ലോകത്തെ ഏറ്റവും വലിയ ഇ–ഗ്രന്ഥശാല അടുത്ത വര്‍ഷം

ദുബൈ: ഒന്നര ദശലക്ഷം പുസ്തകങ്ങളും ഒരു ദശലക്ഷം ഓഡിയോ പുസ്തകങ്ങളും 2 ദശലക്ഷം ഇ പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ഇ-ഗ്രന്ഥശാലയുടെ സ്ഥാപനം സംബന്ധിച്ച് ദുബൈ ഭരണാധികാരിയുടെ പ്രഖ്യാപനം. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി അടുത്ത വര്‍ഷം അവസാനത്തോടെ വായനാ ലോകത്തിനു തുറന്നു നല്‍കും. 
ലൈബ്രററി സാംസ്കാരത്തിന്‍െറയും അറിവിന്‍െറയും മികച്ച വിനിമയ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന്  യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കി.  ദുബൈ ക്രീക്കിന് അഭിമുഖമായി അല്‍ ജദ്ദാഫ് മേഖലയില്‍ പുസ്തക രൂപത്തില്‍ ഉയരുന്ന ലൈബ്രററി അറബ് ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥപ്പുരയായിരിക്കും. മേഖലയിലെ വായനയും വികസനവും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും. 
ലൈബ്രററി പകര്‍ന്നു നല്‍കുന്ന അറിവ് എഴുത്തിനും വിവര്‍ത്തനത്തിനും പ്രോത്സാഹനമാവും. ചിന്തകരെയും ബുദ്ധിജീവികളെയും പൊതുസമൂഹവുമായി അടുപ്പിച്ച് സംവാദത്തിന്‍െറയും സഹിഷ്ണുതയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും.  
ഏഴുനിലയായി പത്തുലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മിതി. കുട്ടികളുടെ വിഭാഗം, അറബി പുസ്തകങ്ങള്‍, അന്തര്‍ദേശീയ പുസ്തകങ്ങള്‍, വാണിജ്യ, മാധ്യമ മേഖലയുടെ പ്രത്യേക വിഭാഗം എന്നിവ ഉള്‍ക്കൊള്ളിക്കും. 
ചരിത്രപ്രാധാന്യമുള്ള കൈയെഴുത്തു പ്രതികളും മഖ്തൂം രാജകുടുംബ ശേഖരത്തിലുള്ള അമൂല്യ കലാസൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്ന കലാമ്യൂസിയം, കലാ-വൈജ്ഞാനിക പരിപാടികള്‍ക്കായി വിശാലമായ ഓഡിറ്റോറിയം എന്നിവയും ഒരുക്കും.  പ്രമുഖ കഥാകൃത്തും ദുബൈ കള്‍ച്ചറല്‍ കൗണ്‍സില്‍ അധ്യക്ഷനുമായ മുഹമ്മദ് അഹ്മദ് അല്‍ മുര്‍ ആണ് ലൈബ്രററി ഫൗണ്ടേഷന്‍ അധ്യക്ഷന്‍.  42 ദശലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.  
 
Tags:    
News Summary - Largest E-library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.