അബൂദബി: സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വർധനക്കും വോട്ടവകാശത്തിനും പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച ഡയസ്പോറ സമ്മിറ്റ് സംഘടിപ്പിക്കും. യു.എ.ഇയിലെ മുപ്പതില്പരം പ്രവാസി സംഘടനകളെ പ്രതിനിധാനം ചെയ്ത് 150ഓളം പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും പങ്കെടുക്കും. സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ റിപ്പോര്‍ട്ടിങ് വൈകീട്ട് അഞ്ചിന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് സമ്മിറ്റ് നടക്കുക. വിമാന യാത്രാക്കൂലിയുമായി ബന്ധപ്പെട്ട സെഷനില്‍ ദുബൈ മുന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും.
പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സെഷനില്‍ മുന്‍ ഇലക്ഷന് കമീഷണര്‍ എസ്.വൈ. ഖുറൈഷിയും സംബന്ധിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മുഖ്യ സെഷനില്‍ കേരളത്തില്‍നിന്നുള്ള എം.പിമാര്‍ സമ്മിറ്റില്‍ പ്രവാസികളുമായി സംവദിക്കും. സമ്മിറ്റിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് തയാറാക്കിയ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും അടങ്ങിയ മാര്‍ഗരേഖ എം.പിമാര്‍ക്ക് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.