മുഴങ്ങി ആകാശത്തും  യു.എ.ഇയുടെ  ശബ്ദം

ദുബൈ: ‘ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും നാഗരികതകളുടെയും നവോത്ഥാനം ആരംഭിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്, രാഷ്ട്രങ്ങളുടെ ഭാവിക്ക് തുടക്കം കുറിക്കമാവുക സ്കൂളുകളില്‍ നിന്നും’- രാജ്യത്തിന്‍െറ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വാക്കുകള്‍ ആകാശവീചികളിലൂടെ പാറിയപ്പോള്‍ യു.എ.ഇയുടെ അഭിമാനവും വാനോളമുയര്‍ന്നു. 
കഴിഞ്ഞയാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിച്ച യു.എ.ഇയുടെ ചെറു ഉപഗ്രഹമായ നായിഫ് 1 മുഖേനയായിരുന്നു അറബിയിലുള്ള ഈ സന്ദേശം പ്രസരണം ചെയ്യപ്പെട്ടത്. ജപ്പാനിലും ചിലിയിലുമുള്ള അമേച്ച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്കും സ്പെയിനിലും സ്വീഡനിലും അമേരിക്കയിലും ഹെയ്തിയിലുമുള്ള ഹാം റേഡിയോ ഉപയോക്താക്കള്‍ക്കും കടല്‍ സഞ്ചാരികള്‍ക്കുമെല്ലാം ഈ  സന്ദേശം വ്യക്തമായി  ലഭിച്ചതായി വിവരമത്തെിയതോടെ ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാല വളപ്പിലെ ഗ്രൗണ്ട് സ്റ്റേഷനില്‍ ആഹ്ളാദാരവങ്ങള്‍. ഈ ശബ്ദസംപ്രേക്ഷണം ഏറെ അഭിമാനകരമായ നേട്ടമാണെന്ന് നായിഫ് 1 വികസിപ്പിച്ചെടുത്ത മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്‍ററിലെ ഡെ. പ്രൊജക്ട് മാനേജര്‍ ഫാത്തിമാ ലൂത്ത പറഞ്ഞു. 
അറബിയില്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് നായിഫ് 1ന്‍െറ മുഖ്യ സവിശേഷതകളിലൊന്ന്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് അമേച്വര്‍ റേഡിയോ പ്രയോക്താക്കളുണ്ട്. അവരയക്കുന്ന വിവിധ സന്ദേശങ്ങളും അറിവുകളും അറബ് റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ സ്വീകരിക്കാനാവുന്നത് ഏറെ പ്രയോജനകരവും പ്രചോദനകരവുമാണ്. വരും തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍വകലാശാല വളപ്പില്‍ തന്നെ ഗ്രൗണ്ട് സ്റ്റേഷന്‍ ഒരുക്കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹത്തിന്‍െറ രൂപകല്‍പനക്കും വികസനത്തിനും പരീക്ഷണത്തിനുമായി സര്‍വകലാശാലയിലെ ഏഴ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ സേവനമാണ് ഉപയോഗപ്പെടുത്തിയത്. 600 കിലോമീറ്റര്‍ ഉയരത്തിലും സെക്കന്‍റില്‍ 7.55 വേഗത്തിലും സഞ്ചരിക്കുന്ന ഉപഗ്രഹം രാവിലെയും വൈകീട്ടും രണ്ടു വട്ടം വീതം ഗ്രൗണ്ട് സ്റ്റേഷനു മുകളിലൂടെ കടന്നുപോകും.


 

Tags:    
News Summary - sound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.