വ്യാപാരിയെയും എക്സ്ചേഞ്ച് ജീവനക്കാരെയും കെട്ടിയിട്ട് 36 ലക്ഷം കവര്‍ന്ന പത്തംഗ സംഘം പിടിയില്‍

ദുബൈ: മണി എക്സ്ചേഞ്ച് ജീവനക്കാരെയും ബിസിനസുകാരനെയും കെട്ടിയിട്ട് 36 ലക്ഷം ദിര്‍ഹം തട്ടിയ പത്തംഗ സംഘം ദുബൈ പൊലീസ് പിടിയില്‍. കാമറൂണ്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഈ മാസം 15നായിരുന്നു നഗരത്തെ ഞെട്ടിച്ച കവര്‍ച്ചാ സംഭവം.നഗരത്തിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്ന അറബ് വ്യവസായിയുമായി വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പത്തംഗ സംഘം അടുപ്പം സ്ഥാപിച്ചത്. 
ഇവര്‍ മുന്നോട്ടുവെച്ച പദ്ധതിക്ക് പണം മുടക്കാന്‍ തയ്യാറായ വ്യവസായി മണി എക്സ്ചേഞ്ചില്‍ വിളിച്ച് 36 ലക്ഷം ദിര്‍ഹം എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്ഥിരം ഉപഭോക്താവായ വ്യവസായിയുടെ ആവശ്യം പരിഗണിച്ച് എക്സ്ചേഞ്ചുകാര്‍ ഉടനെ മൂന്ന് ഏഷ്യന്‍ ജീവനക്കാരെ ഈ പണവും നല്‍കി ഹോട്ടലിലേക്കയച്ചു. ഇവര്‍ മുറിയില്‍ പ്രവേശിച്ചയുടനെ സംഘം തനിനിറം പുറത്തു കാട്ടാന്‍ തുടങ്ങി. വ്യവസായിയെയും എക്സ്ചേഞ്ച് ജീവനക്കാരെയൂം കെട്ടിയിട്ട് വായ് മൂടി പണവുമെടുത്ത് കടന്നു. മുറിയില്‍ സേവനത്തിനത്തെിയ ശുചീകരണ തൊഴിലാളിയാണ് നാലുപേരെ കെട്ടിയിട്ടിരിക്കുന്നതു കണ്ട് പൊലീസില്‍ വിവരം നല്‍കിയതെന്ന് ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം അസി.മേജര്‍ ജനറല്‍ കാഹില്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.
വിവരമറിഞ്ഞയുടന്‍ പ്രതികള്‍ക്കായി വ്യാപകമായി തെരച്ചിലാരംഭിച്ച പൊലീസ് അയല്‍ എമിറേറ്റില്‍ നിന്ന് ആറ് പ്രതികളെ പിടികൂടി.മറ്റൊരാളെ രാജ്യത്തു നിന്ന് കടക്കാനുള്ള നീക്കത്തിനിടയിലും മറ്റു മൂന്നുപേരെ ഒമാന്‍ പൊലീസിന്‍െറ സഹായത്തോടെയും പിടികൂടി. ഇവരില്‍ നിന്ന് കവര്‍ച്ചാ തുക പൂര്‍ണമായും കണ്ടെടുത്തു. 
ദുബൈ പൊലീസിന്‍െറ സി.ഐ.ഡി വിഭാഗം 48 മണിക്കൂറിനകം കുറ്റവാളികളെ അമര്‍ച്ച ചെയ്തതായി പൊലീസ് ആന്‍ഡ് ജനറല്‍ സെക്യുരിറ്റി ഡെപ്യുട്ടി ചെയര്‍മാന്‍ ലഫ്.ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. മതിയായ സുരക്ഷാ ക്രമീകരണങ്ങളേര്‍പ്പെടുത്താതെ പണം കൈമാറ്റം ചെയ്യാനൊരുങ്ങിയതാണ് പ്രശ്നത്തിനിടയാക്കിയതെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പോസിക്യൂഷന് കൈമാറി.

യുവാവിനെ ആക്രമിച്ച് പണം തട്ടിയ വൃദ്ധര്‍ പിടിയില്‍
റാസല്‍ ഖൈമ : കാറില്‍ 'ലിഫ്റ്റ്' വാഗ്ദാനം ചെയ്ത് ഏഷ്യന്‍ വംശജയായ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത രണ്ടു വൃദ്ധരെ പോലീസ് അറസ്റ്റ് ചെയ്തു.
പട്ടണത്തിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാമെന്ന വാഗ്ദാനം നല്‍കി വൃദ്ധര്‍ വാഹനത്തില്‍ കയറ്റുകയായിരുന്നു. കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം യുവാവിനെ വാഹനത്തില്‍ നിന്ന് ഇറക്കി ബന്ധനസ്ഥനാക്കി. 4,000 ദിര്‍ഹം തട്ടിയെടുത്ത ശേഷം ഇയാളെ മരുഭൂമിയില്‍ ഉപേക്ഷിച്ചു ഇരുവരും കടന്നു കളഞ്ഞു.
അവശനായ യുവാവ് പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. 
അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്‍െറ നമ്പര്‍ ഇയാള്‍ കുറിച്ച് വെച്ചത് പ്രതികളെ പിടിക്കാന്‍ പൊലീസിന് സഹായകമായി. പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവാവ് പ്രതികളെ തിരിച്ചറിഞ്ഞു.ചോദ്യം ചെയ്യലിന് ശേഷം പ്രോസിക്യൂഷന് തട്ടിക്കൊണ്ടുപോകല്‍, വ്യക്തി സ്വാതന്ത്ര്യം ഹനിക്കല്‍, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് റാസല്‍ഖൈമ കോടതിക്ക് കൈമാറി. കേസില്‍ ഈ മാസം 27  ന് കോടതി വിധി പറയും.


 

Tags:    
News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.