എത്ര പഠിച്ചിട്ടും കണക്ക് തലയിൽ കയറുന്നില്ലേ? കുട്ടികളെ കുറ്റപ്പെടുത്തും മുമ്പ് തലച്ചോറിൽ സംഭവിക്കുന്നത് അറിയാം

എത്ര പരിശീലനം നൽകിയാലും ചില കുട്ടികൾക്ക് കണക്ക് പഠിക്കുന്നതും ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതും വലിയ വെല്ലുവിളിയാകാറുണ്ട്. ഇത് പഠനത്തിലെ ശ്രദ്ധ കുറവ് കൊണ്ടോ പരിശീലനത്തിലെ അഭാവം കൊണ്ടോ മാത്രമല്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഗണിതപ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ തലച്ചോർ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വ്യത്യാസങ്ങളും ചില കുട്ടികളുടെ പഠനപ്രയാസങ്ങൾക്ക് കരണമാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സംഖ്യകളെയും ഗണിതക്രിയകളെയും മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും പ്രയാസമുണ്ടാക്കുന്ന 'ഡെവലപ്‌മെന്റൽ ഡിസ്കാൽകുലിയ' എന്ന പഠനവൈകല്യമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. ഡിസ്കാൽകുലിയയുള്ള കുട്ടികൾ ഒരു രീതിയിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ കൂടുതൽ സമയമെടുക്കുന്നതായും ചോദ്യങ്ങളുടെ പ്രയാസം മാറുമ്പോൾ അതിനനുസരിച്ച് സമീപനം ക്രമീകരിക്കാൻ ബുദ്ധിമുട്ടുന്നതായും കണ്ടെത്തി. കണക്കുകൂട്ടുന്നതിൽ മാത്രമല്ല, ഒരു ഗണിതപ്രശ്നം എങ്ങനെ പരിഹരിക്കണമെന്നു തീരുമാനിക്കുന്നതിലും ഇവർക്ക് പ്രയാസമുണ്ടാകാം.

ഗണിതപ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ കുട്ടികൾ സ്വീകരിക്കുന്ന രീതികളും തലച്ചോറിന്റെ പ്രവർത്തനവും ഗവേഷകർ നിരീക്ഷിച്ചു. ഒരു പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ ഓരോ സംഖ്യയും എണ്ണിത്തിട്ടപ്പെടുത്തുകയോ പരിചിതമായ ഗണിതബന്ധങ്ങൾ ഉപയോഗിച്ച് എളുപ്പവഴി കണ്ടെത്തുകയോ ചെയ്യാം. പ്രശ്നത്തിന്റെ സങ്കീർണത മാറുന്നതിനനുസരിച്ച് ഇത്തരം രീതികൾ മാറ്റാനുള്ള കഴിവും ഗണിതപഠനത്തിൽ പ്രധാനമാണ്. കുട്ടികളുടെ തലച്ചോറിലെ പ്രവർത്തനം പരിശോധിച്ചപ്പോൾ ശ്രദ്ധ, ഓർമ, ചിന്താരീതി മാറ്റാനുള്ള കഴിവ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യത്യസ്ത പ്രവർത്തനരീതികൾ കണ്ടെത്തി. വിവരങ്ങൾ ക്രമീകരിക്കാനും ശ്രദ്ധ നിലനിർത്താനും പിഴവുകൾ തിരിച്ചറിയാനും ആവശ്യമെങ്കിൽ സമീപനം മാറ്റാനും സഹായിക്കുന്ന മാനസികശേഷികളാണ് എക്സിക്യൂട്ടീവ് ഫങ്ഷനുകൾ. ഗണിതപ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ ഈ കഴിവുകൾക്കും പ്രധാന പങ്കുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, തലച്ചോറിലെ ഈ വ്യത്യാസങ്ങളാണ് ഗണിതപഠന വൈകല്യത്തിന് നേരിട്ട് കാരണമാകുന്നതെന്ന് പഠനം തെളിയിക്കുന്നില്ല. കുട്ടികളിലെ ഗണിതപ്രശ്നങ്ങൾ ഒരേ കാരണത്താൽ ഉണ്ടാകുന്നതല്ലെന്നും പലതരം വൈജ്ഞാനിക-നാഡീവ്യവസ്ഥാ ഘടകങ്ങൾ ഇതിൽ പങ്കുവഹിക്കാമെന്നും ഗവേഷകർ പറയുന്നു. കുട്ടികൾ ശരിയുത്തരം കണ്ടെത്തുന്നുണ്ടോ എന്നതുമാത്രമല്ല, പ്രശ്നം പരിഹരിക്കാൻ ഏതു രീതിയാണ് തിരഞ്ഞെടുക്കുന്നത്, പിഴവുകളിൽനിന്ന് പഠിച്ച് സമീപനം മാറ്റുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും വിലയിരുത്തേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Tags:    
News Summary - Math Learning Difficulties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.