ഫിഫ ബീച്ച് സോക്കർ ലോകകപ്പ് ദുബൈയിൽ അടുത്ത വർഷമാണ് ടൂർണമെന്റ്
ദുബൈ: ഫുട്ബാൾ ലോകകപ്പിന് പിന്നാലെ മറ്റൊരു ലോകകപ്പ് കൂടി ഗൾഫിലേക്ക് വിരുന്നെത്തുന്നു. 2023ലെ ഫിഫ ബീച്ച് സോക്കർ ലോകകപ്പിന് ദുബൈ ആതിഥ്യമരുളുമെന്ന് ഫിഫ അറിയിച്ചു. ഖത്തറിൽ നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2025ലെ സോക്കർ ലോകകപ്പ് സീഷൽസിൽ നടത്താനും തീരുമാനമായി. രണ്ടാം തവണയാണ് ദുബൈ ബീച്ച് സോക്കർ ലോകകപ്പിന് വേദിയൊരുക്കുന്നത്. 2009ൽ ദുബൈയിലാണ് ലോകകപ്പ് നടന്നത്.
ടൂർണമെന്റിന്റെ 12ാം എഡിഷനായിരിക്കും ദുബൈയിൽ നടക്കുക. ദുബൈ സ്പോർട്സ് ഹബാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഫിഫയുടെ തീരുമാനം. ക്രിക്കറ്റ് ലോകകപ്പും ക്ലബ് ലോകകപ്പുമെല്ലാം മുമ്പ് യു.എ.ഇയിൽ നടന്നിരുന്നു. ഖത്തർ ലോകകപ്പിനും അകമഴിഞ്ഞ പിന്തുണയാണ് യു.എ.ഇ നൽകിയത്. ഫിഫയുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റിന് തിരഞ്ഞെടുക്കപ്പെട്ട ആറ് ലോകനഗരങ്ങളിൽ ഒന്ന് ദുബൈ ആയിരുന്നു. ഇവിടെ ആയിരക്കണക്കിനാളുകളാണ് കളികാണാൻ എത്തിയിരുന്നത്.
ഇത്തരത്തിലുള്ള സംഘാടകമികവാണ് ദുബൈയിലേക്ക് ബീച്ച് സോക്കർ ലോകകപ്പ് വീണ്ടും കൊണ്ടുവരാൻ ഫിഫക്ക് ആത്മവിശ്വാസം പകർന്നത്. 2009ൽ ഏറ്റവും മികച്ച ബീച്ച് സോക്കർ ലോകകപ്പ് നടത്തിയ ദുബൈയിൽ വീണ്ടും ലോകകപ്പ് നടത്താൻകഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഫിഫ ടൂർണമെന്റ് ഡയറക്ടർ ജയ്മി യർസ പറഞ്ഞു. 2021ലെ ടൂർണമെന്റ് ലോകത്തെമ്പാടുമുള്ള 63 ദശലക്ഷം പേർ കണ്ടിരുന്നു. ഓരോ മത്സരത്തിനും ശരാശരി 2.2 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. 2019നെ അപേക്ഷിച്ച് വലിയ വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. 2023, 25 ലോകകപ്പുകളിൽ ഇതിനേക്കാളേറെ കാഴ്ചക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2005ൽ ബ്രസീലിലാണ് ബീച്ച് സോക്കർ ലോകകപ്പ് തുടങ്ങിയത്. അതേസമയം, ആദ്യമായാണ് ആഫ്രിക്കൻ രാജ്യത്ത് ബീച്ച് സോക്കർ ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകത 2025ലെ ലോകകപ്പിനുണ്ട്. കഴിഞ്ഞ ടൂർണമെന്റിൽ ഓരോ മത്സരത്തിലും ശരാശരി 9.4 ഗോളുകൾ വീതം പിറന്നിരുന്നു.ഫിഫയുടെ ബീച്ച് സോക്കർ ടൂർണമെന്റിലെ ഏറ്റവും വലിയ ഗോൾ ശരാശരിയാണ് കണ്ടത്. അടുത്ത വർഷത്തെ ടൂർണമെന്റിന്റെ കൃത്യം തീയതി ഫിഫ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.