അൽഐൻ (യു.എ.ഇ): ഇക്കുറി ചെറിയപെരുന്നാൾ ദിനത്തിൽ തിരൂർ പൂക്കയിൽ മാങ്ങാട് കുന്നത്ത് മുഹമ്മദിെൻറ പേരമക്കൾ പുതുമണം പരക്കുന്ന പെരുന്നാൾ കോടി അണിയില്ല, പക്ഷേ, പുതുവസ്ത്രം ധരിക്കുന്നതിനേക്കാൾ സന്തോഷത്തിലാകും അവർ. പെരുന്നാൾ പുടവക്ക് കരുതിവെച്ച തുക നാടണയാൻ വിമാനടിക്കറ്റിന് വകയില്ലാതെ പ്രയാസപ്പെടുന്നവർക്ക് നൽകിയിരിക്കുകയാണവർ. അഷ്കർ-മനസിയ ദമ്പതികളുടെ മക്കളായ താനൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി പി. റോഷൻ, തിരൂർ ഫാത്തിമ മാത ഇംഗ്ലീഷ് സ്കൂൾ യു.കെ.ജി വിദ്യാർഥി പി. ഫിൽസ എന്നിവരാണ് ഇൗ സ്നേഹ മാതൃക തീർത്തത്. ഇൗ കുഞ്ഞുങ്ങൾ നൽകിയ തുക വിനിയോഗിച്ച് ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്ന് ഒരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലൂടെ ഏറ്റവും അർഹരായ പ്രവാസികൾ ഇൗ പെരുന്നാളിൽ നാടണയും.
അൽഐനിലുള്ള വല്ലിപ്പയും അമ്മാവന്മാരും വീട്ടിൽ വിളിക്കുമ്പോഴൊക്കെ ഗൾഫിലുള്ളവരുടെ വിഷമങ്ങളും പറയാറുണ്ട്. പെരുന്നാൾ ഒരുക്കത്തെകുറിച്ച് ചോദിച്ചപ്പോഴാണ്, ഇത്തവണ പുടവവേണ്ടെന്നും ആ പണം മറ്റുകുട്ടികളുടെ ബന്ധുക്കൾക്ക് നാട്ടിലെത്താൻ നൽകാമെന്നും കുട്ടികൾ പറഞ്ഞത്. പ്രയാസപ്പെടുന്നവർ നാട്ടിലെത്തിയിട്ട് അടുത്ത വർഷം പെരുന്നാൾ ഇതിലേറെ സന്തോഷത്തോടെ ആഘോഷിക്കാം എന്നായിരുന്നു അവരുടെ വാക്കുകൾ. ഇത് കേട്ട ഉടൻ മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തിൽ വിളിച്ചു.
പേരക്കുട്ടികളുടെ ആഗ്രഹപ്രകാരം അവർ മാറ്റിവെക്കാൻ പറഞ്ഞ തുക ഉൾപ്പെടെ ടിക്കറ്റുകൾക്കുള്ള പണം മുഹമ്മദ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിക്ക് ‘ഗൾഫ് മാധ്യമ’ത്തിന് കൈമാറി. 30 വർഷമായി യു.എ.ഇയിലുള്ള ജീവകാരുണ്യ തൽപരനായ മുഹമ്മദും മക്കളായ മൻസൂർ, മൻസൂഖ്, മൻസാദ് എന്നിവരും ചേർന്ന് അൽഐൻ ഐനുൽ ഫാഇദയിൽ കഫറ്റീരിയ നടത്തുകയാണ്.
നിങ്ങൾക്കും പങ്കുചേരാം
‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിൽ വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സംഘടനകൾക്കും പങ്കുചേരാം. ടിക്കറ്റ് സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ 00971 56 554 1944 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുക. അല്ലെങ്കിൽ ഗൾഫ്മാധ്യമം-മീഡിയവൺ പ്രവർത്തകരുമായി ബന്ധപ്പെടുക. ടിക്കറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. ടിക്കറ്റിന് അപേക്ഷിക്കേണ്ട വിധം വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.