ഓണത്തോടനുബന്ധിച്ച് ഷാർജ അൽ നഹ്ദയിലെ സഫീർ മാർക്കറ്റിൽ ഒരുക്കിയ ഓണവിപണി

ആഘോഷമിങ്ങെത്തി; വിപണിയിൽ ഓണത്തിരയിളക്കം

ദുബൈ: കേരളക്കരയുടെ ഏറ്റവും വലിയ ആഘോഷമായ ഓണത്തിനെ വരവേൽക്കാൻ പ്രവാസലോകത്തെ വിപണിയും ഒരുങ്ങിക്കഴിഞ്ഞു. സദ്യവട്ടങ്ങൾക്കുള്ള വാഴയില മുതൽ പൂക്കളമൊരുക്കാൻ 'പൂന്തോട്ടം' വരെ യു.എ.ഇ വിപണിയിലെത്തി. ചെറിയ ഗ്രോസറികൾ മുതൽ വമ്പൻ സൂപ്പർമാർക്കറ്റുകൾ വരെ ഓണച്ചന്തയുമായി രംഗത്തുണ്ട്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പഴയ ഓണക്കാലത്തേക്ക് തിരിച്ചുപോകുന്ന ആഘോഷമാണ് യു.എ.ഇയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളേക്കാൾ സജീവമാണ് ഇത്തവണത്തെ ഓണവിപണി. ഇത് മുൻകൂട്ടികണ്ട് ഓണത്തിന് ദിവസങ്ങൾ മുൻപ്തന്നെ മാളുകളും സൂപ്പർമാർക്കറ്റുകളും ഒരുങ്ങിയിരുന്നു. ചില സൂപർ മാർക്കറ്റുകൾ ഉപഭോക്താക്കളിലേക്ക് സദ്യയുടെ പാക്കേജ് എത്തിക്കുമ്പോൾ മറ്റ് ചിലർ സദ്യവട്ടങ്ങൾക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും മിതമായ വിലയിൽ എത്തിക്കുന്നു.

ഓണക്കോടിയും പരമ്പരാഗത ഓണ ഉൽപന്നങ്ങളുമെല്ലാം വിപണിയിലെത്തിയിട്ടുണ്ട്. പിച്ചള വിളക്ക്, അലുമിനിയം ഉരുളി, കളിമൺ പാത്രങ്ങൾ, മുറങ്ങൾ, വട്ടികൾ, തളികൾ തുടങ്ങിയവയുമുണ്ട്. വസ്ത്രങ്ങൾക്ക് വൻ വലിക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകൾക്ക് പുറമെ സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും നൽകുന്നു. പച്ചക്കറിയാണ് ഏറ്റവും സജീവം. കേരളത്തിൽ നിന്നെത്തിച്ച പച്ചക്കറികൾക്കാണ് ഡിമാൻഡ്. യു.എ.ഇയിൽ പ്രാദേശികമായി ഉദ്പാദിപ്പിച്ചവയും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയുമെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഓണപ്പൂക്കളാണ് മറ്റൊരു ആകർഷണം. അത്തപ്പൂക്കള മത്സരങ്ങൾക്ക് പുറമെ താമസ സ്ഥലങ്ങളുടെ വരാന്തയിലും വീടകങ്ങൾക്കുള്ളിലുമെല്ലാം പൂക്കളങ്ങൾ നിറയും. തമിഴ്നാട്ടിൽ നിന്നാണ് പൂക്കൾ കൂടുതലും എത്തിയിരിക്കുന്നത്.

ഓണക്കാലത്ത് ഗൃഹോപകരണ വിപണിയും സജീവമായിട്ടുണ്ട്. നാട്ടിലേതിന് സമാനമായി ഗൃഹോപകരണങ്ങൾക്ക് വൻ വിലക്കിഴിവാണ്. വാഷിങ് മെഷീൻ, മിക്സി, ഓവൻ പോലുള്ളവക്കാണ് കൂടുതൽ ആവശ്യക്കാർ. പ്രവാസികൾ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ സമയമായതിനാൽ ഗൃഹോപകരണങ്ങൾ വൻ തോതിൽ വിറ്റ് പോകുന്നുണ്ടെന്ന് സൂപ്പർ മാർക്കറ്റ് അധികൃതർ പറയുന്നു. പ്രവാസലോകത്തിന്‍റെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഗൾഫ് മലയാളികളുടെ മുഖപത്രമായ 'ഗൾഫ് മാധ്യമ'വും സഫീർ മാളും ചേർന്ന് സെപ്റ്റംബർ 17, 18 തീയതികളിൽ ഷാർജ നഹ്ദ സഫീർ മാളിൽ ഒരുക്കുന്ന 'ഒണോത്സവ'മാണ് ഇത്തവണത്തെ ആഘോഷങ്ങളിലെ മുഖ്യാകർഷണം. വടംവലി, പൂക്കളം, പായസ മത്സരം, ചിത്രരചന, കുടുംബ പാചകം, കപ്പിൾ കോണ്ടസ്റ്റ് ഉൾപെടെ നിരവധി പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കുന്നത്.

Tags:    
News Summary - Onam market is active in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.