ദുബൈ പൊലീസ്​ ആസ്ഥാനം

ബലി​പെരുന്നാൾ: ദുബൈ പൊലീസ്​ സമഗ്ര സുരക്ഷയൊരുക്കും

ദുബൈ: ബലിപെരുന്നാൾ ദിനങ്ങളിൽ സമഗ്ര സുരക്ഷാ പദ്ധതി തയ്യാറാക്കി ദുബൈ പൊലീസ്​. ബുർജ് ഖലീഫ അർമാനി ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് പൊലീസിന്റെ ഈവന്റ് സെക്യൂരി കമ്മിറ്റി സുരക്ഷാ പദ്ധതികൾ വിശദീകരിച്ചത്​. ആഘോഷവേളകളിൽ താമസക്കാർക്കും സന്ദർശകർക്കും മികച്ച സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനും ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫുമായ മേജർ ജനറൽ അബ്ദുള്ള അലി അൽ ഹൈത്തി വ്യക്തമാക്കി. ഉൾപ്രദേശങ്ങൾ, ഹൈവേകൾ, പ്രധാന വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പട്രോളിങ് വർധിപ്പിക്കും. പൊതു ഗതാഗത വകുപ്പിന്റെയും റോഡ്സ് ആൻഡ്​ ട്രാൻസ്​പോർട്ട്​ ​അതോറിറ്റിയുടെയും (ആർ.ടി.എ) സഹകരണത്തോടെ ഗതാഗതക്കുരുക്ക്​ ഒഴിവാക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

ബലിപെരുന്നാൾ ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ 3500 പൊലീസുകാർ, 465 പെട്രോളിങ്​ വാഹനങ്ങൾ, 66 ട്രാഫിക്​ ഉദ്യോഗസ്ഥർ, ബീച്ചുകളിൽ 165 ലൈഫ്​ ഗാർഡുകൾ, 14 മാരിടൈം സുരക്ഷ ബോട്ടുകൾ, രണ്ട്​ ഹെലികോപ്​റ്ററുകൾ, 29 സൈക്കിൾ പെ​ട്രോളിങ്​, അഞ്ച്​ ഓപറേറ്റിങ്​ റൂമുകൾ, 123 ആംബുലൻസുകൾ, 738 ആരോഗ്യ പ്രവർത്തകർ, 75 അഗ്​നിശമന സേന വാഹനങ്ങൾ, 24 ചെറിയ ക്രെയിനുകൾ എന്നിവ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 798 സുരക്ഷ ഉദ്യോഗസ്ഥരെയും സജജമാക്കിയിട്ടുണ്ട്​. അടിയന്തര ഫോൺവിളികളോട്​ പ്രതികരിക്കാൻ 24 മണിക്കൂറും കമാൻഡ്​ ആൻഡ്​ കൺട്രോൾ സെന്‍റർ പ്രവർത്തിക്കും.

പൊതുഗതാഗത സംവിധാനങ്ങൾ നിരീക്ഷിക്കാനായി ഏഴ്​ കൺട്രോൾ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്​. കൂടാതെ വിവിധയിടങ്ങളിലേക്ക്​ തടസ്സങ്ങളിലാതെ സഞ്ചരിക്കാനായി 102 തീവണ്ടികൾ, 56 സമുദ്ര ഗതാഗത സംവിധാനങ്ങൾ, 11621 ടാക്സികൾ, 9,135 ആഡംബര ലിമോസികൾ, 1,398 ബസുകൾ എന്നിവയുണ്ടാകും. ആളുകൾക്ക്​ പൊതു ആഘോഷ പരിപാടികളിലേക്ക്​ എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന വിധത്തിലാണ്​ ഗതാഗത സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്​. ജനങ്ങൾക്ക്​ മികച്ച സേവനങ്ങൾ നൽകുന്നതിന്​ 20 സ്​മാർട്ട്​ പൊലീസ്​ സ്​റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന്​ പൊലീസ്​ സ്​റ്റേഷനുകളുടെ ഡയറക്ടർ ബോർഡ്​ ചെയർമാനും ജബൽ അലി പൊലീസ്​ സ്​റ്റേഷൻ മേധാവിയുമായ മേജർ ജനറൽ ഡോ. ആദിൽ അൽ സുവൈദി പറഞ്ഞു.

Tags:    
News Summary - Eid Al-Adha: Dubai Police To Provide Comprehensive Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.