യു.എ.ഇ ഉന്നത ഭരണാധികാരികളുടെ സാന്നിധ്യത്തിൽ യു.എ.ഇ മുഹമ്മദ് ബിൻ റാശിദ്
സ്പേസ് സെന്ററും യൂറോപ്യൻ എയ്റോസ്പേസ് കമ്പനിയായ തേൽസ് അലീനിയ സ്പേസും
തമ്മിൽ കരാറിൽ ഒപ്പുവെക്കുന്നു
ദുബൈ: ചാന്ദ്ര ഭ്രമണപഥത്തിലേക്ക് ഇമാറാത്തി ബഹിരാകാശ യാത്രികനെ അയക്കുന്നതിന് വഴിതുറക്കുന്ന തന്ത്രപരമായ സഹകരണ കരാറിൽ ഒപ്പുവെച്ച് യു.എ.ഇ. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും യൂറോപ്യൻ എയ്റോസ്പേസ് കമ്പനിയായ തേൽസ് അലീനിയ സ്പേസും തമ്മിലാണ് സഹകരണ കരാറിൽ ഒപ്പുവെച്ചത്.
ബഹിരാകാശ, ചാന്ദ്ര പര്യവേക്ഷണ രംഗത്തെ പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന് ആവശ്യമായ എയർലോക്ക് നിർമിക്കുന്നതിനാണ് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ഇറ്റാലിയൻ-ഫ്രഞ്ച് കമ്പനിയായ തേൽസ് അലീനിയ സ്പേസും തമ്മിൽ കരാറിലെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ രീതിയിൽ, ചന്ദ്രന്റെ ഭ്രമണപഥത്തിൽ ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നാസയുടെ പദ്ധതിയിൽ ഭാഗമാകുമെന്ന് കഴിഞ്ഞ വർഷം അധികൃതർ വെളിപ്പെടുത്തിയിരുന്നു. ലൂണാർ ഗേറ്റ്വേ സ്റ്റേഷൻ പദ്ധതി ആദ്യമായി അറബ് ബഹിരാകാശ യാത്രികനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയക്കാൻ വഴിതുറക്കുന്നതാണ്.
ആദ്യമായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ബഹിരാകാശ നിലയം സ്ഥാപിക്കപ്പെടുന്നത്. 2030ഓടെ പൂർത്തിയാക്കുന്ന പദ്ധതി ഈ വർഷം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനെ ചുറ്റുന്ന മനുഷ്യരാശിയുടെ ആദ്യത്തെ ബഹിരാകാശ നിലയമായ ഗേറ്റ്വേക്ക് ക്രൂവിനെയും സയൻസ് എയർലോക്കും നൽകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്.
മനുഷ്യനെ ചന്ദ്രനിലയക്കുന്ന നാസയുടെ ആർടെമിസ് പദ്ധതിയിൽ യു.എ.ഇ കൈകോർക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.
ആർടെമിസ് പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്റ്റേഷൻ നിർമിക്കാൻ ‘നാസ’ തീരുമാനിച്ചത്. സ്റ്റേഷനുവേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിന് യു.എ.ഇ മുമ്പുതന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
‘നാസ’യുമായി കരാറായതോടെ രാജ്യത്തെ ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രനിലേക്ക് പോകുന്നതിന് വഴിതുറന്നുകഴിഞ്ഞു. ഇതിന്റെ ഭാഗമാകാൻ യു.എ.ഇക്ക് സാധിച്ചാൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ദൗത്യത്തിലും പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദുബൈ: യു.എ.ഇയുടെ ബഹിരാകാശ പര്യവേക്ഷണ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് പങ്കാളിത്തമെന്ന് കരാർ പ്രഖ്യാപിച്ച ശൈഖ് ഹംദാൻ പറഞ്ഞു.
പദ്ധതി ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടുമെന്നും ആദ്യത്തെ ഇമാറാത്തി അറബ് ബഹിരാകാശ യാത്രികന് ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രനിൽ മനുഷ്യരാശിയുടെ സ്ഥിരസാന്നിധ്യം സ്ഥാപിക്കുന്നതിനും ഭാവിയിലെ ഗ്രഹ ദൗത്യങ്ങൾ സാധ്യമാക്കുന്നതിനുമുള്ള പദ്ധതിയിൽ യു.എ.ഇയുടെ പങ്കാളിത്തത്തിന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം നേതൃത്വം നൽകും.
പര്യവേക്ഷണത്തിന്റെ ചക്രവാളങ്ങൾ വിശാലമാക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളായ യു.എസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവരുമായി പങ്കുചേരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.