സ്മാർട് പൊലീസ് സ്റ്റേഷൻ
ദുബൈ: മനുഷ്യസാന്നിധ്യമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്ന ദുബൈ പൊലീസിന്റെ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ വഴി ഈ വർഷം ആദ്യ ആറുമാസത്തിൽ റെക്കോഡ് ഇടപാടുകൾ. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 22 സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ വഴി ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 65,942 ഇടപാടുകളാണ് നടന്നത്.
പൂർണമായും മെഷീൻ നിയന്ത്രിതമായ സംവിധാനം വഴി നടന്ന നടപടികളിൽ 4,967 കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും 16,205മറ്റു റിപ്പോർട്ടുകളും ഉൾപ്പെടും. ഏഴു ഭാഷകളിലാണ് ഇവിടങ്ങളിൽ സേവനങ്ങൾ നൽകി വരുന്നത്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് ഭാഷകളിലെ സേവനം താമസക്കാരും സഞ്ചാരികളുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
നഗരത്തിന്റെ സാമൂഹിക ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ മാറിക്കഴിഞ്ഞുവെന്ന് ദുബൈ പൊലീസ് ലോജിസ്റ്റിക്സ് സപ്പോർട്ട് ഡയറക്ടർ ജനറൽ മേജർ ജന. അലി അഹ്മ്മദ് ഗാനിം പറഞ്ഞു. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഏറ്റവും നൂതനവും സൗകര്യപ്രദവുമായ സേവനമെന്ന നിലയിലാണ് ഇത് ഉപയോഗപ്പെടുത്തുന്നത്.
ഏറ്റവും മികച്ച ഗുണനിലവാരത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള ദുബൈ പൊലീസിന്റെ ശ്രമങ്ങളുടെ വിജയമാണ് പദ്ധതിക്ക് ലഭിക്കുന്ന വർധിച്ച പ്രതികരണം -അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ അംഗങ്ങളുടെ ജീവിത നിലവാരം മികച്ചതാക്കാൻ പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിൽ ആദ്യമായി സ്മാർട്ട് പൊലീസ് സ്റ്റേഷൻ സംവിധാനം ആരംഭിച്ചത് ദുബൈയിലാണ്. ക്രിമിനൽ റിപ്പോർട്ടുകളുടെ രജിസ്ട്രേഷൻ, കളഞ്ഞുകിട്ടിയ വസ്തുക്കൾ ഏൽപിക്കാനുള്ള സൗകര്യം, സർട്ടിഫിക്കറ്റുകളും അനുമതികളും അപേക്ഷിക്കാനുള്ള സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ദുബൈ പൊലീസ് സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭിക്കാൻ സംവിധാനം ഉപകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.