ദുബൈ: സ്ത്രീധന വിപത്തിനെതിരായ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച സ്ത്രീധന രഹിത സമൂഹം (എസ്.ആർ.എസ്) സംഘടനയുടെ നേതൃത്വത്തിൽ 1001 നിർധന പെൺകുട്ടികൾക്ക് വിവാഹം ഒരുക്കുന്ന മംഗല്യ സാഫല്യം പദ്ധതി പ്രഖ്യാപിച്ചു. ഒാരോ പെൺകുട്ടിക്കും വിവാഹ വസ്ത്രവും 60000 രൂപയുടെ വിവാഹ സമ്മാനവുമാണ് നൽകുക. സ്ത്രീധന രഹിത വിവാഹത്തിൽ താൽപര്യമുള്ള യുവാക്കളെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി പ്രഖ്യാപന ചടങ്ങിൽ ഭാരവാഹികൾ പറഞ്ഞു. സ്ത്രീധനപീഡന കേസുകളിൽ കൗൺസലിംഗും കാമ്പസുകളിൽ ബോധവത്കരണവും നൽകി വരുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ജി.സി.സി രാജ്യങ്ങളിലും കമ്മിറ്റികളും രൂപവത്കരിച്ചു. മംഗല്യ സാഫല്യം2017 ഒൗദ്യോഗിക പ്രഖ്യാപനം പി.സി. ജോർജ് എം.എൽ.എ നിർവഹിച്ചു. വിവാഹമൊരുക്കാനായി സംഘടന ശേഖരിച്ച 100 പേരുടെ പട്ടിക ഉപദേശക സമിതി ചെയർമാൻ തമീം അബൂബക്കർ പി.സി. ജോർജിൽ നിന്ന് ഏറ്റുവാങ്ങി. സ്വാർഥതയില്ലാത്ത സമൂഹം സാധ്യമാക്കാൻ ആഗ്രഹിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് 10001 വിവാഹങ്ങൾക്കാവശ്യമായ ആറു കോടി രൂപ സ്വരൂപിക്കുക. സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന് പ്രമുഖ വ്യക്തികൾ ഉൾക്കൊള്ളുന്ന സമിതി രൂപവത്കരിച്ച് അവരുടെ മേൽനോട്ടത്തിലാണ് ബാങ്ക് അക്കൗണ്ട് ഇടപാടുകൾ നടത്തുകയെന്നും ഭാരവാഹികൾ പറഞ്ഞു.പദ്ധതിക്കുള്ള ആദ്യ പിന്തുണയായി 10 വിവാഹങ്ങൾക്കാവശ്യമായ ചെലവ് ഏറ്റെടുക്കുമെന്ന് തമീം അബൂബക്കർ അറിയിച്ചു.
തിരക്കഥാകൃത്ത് ജോഷി മംഗലത്ത് സംസാരിച്ചു. സുധീർ അബ്ദുൽ ഖാദർ,ഫൈസൽ ബാബു കുറ്റിപ്പുറം,അർഷാദ് അബ്ദുൽ റഷീദ്, കുഞ്ഞുമോൻ ഷാർജ,ഗഫൂർ പാലക്കാട്,ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.