ദുബൈ: അറബ് മേഖലയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച വിദ്യാഭ്യാസ പദ്ധതിക്ക് സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി ആയിരങ്ങൾ.
പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം 12000 പേരാണ് വളണ്ടിയർമാരായി രജിസ്റ്റർ ചെയ്തത്. അറിവ് പകരാനുള്ള ഉദ്യമത്തിന് പിന്തുണയുമായ ഉൽസാഹപൂർവം ഇത്രയേറെ പേർ എത്തിയ വിവരം ശൈഖ് മുഹമ്മദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 29 രാജ്യങ്ങളിൽ നിന്നാണ് സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ 44 ശതമാനം പേർ സ്ത്രീകളാണ്. 43.6 പേർ ബിരുദധാരികളാണ്. കണക്കിലും സയൻസിലുമുള്ള പുത്തൻ അറിവുകൾ ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ 5000 വീഡിയോകളായാണ് തയ്യാറാക്കുക. ഒരു വർഷത്തിനകം ഇവ പൂർത്തിയാക്കും. ഇംഗ്ലീഷിലെ വീഡിയോ അറബിയിലേക്ക് മൊഴിമാറ്റം ചെയ്ത് ലഭ്യമാക്കും. 5 കോടി വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. അറബ് മേഖലയിലും ആഫ്രിക്കൻ രാജ്യങ്ങളിലെയും കുഞ്ഞുങ്ങളെയാണ് മുഖ്യലക്ഷ്യമിടുന്നതെങ്കിലും ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഇത് ഫലം ചെയ്യും.
അടുത്ത മാസം 18 വരെ പദ്ധതിയിൽ സന്നദ്ധ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. പിന്നീട് ഇവരുടെ അപേക്ഷകൾ പരിഗണിച്ച് ഏറ്റവും മികച്ച വളണ്ടിയർമാരെ തെരഞ്ഞെടുത്ത് പദ്ധതിക്കായി നിയോഗിക്കും. ഏറ്റവും കൃത്യവും അനുയോജ്യവുമായ രീതിയിൽ വിവർത്തനവും ഗ്രാഫിക് ഡിസൈനും അടങ്ങുന്ന പഠന സാമഗ്രികൾ തയ്യാറാക്കാൻ യോഗ്യരായ ആളുകളെയാണ് തെരഞ്ഞെടുക്കുകയെന്ന് പ്രോജക്ട് മാനേജർമാരിലൊരാളായ അബ്ദുല്ല അൽ നുെഎമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.