ദുബൈ: രാജ്യത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിച്ചു വന്ന 1907 തടവുകാർക്ക് ബലി പെരുന്നാൾ പ്രമാണിച്ച് മോചനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന 803 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 543 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. മാപ്പു നൽകാനുള്ള ശൈഖ് മുഹമ്മദിെൻറ തീരുമാനം തടവുകാർക്ക് പുതു ജീവിതം ആരംഭിക്കാനും കുടുംബങ്ങൾക്ക് സന്തോഷം പകരാനും ഉപകരിക്കുമെന്ന് ദുബൈ അറ്റോണി ജനറൽ ഇസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. സമൂഹത്തിൽ ഗുണകരമായി ഇടപഴകാനും അവർക്ക് കഴിയും.
ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നിയമനടപടികൾ പബ്ലിക് പ്രോസിക്യുഷൻ ആരംഭിച്ചതായും അൽ ഹുമദാൻ അറിയിച്ചു.
അജ്മാനിൽ 92 തടവുകാർക്ക് മോചനം നൽകാനാണ് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടത്. ശിക്ഷാ കാലയളവില്‍ കാഴ്ച്ചവെച്ച നല്ല പെരുമാറ്റം കണക്കിലെടുത്താണ് ഇളവ് നല്‍കുന്നത്. അവര്‍ക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനും സമൂഹത്തില്‍ നല്ല ഇടപെടലുകള്‍ക്കും ഇത് അവസരം നല്‍കും. തീരുമാനം സമൂഹത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു. തടവുകാർക്ക് മാപ്പു നൽകാനുള്ള ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ തീരുമാനത്തിനു അജ്മാൻ പൊലീസിലെ കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയര്‍ ജനറൽ അഹമദ് അബ്ദുല്ല അല്‍ ഹമ്രാനി നന്ദി പറഞ്ഞു.
ഷാർജയിൽ ബലിപെരുന്നാള്‍ പ്രമാണിച്ച് 117 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉത്തരവിട്ടു. ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെടാത്ത വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം ലഭിക്കുക. ജയില്‍വാസ കാലത്തെ പെരുമാറ്റവും മറ്റും പരിഗണിച്ചാണ് വിട്ടയക്കുന്നവരുടെ പട്ടിക തയ്യാറാക്കിയതെന്ന് ഷാർജ പൊലീസ് അധികൃതർ പറഞ്ഞു. ശിഷ്ടകാലം കുടുംബത്തോടൊപ്പം നല്ല നിലയില്‍ ജീവിക്കാന്‍ ഭരണാധികാരി ആശംസിച്ചു.
സുപ്രിം കൗൺസിൽ അംഗവും ഫുൈജറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി 47 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവിട്ടു.
മോചനം ലഭിക്കുന്നവർക്ക് മികച്ച പുതുജീവിതം സാധ്യമാക്കുമെന്ന് ഫുജൈറ പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഘാനം പറഞ്ഞു.
റാസൽ ഖൈമ ഭരണാധികാരിയും സുപ്രിം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി 305 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചു. തടവുകാലത്ത് നല്ല ജീവിതശീലങ്ങൾ പുലർത്തിയവർക്കാണ് മോചനം.
സുപ്രിം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ലയും എമിറേറ്റിലെ ജയിലുകളിൽ നിന്ന് തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഉമ്മുൽഖുവൈനിൽ നിന്ന് മോചനം ലഭിക്കുന്നവരുടെ എണ്ണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.