക് 60^70 ശതമാനം വരെ ഫലപ്രദമാണ്. ഇതുവഴി സൈനസൈറ്റിസ് വരാനുള്ള സാധ്യതയും കുറക്കാം. രണ്ടു മുതൽ മൂന്നു വർഷം വരെ നീളുന്ന ചികിത്സ രീതിയാണിത്.
എന്താണ് സൈനസോപ്ലാസ്റ്റി. ഇത് ഫലപ്രദമാണോ
എൻഡോസ്കോപ്പിെൻറ സഹായത്തോടെ പ്രത്യേകതരം ബലൂൺ ഉപയോഗിച്ച് മൂക്കിലേക്ക് തുറക്കുന്ന സൈനസുകളുടെ ദ്വാരം വികസിപ്പിക്കുന്ന ശസ്ത്രക്രിയ രീതിയാണ് സൈനസോപ്ലാസ്റ്റി. ഇത് ചെലവേറിയ ഒരു ചികിത്സരീതിയാണ്.
യോഗ, പ്രാണായാമം തുടങ്ങിയവ സൈനസൈറ്റിസ് പ്രതിരോധിക്കാൻ സഹായിക്കുമോ
യോഗ, പ്രാണായാമം തുടങ്ങിയവ സൈനസൈറ്റിസ് പ്രതിരോധിക്കാൻ സഹായകരമായേക്കാം.
എഴുതിയത് : ഡോ. സതീഷ് എസ്.
പ്രഫസർ & യൂനിറ്റ് മേധാവി ഇ.എൻ.ടി വിഭാഗം
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.