ദുബൈ പൊലീസ് ശൈത്യകാല ക്യാമ്പിൽ പരിശീലനം നേടുന്ന വിദ്യാർഥികൾ (ഫയൽ)
ദുബൈ: ഹിമായ ഇന്റർനാഷനൽ സെന്റർ ഒരുക്കുന്ന ‘ദുബൈ പൊലീസ് വിന്റർ പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ്-2023’ തിങ്കളാഴ്ച ആരംഭിക്കും. വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് വിവിധ എമിറേറ്റുകളിൽനിന്നായി 300 വിദ്യാർഥികൾ ശൈത്യകാല ക്യാമ്പിൽ പങ്കെടുക്കും. ഡിസംബർ 22 വരെ നടക്കുന്ന പരിപാടി എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് (ഇ.എസ്.ഇ), നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
ശൈത്യകാല സ്കൂൾ അവധിക്കാലത്ത് വിദ്യാർഥികളെ ഔട്ട്ഡോർ, ശാരീരിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുകയും അവരുടെ കഴിവുകളും അറിവും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഊദ് അൽ മുതീനയിലെ സായിദ് എജുക്കേഷൻ കോംപ്ലക്സ് ഫോർ ബോയ്സ്, അസ്മാ ബിൻത് അൽ നുഅ്മാൻ ഗേൾസ് സ്കൂൾ, ഇക്വസ്ട്രിയൻ ട്രെയിനിങ് സെന്റർ, നീന്തൽ പരിശീലനകേന്ദ്രം, യങ് റെസ്ക്യൂർ ട്രെയിനിങ് സെന്റർ എന്നിങ്ങനെ അഞ്ചു പരിശീലനവേദികളിലായാണ് വിന്റർ പ്രോഗ്രാം പ്രവർത്തനങ്ങൾ നടക്കുന്നത്. സ്പോർട്സ്, സൈനികപരിശീലനം, മയക്കുമരുന്ന്-സുരക്ഷ അവബോധം എന്നിവയാണ് പ്രധാനമായും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മോഷണം, ഭീഷണിപ്പെടുത്തൽ, പുകവലി തുടങ്ങിയ നിഷേധാത്മകമായ പെരുമാറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രചോദനവും ക്യാമ്പ് പകർന്നുനൽകും. കൂടാതെ, പങ്കെടുക്കുന്നവർക്ക് ദുബൈ പൊലീസിലെ വിവിധ വകുപ്പുകളിലേക്കും സംവിധാനങ്ങളിലേക്കും ഫീൽഡ് സന്ദർശനങ്ങൾ നടത്താനുള്ള അവസരമുണ്ട്. ദിവസവും രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന പരിപാടി ഉച്ച 12.20 വരെയാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.