ഒരുങ്ങുന്നു, ദുബൈയുടെ മനസ്സോളം വിശാലമായ പാര്‍ക്ക്

ദുബൈ: സബീല്‍ പാര്‍ക്കില്‍ പോയവര്‍ക്കറിയാം, എത്ര വലിപ്പമേറിയ വിശാല പാര്‍ക്കാണതെന്ന്. എന്നാല്‍ ഇനി ദുബൈയില്‍ വരുന്ന പാര്‍ക്കിന് 14.3 ലക്ഷം ചതുരശ്ര മീറ്ററാണ് വിസ്തൃതി-അതായത് മൂന്ന് സബീല്‍ പാര്‍ക്ക് ചേര്‍ന്നാലുള്ള വിശാലത. 
350 ഏക്കര്‍ വലിപ്പത്തില്‍ ലണ്ടനിലെ ഹൈഡ് പാര്‍ക്കിന് സമാനമായ പാര്‍ക്ക് ഒരുക്കാന്‍ ദുബൈ ഹോള്‍ഡിങ്സും ദുബൈ നഗരസഭയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. പ്രദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരേ പോലെ ആകര്‍ഷകമായ പ്രകൃതി രമണീയതയും ആരോഗ്യകരമായ ജീവിത ശൈലി സ്വായത്തമാക്കാനുള്ള സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ദുബൈ ലാന്‍റ്സില്‍ പാര്‍ക്ക് തയ്യാറാക്കുക. കാല്‍നടക്കാര്‍ക്ക് 30 കിലോമീറ്റര്‍ ട്രാക്ക്, ജോഗിങിന് 20 കി.മീ ട്രാക്ക്, 14 കി.മീ വലിപ്പമുള്ള സൈക്കിള്‍ ട്രാക്ക്, കുട്ടികള്‍ക്ക് 55 കളിയിടങ്ങള്‍, 45 സ്പോര്‍ട്്സ് ഗ്രൗണ്ട്, വന്‍കിട പരിപാടികള്‍ നടത്താന്‍ സൗകര്യമുള്ള അഞ്ച് വേദികള്‍, കടകള്‍, ഭക്ഷണ ശാലകള്‍ എന്നിവ അതിനകത്തുണ്ടാവും.  
പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പരിഗണന നല്‍കുന്ന പാര്‍ക്കില്‍ ശുദ്ധ ഊര്‍ജ ഉല്‍പാദനം, മാലിന്യ സംസ്കരണം എന്നിവയും നടത്തും. 3.18 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ആദ്യ ഘട്ടത്തിന്‍െറ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും. നാല് കിലോമീറ്റര്‍ ജോഗിങ് ട്രാക്കും ഏഴ് കി.മീ കാല്‍നടപ്പാതയും രണ്ട് കി.മീ സൈക്കിള്‍ പാതയും 10 സ്പോര്‍ട്സ് ഗ്രൗണ്ടുകളുമാണ് 15000 മരങ്ങളുടെ ചാരത്ത് നിര്‍മിക്കുന്ന ഈ ഭാഗത്തുണ്ടാവുക.  
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശാനുസരം തയ്യാറാക്കുന്ന പാര്‍ക്ക് ജനങ്ങളുടെ സന്തോഷവും മാനസിക-ശാരീരിക ആരോഗ്യവും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണ്. 
സന്ദര്‍ശകര്‍ക്കിടയില്‍ സുസ്ഥിര വികസനത്തിന്‍െറയും പരിസ്ഥിതി ബോധവത്കരണത്തിന്‍െറയും സന്ദേശങ്ങള്‍ പകരുമെന്നും ദുബൈ നഗരസഭാ ഡി.ജി ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.   
ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ലണ്ടന്‍ എന്നിങ്ങനെ ലോക നഗരങ്ങളിലെല്ലാം അതാത് നാടിന്‍െറ സംസ്കാരവും സാമൂഹിക ചിഹ്നങ്ങളും വിളിച്ചോതുന്ന പാര്‍ക്കുകളുണ്ടെന്നും പുതിയ പാര്‍ക്ക് രൂപപ്പെടുന്നതോടെ നഗരത്തിന്‍െറ പല കോണുകളിലുള്ള ജനങ്ങളുടെ സംഗമ കേന്ദ്രമായി ഇതു മാറുമെന്നും ദുബൈ ഹോള്‍ഡിങ്സ് എം.ഡി അഹ്മദ് ബിന്‍ ബയാത് അഭിപ്രായപ്പെട്ടു. പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ ഒരുക്കുന്ന പാര്‍ക്കിന്‍െറ നിര്‍മാണ, നടത്തിപ്പ് ചുമതല ദുബൈ ഹോള്‍ഡിങ്സിനാണ്. 
സാങ്കേതിക സഹായം, പരിസ്ഥിതി-പശ്ചാത്തല സൗകര്യമൊരുക്കല്‍, ഹരിതവത്കരണം തുടങ്ങിയ ജോലികള്‍ ദുബൈ നഗരസഭ നിര്‍വഹിക്കും. 

Tags:    
News Summary - Dubai Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.