ഈഫൽ ടവർ പോലെ ഫുജൈറയുടെ അടയാളമായി 'ഈഗിൾ ടവർ' ഉയരുകയാണ്. ഫുജൈറ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിലവിലുള്ള കൺട്രോൾ ടവറിന് പകരമായി നിര്‍മിക്കുന്ന എയർ ട്രാഫിക് കൺട്രോൾ ടവറാണ് അതിമനോഹരമായ ഒരു ഐക്കണിക് കെട്ടിടമായി മാറുക. ചിറകുകൾ മടക്കി ഇര പിടിക്കുന്ന ഒരു പരുന്തിന്റെ ആകൃതിയോട് സാമ്യമുള്ള രീതിയില്‍ ആണ് ഈ ടവറിന്റെ രൂപകൽപന. ഇതിന്റെ നിര്‍മാണം 70% പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം ആഗസ്റ്റോടെ നിർമ്മാണം പൂര്‍ത്തിയാകും. 6750 ചതുരശ്ര വിസ്തീർണ്ണമുള്ള രണ്ട് നിലകളിലുള്ള ഭരണ സമുച്ചയത്തോടെ 57 മീറ്റർ ഉയരത്തിലാണ് എയർ കൺട്രോൾ ടവർ നിര്‍മ്മിക്കുന്നത്.
വ്യോമയാന സുരക്ഷ ഉറപ്പാക്കുകയും വിമാന സഞ്ചാരത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതിക ഉപകരണങ്ങളും കൺട്രോൾ ടവറില്‍ സജ്ജീകരിക്കും.
ഫുജൈറ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുഗമമായ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി വലിയ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ചരക്ക്, യാത്രാ ഗതാഗതം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് വേണ്ടി മുന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആല് നഹ്യാന് 660 ദശലക്ഷം ദിർഹം അനുവദിച്ചിരുന്നു. വിനോദസഞ്ചാരത്തിനും ബിസിനസിനും വന്‍ സാധ്യതയുള്ള എമിറേറ്റ്സ് എന്ന നിലയില്‍ വിമാനത്താവളത്തിന്റെ വികസനത്തോടെ വന്‍ സാധ്യതകള്‍ തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.