കമോൺ കേരള ​നാലാം എഡിഷൻ: മുഖ്യ രക്ഷാധികാരി ശൈഖ്​ സുൽത്താൻ

ഷാർജ: മിഡ്​ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ 'ഗൾഫ്​ മാധ്യമം' ​കമോൺ കേരളയുടെ നാലാം എഡിഷനിൽ മുഖ്യരക്ഷാധികാരിയായി യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഭരണ ചക്രത്തിൽ 50 വർഷം പിന്നിടുന്ന ഷാർജ സുൽത്താന്‍റെ രക്ഷാകർതൃത്വം ഇന്ത്യൻ പ്രവാസി സമൂഹത്തിനുള്ള ആദരം കൂടിയാകും. കഴിഞ്ഞ മൂന്ന്​ എഡിഷനുകളും ശൈഖ്​ സുൽത്താന്‍റെ രക്ഷാകർതൃത്വത്തിൽ അരങ്ങേറിയ കമോൺ കേരളയുടെ നാലാം എഡിഷൻ ജൂ​ൺ 24,25,26 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിലാണ്​ നടക്കുന്നത്​. ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിന്‍റെ സഹകരണത്തോടെയാണ്​ മേള​.

പ്രവാസ മലയാളത്തെ എന്നും ചേർത്തുപിടിച്ച ചരിത്രമാണ്​ ശൈഖ്​ സുൽത്താന്‍റേത്​. അദ്ദേഹത്തിന്‍റെ കേരള സന്ദർശനത്തിന്​ ശേഷം ഇന്ത്യ-യു.എ.ഇ വ്യാപാര, സാംസ്കാരിക ബന്ധത്തിലുണ്ടായ മാറ്റങ്ങളും വളർച്ചയും ചരിത്രമാണ്​. ശൈഖ്​ സുൽത്താന്‍റെ ഭരണത്തിന്‍റെ സുവർണ ജൂബിലി പിന്നിടുന്ന വർഷത്തിൽ വിരുന്നെത്തുന്ന 'കമോൺ കേരള' മഹാമാരി എത്തിയ ശേഷം ഷാർജ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായിരിക്കും​.

യു.എ.ഇയുടെ വളർച്ചയിൽ വ്യക്​തിമുദ്ര പതിപ്പിച്ച, പ്രവാസ ലോകത്തെ ഹൃദയത്തോടുചേർത്തുവെച്ച 50 ഇമാറാത്തി പൗരൻമാർക്ക്​ ആദരമർപ്പിക്കുന്ന 'ശുഖ്​റൻ ഇമാറാത്താണ്​' നാലാം എഡിഷനിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി. സുവർണ ജൂബിലി പിന്നിടുന്ന യു.എ.ഇക്ക്​ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ അഭിവാദനമായിരിക്കും 'ശുഖ്​റൻ ഇമാറാത്ത്​'.

പ്രവാസി സംരംഭകർ വിജയമന്ത്രങ്ങൾ പങ്കുവെക്കുന്ന 'ബോസസ്​ ഡേ ഔട്ട്', വ്യവസായ രംഗത്തെ പുത്തൻ ആശയങ്ങൾ ഉടലെടുക്കുന്ന ബിസിനസ്​ കോൺക്ലേവ്​​ എന്നിവ ഈ സീസണ്​ മിഴിവേകും. മിഡ്​ൽ ഈസ്​റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ട്​ നടക്കുന്ന മേളയിൽ വ്യവസായ പ്രമുഖരും നയതന്ത്ര പ്രതിനിധികളും ധനകാര്യ വിദഗ്​ധരും പ​ങ്കെടുക്കും.

ഇന്ത്യ-യു.എ.ഇ വാണിജ്യ ഇടപാട്​ 100 ബില്യൺ ഡോളറിലെത്തിക്കാൻ ലക്ഷ്യമിട്ട്​ കരാർ ഒപ്പുവെക്കുകയും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തിരുവ കുറക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മിഡ്​ൽ ഈസ്റ്റിലെ വ്യവസായ മേഖലക്ക്​ പുതിയ ദി​ശാബോധം നൽകുന്നതായിരുക്കും കമോൺ കേരള. അതിജീവന പാതയിൽ ബഹുദൂരം മുന്നേറിയ യു.എ.ഇയുടെ നിക്ഷേപക മേഖലയിലെ അവസരങ്ങളും സാധ്യതകളും തുറന്നുകാണിക്കുന്ന ബിസിനസ്​ സെഷനുകൾക്ക്​ വേദിയൊരുക്കും. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം കമൽഹാസൻ, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തുടങ്ങിയവർ മുഖ്യാതിഥികളാവും.

News Summary - Sheikh Sultan will be the Chief Patron of come on kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.