ഏഴുവർഷത്തിനിടെ കാൻസർ ചികിത്സ തേടിയത് 1,82,303 പേർ

കൊച്ചി: സംസ്ഥാനത്ത് അർബുദ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ഏഴുവർഷത്തിനിടെ സംസ്ഥാനത്ത് ചികിത്സ തേടിയത് 1,82,303 പേർ. ദേശീയ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്‍റെ റിപ്പോർട്ടിലാണ് സംസ്ഥാനത്തെ 13 ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ. 2012 മുതൽ 2019 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ 96 ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ അർബുദ ബാധിതരുടെ കണക്കുള്ളത്.

തെക്കൻ കേരളത്തിലെ പ്രധാന അർബുദ ചികിത്സാ കേന്ദ്രമായ റീജനൽ കാൻസർ സെന്‍ററിൽ ഇക്കാലയളവിൽ ചികിത്സ തേടിയത് 98,224 പേരാണ്.ഇതിൽ 50.9 ശതമാനം പേർ (49979 പേർ) സ്ത്രീകളാണ്. 49.1 ശതമാനം പുരുഷന്മാരാണ് (48245 പേർ). 2012 മുതൽ 2018 വരെയുള്ള കാലയളവിൽ കണ്ണൂർ മലബാർ കാൻസർ സെന്‍ററിൽ ചികിത്സ തേടിയത് 23,370 പേരാണ്. 12,566 പേർ പുരുഷന്മാരും 10804 പേർ വനിതകളുമാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ (2016 -18) 440 പുരുഷന്മാരും 486 സ്ത്രീകളും ഉൾപ്പെടെ ചികിത്സ തേടിയത് 926 പേരാണ്.

കോട്ടയം കാരിത്താസ് ആശുപത്രിയിൽ (2013-15) 4648 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ പ്രധാനമായും ഗവ. ജനറൽ ആശുപത്രിയുൾപ്പെടെ നാല് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അർബുദ ചികിത്സ നടക്കുന്നത്. ജനറൽ ആശുപത്രിയിൽ (2017-18) നിന്ന് 3092 പേരാണ് ചികിത്സ തേടിയത്. 1598 പുരുഷന്മാരും 1494 സ്ത്രീകളുമാണ് ചികിത്സ തേടിയിരിക്കുന്നത്.

തൃശൂരിൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയിരിക്കുന്നത് ഗവ. മെഡിക്കൽ കോളജിലാണ്. (2014, 2017-2018) 5312 പുരുഷന്മാരും 4263 സ്ത്രീകളുമടക്കം 9575 പേരാണ് ചികിത്സ തേടിയിരിക്കുന്നത്. 1865 പേരാണ് അമല മെഡിക്കൽ കോളജിൽ (2018) ചികിത്സ തേടിയത് (882- പുരുഷൻ, 983 - സ്ത്രീ).562 പുരുഷന്മാരും 1480 സ്ത്രീകളുമടക്കം കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ (2018) 3047 പേരാണ് ചികിത്സ തേടിയിരിക്കുന്നത്.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ (2017-2019) 3046 പേരാണ് ചികിത്സ തേടിയത് (1558 -പുരുഷൻ, 1488 സ്ത്രീ). പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിൽ (2012, 2015-2019) 1839 പേരാണ് ചികിത്സ തേടിയത്. 929 പുരുഷൻന്മാരും 910 സ്ത്രീകളുമാണ് ചികിത്സ തേടിയിരിക്കുന്നത്.

എങ്ങുമെത്താതെ കാൻസർ ചികിത്സാ ഗവേഷണകേന്ദ്രം

കേരളത്തിലെ അർബുദ ബാധിതരുടെ എണ്ണത്തിൽ ആശങ്കയുണ്ടാക്കുന്ന കണക്കുകൾ പുറത്തുവന്നിട്ടും സർക്കാർ ഇടപെടലുകൾ കാര്യക്ഷമമല്ലെന്നതിന് തെളിവാണ് എറണാകുളത്തെ കാൻസർ ചികിത്സാ ഗവേഷണകേന്ദ്രം. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നടത്തിയ പോരാട്ടത്തിനൊടുവിൽ ഒമ്പതുവർഷം മുമ്പ് തുടങ്ങിയ കാൻസർ ഗവേഷണ കേന്ദ്രം എങ്ങുമെത്താതെ നിൽക്കുകയാണ്.

എറണാകുളം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി കെട്ടിട നിർമാണം ഇഴയുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി ഡയറക്ടറില്ലാത്ത ഏക കാൻസർ ഗവേഷണ കേന്ദ്രം കൂടിയാണ് ഇത്. 2021 മാർച്ചിൽ അന്നത്തെ ഡയറക്ടറായിരുന്ന ഡോ.മോനി കുര്യാക്കോസ് രാജിവെച്ചശേഷം ആ പദവിയിലേക്ക് ആരെയും നിയമിച്ചിട്ടില്ല. ഡയറക്ടറെ നിയമിക്കാൻ മലബാർ കാൻസർ സെന്‍ററിന്‍റെ വെബ്സൈറ്റിൽ ‘രഹസ്യ’മായി ഒരു പരസ്യം നൽകിയിരുന്നു.

സുതാര്യത ഇല്ലെന്ന ആരോപണം ഉയർന്നതോടെ നടപടിയിൽനിന്ന് പിന്നോട്ടുപോയി. ഇതിന് പുറമെ സ്പെഷൽ ഓഫിസർ പദവിയും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ജില്ല കലക്ടർമാരാണ് പദവി വഹിച്ചിരുന്നത്. എസ്. സുഹാസ് ജില്ല കലക്ടർ പദവിയിൽനിന്ന് മാറിയശേഷം വന്നവർ ആരും സ്പെഷൽ ഓഫിസർ പദവി ആർക്കും ചുമതല നൽകിയില്ല. 

Tags:    
News Summary - 1,82,303 people sought cancer treatment in seven years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.