ഇമാറാത്തി വനിതയുടെ ഇടപെടലിൽ കവർച്ചക്കാരെ പിടികൂടി

ദുബൈ: ഇമാറാത്തി യുവതിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് കവർച്ചക്കാരെ പിടികൂടി ദുബൈ പൊലീസ്. മുറഖബാത്ത് പ്രദേശത്താണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരാളെ രണ്ടുപേർ ചേർന്ന് വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് നൗഫ് അൽ മസ്റൂയി എന്ന വനിത കാണുകയായിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കുന്നതിനായി റോഡരികിൽ വാഹനം പാർക്ക് ചെയ്ത് നിൽക്കുകയായിരുന്നു അവർ.

തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ഇവർ അതിക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് കേൾക്കാതെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. വാഹനത്തിന്‍റെ നമ്പർ മനസ്സിൽ കുറിച്ച് ഉടൻ ദുബൈ പൊലീസിൽ നൗഫ് വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മിനിറ്റുകൾക്കകം പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ രണ്ടര ലക്ഷം ദിർഹം പിടിച്ചുവാങ്ങാനാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് കണ്ടെത്തി. നൗഫിന്‍റെ അതിവേഗ ഇടപെടലാണ് പ്രതികളെ പിടികൂടാനും ഇരയെ രക്ഷപ്പെടുത്താനും സഹായിച്ചതെന്ന് ബർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജന. അബ്ദുല്ല അൽ മസ്സാം പറഞ്ഞു.

കൃത്യസമയത്ത് ഇടപെടുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത് അവരുടെ സുരക്ഷിതത്വ അവബോധത്തെയാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൗഫ് അൽ മസ്റൂയി ബർ ദുബൈ പൊലീസ് സ്റ്റേഷനിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു. 

Tags:    
News Summary - Dubai Police honour Emirati woman who confronted suspects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.