വീണുകിട്ടിയ തുക പൊലീസിൽ ഏൽപിച്ച കുട്ടിയെ ആദരിക്കുന്നു
ദുബൈ: തിയറ്ററിൽനിന്ന് കളഞ്ഞുകിട്ടിയ 17,000 ദിർഹം പൊലീസിൽ ഏൽപിച്ച് മാതൃകയായ കുട്ടിക്ക് ആദരവ് നൽകി ദുബൈ പൊലീസ്. എട്ടു വയസ്സുകാരിയായ ഈജിപ്ത്യൻ പെൺകുട്ടി ലില്ലി ജമാൽ റമദാനാണ് ആദരവേറ്റുവാങ്ങിയത്.
ഷോപ്പിങ് മാളിലെ സിനിമ തിയറ്ററിൽവെച്ചാണ് കുട്ടി കുടുംബത്തോടൊപ്പം എത്തിയപ്പോൾ പണം ലഭിച്ചത്. ടിക്കറ്റെടുത്ത് സിനിമക്കായി കാത്തിരിക്കുമ്പോഴാണ് സീറ്റിൽ ഉപേക്ഷിച്ച നിലയിൽ പണം കണ്ടെത്തിയത്. ഉടൻ കുട്ടി ഇത് പിതാവിന് കൈമാറുകയായിരുന്നു.
വൈകാതെ റാശിദിയ പൊലീസ് സ്റ്റേഷനിലെത്തി ഇവർ പണം പൊലീസിന് കൈമാറി. ഈ സമയത്ത് പണം നഷ്ടപ്പെട്ടയാൾ പരാതി പറയാനായി സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് ഇയാൾക്ക് പണം കൈമാറി.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി കുട്ടിയെ ആദരിച്ചു.
കുട്ടിയെ അഭിനന്ദിച്ച അദ്ദേഹം, കുഞ്ഞുങ്ങളിൽ സത്യസന്ധതയുടെ പാഠങ്ങൾ പകരേണ്ടത് അനിവാര്യമാണെന്നും ഇത് സമൂഹത്തിനാകെ ഗുണം ലഭിക്കുന്നതാണെന്നും പ്രസ്താവിച്ചു. സമൂഹത്തിലെ മികച്ച മാതൃകകളെ ആദരിക്കുന്ന ദുബൈ പൊലീസിന്റെ പദ്ധതിയുടെ ഭാഗമായാണ് കുടുംബാംഗങ്ങൾക്ക് മുമ്പിൽ കുട്ടിക്ക് ആദരവ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.