റാസല്‍ഖൈമ: എമിറേറ്റില്‍ നിര്‍മാണം തുടങ്ങാത്തതും നിര്‍മാണത്തിലിരിക്കുന്നതുമായ വസ്തുവകകള്‍ മുൻകൂർ ബുക്കിങ്ങിലൂടെ വിറ്റഴിയുന്നതില്‍ ദ്രുത വളര്‍ച്ച. അല്‍ മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ചുള്ള ഓഫ് പ്ലാന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഈ വര്‍ഷമാദ്യം ചതുരശ്ര അടി ശരാശരി വിലയില്‍ രേഖപ്പെടുത്തിയത് 21 ശതമാനം വാര്‍ഷിക വര്‍ധന. ഇത് റാസല്‍ഖൈമയിലെ ഓഫ് പ്ലാന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ നിര്‍ണായക വളര്ച്ചഘട്ടം തെളിയിക്കുന്നതാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു.
ടൂറിസം വളര്‍ച്ച, താമസക്കാരിൽനിന്നുള്ള വർധിച്ച ആവശ്യകത, ആഗോളതലത്തില്‍ റാസല്‍ഖൈമക്ക് കൈവന്ന ഉയര്‍ന്ന പ്രൊഫൈല്‍ എന്നിവ നിക്ഷേപകരുടെ താല്പര്യത്തില് ഘടനപരമായ മാറ്റമാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. 2027ല്‍ തുറക്കാനിരിക്കുന്ന 5.1 ശതകോടി ദിർഹം മൂല്യമുള്ള വെയ്ന്‍ അല്‍ മര്‍ജാന്‍ ഐലൻഡ് റിസോര്‍ട്ട് പദ്ധതിയാണ് റാക് റിയല്‍ എസ്റ്റേറ്റ് വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി. ടവര്‍ പൂര്‍ത്തീകരണവും നിര്‍മാണ പുരോഗതിയും വിപണിയില്‍ കൂടുതല്‍ ആത്മവിശ്വാസം സൃഷ്ടിച്ച് വിപണി മൂല്യം ഉയര്‍ത്തുകയാണ്. പോയവര്‍ഷം റാസല്‍ഖൈമയില്‍ ഒരു രാത്രിയെങ്കിലും താമസിച്ച് മടങ്ങിയവര്‍ പതിമൂന്നര ലക്ഷം സന്ദര്‍ശകരാണ്.
ഹോട്ടല്‍- ഹോസ്പിറ്റാലിറ്റി വികസനങ്ങളില്‍ ദീര്‍ഘകാല നിക്ഷേപത്തിന്റെ ആവശ്യകത കാണിക്കുന്നതാണ് റാസല്‍ഖൈമയിലെത്തിയ റെക്കോഡ് ഓവര്‍ നൈറ്റ് സന്ദര്‍ശകര്‍. അത്യാഡംബര ഭവനമായ സ്കൈ മാന്ഷന് വന്‍ മാര്‍ജിനില്‍ വിറ്റുപോയതും പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ കൂടുതല്‍ ആവശ്യക്കാരെത്തുന്നതും റാസല്‍ഖൈമയിലെ ഓഫ് പ്ലാന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ കുതിപ്പിന് പിന്നിലെ ഘടകങ്ങളാണ്.
ഭൂമി വില, റെസിഡന്‍ഷ്യല്‍ വില, റെന്റല്‍ യീല്‍ഡ് എന്നിവ ഉയരുന്ന സാഹചര്യത്തില്‍ റാസല്‍ഖൈമയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയെ മുന്നോട്ട് നയിക്കുന്ന പ്രധാന ശക്തിയായി അല്‍ മര്‍ജാന്‍ ഐലൻഡ് മാറുകയാണെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.