വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന്  പ്രസിഡന്‍റിന്‍െറ അംഗീകാരം

അബൂദബി: വ്യാജ ഉല്‍പന്നങ്ങള്‍ക്കും മറ്റു വാണിജ്യ തട്ടിപ്പുകള്‍ക്കുമെതിരെയുള്ള പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. 1979ല്‍ പാസാക്കിയ വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിന് പകരമായി ഡിസംബര്‍ 12ന് പുറപ്പെടുവിക്കുകയും ഒൗദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത പുതിയ നിയമത്തിന്‍െറ പ്രധാന ഉദ്ദേശ്യം നിലവിലുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണ പ്രക്രിയ കൂടുതല്‍ ശക്തമാക്കുക എന്നതാണ്. 
ഉടന്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തില്‍ തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷയാണുള്ളത്. രണ്ട് വര്‍ഷം വരെ തടവോ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും കൂടിയോ ആണ് പുതിയ നിയമമനുസരിച്ചുള്ള ശിക്ഷ. യഥാര്‍ഥ ഉല്‍പാദകരുടെ അവകാശം വര്‍ധിപ്പിക്കുന്നതാണ് നിയമമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാണിജ്യ തട്ടിപ്പുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഫെഡറല്‍ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമുണ്ട്. നിയമലംഘനം കണ്ടത്തെിയാല്‍ ഫ്രീസോണിലേത് ഉള്‍പ്പടെയുള്ള ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഉല്‍പന്നങ്ങള്‍, കരാര്‍ ജോലികള്‍, സേവനങ്ങള്‍ എന്നിവയൊക്കെ നിയമത്തിന്‍െറ പരിധിയില്‍ വരും.  ഫെഡറല്‍ കമ്മിറ്റിക്ക് കീഴില്‍ ഓരോ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചും രുപവത്കരിക്കുന്ന ഉപ കമ്മിറ്റികള്‍ക്ക് സ്ഥാപനങ്ങള്‍ രണ്ടാഴ്ച പൂട്ടിയിടാനും ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനും കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്കിടിയില്‍ മധ്യസ്ഥത വഹിക്കാനും കേസ് കോടതിക്ക് വിടാനും അധികാരമുണ്ടായിരിക്കും. വ്യാജ ഉല്‍പങ്ങള്‍ നശിപ്പിക്കല്‍, അവയുടെ പുന$ചംക്രമണം, പിടിച്ചെടുത്ത വസ്തുക്കള്‍ കയറ്റുമതിക്കാര്‍ക്ക് തിരിച്ചുനല്‍കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപ കമ്മികള്‍ മേല്‍നോട്ടം വഹിക്കും. 
നിയമ പ്രകാരം ഒൗഷധങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ വ്യാജ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ ശിക്ഷയുള്ളത്. അവയല്ലാത്ത ഉല്‍പന്നങ്ങള്‍ക്ക് രണ്ടര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന കടകകള്‍ അടച്ചുപൂട്ടാനും നിയമലംഘനം ആവര്‍ത്തിക്കുന്നവരുടെ വാണിജ്യ ലൈസന്‍സ് റദ്ദാക്കാനും അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.
മനുഷ്യ ഭക്ഷണം, മറ്റു ജീവികള്‍ക്കുള്ള ഭക്ഷണം, ഒൗഷധം, ധാന്യങ്ങള്‍ പോലുള്ള പ്രകൃതി വിഭവങ്ങള്‍ എന്നിവയില്‍ ആരെങ്കിലും മറ്റൊരാളെ വഞ്ചിക്കുകയോ വഞ്ചിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. വ്യാജ ഉല്‍പന്നങ്ങള്‍ക്ക് ഏതു തരത്തിലുള്ള മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കിയാലും ശിക്ഷിക്കപ്പെടുമെന്ന് നിയമം വ്യക്തമാക്കുന്നു. 
1979ലെ വാണിജ്യ തട്ടിപ്പ് നിയമമായിരുന്നു രാജ്യത്ത് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഇതു പ്രകാരം പരമാവധി രണ്ട് വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയുമായിരുന്നു ശിക്ഷ. 

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.