ദുബൈ: യു.എ.ഇയിൽ നിലവിൽവരുന്ന കോർപറേറ്റ് ടാക്സ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലാത്തവരുടെ പട്ടിക ധനകാര്യ മന്ത്രാലയം പുറത്തിറക്കി. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവ കോർപറേറ്റ് ടാക്സിന് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
എക്സ്ട്രാക്ടിങ് ബിസിനസുകൾ അഥവാ ഖനന മേഖലയിലെ സ്ഥാപനങ്ങളും കോർപറേറ്റ് ടാക്സ് നൽകേണ്ടിവരില്ല. പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന നോൺ എക്സ്ട്രാക്ടിവ് രംഗത്തെ സ്ഥാപനങ്ങളെയും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോർപറേറ്റ് നികുതിയിൽനിന്ന് ഒഴിവാക്കും.
യു.എ.ഇയിൽ വരുമാന സ്രോതസ്സുള്ള, എന്നാൽ, യു.എ.ഇയിൽ സ്ഥാപനമോ റെസിഡന്റ് വിസയോ ഇല്ലാത്ത ബിസിനസുകാർക്കും കോർപറേറ്റ് ടാക്സിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 3,75,000 ദിർഹമിന് മുകളിലുണ്ടാക്കുന്ന ലാഭത്തിനാണ് ജൂൺ ഒന്ന് മുതൽ യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങൾ ഒമ്പതുശതമാനം കോർപറേറ്റ് ടാക്സ് നൽകേണ്ടത്.
എന്നാൽ, ടാക്സ് നൽകേണ്ട ലാഭമുണ്ടെങ്കിലും മൂന്ന് ദശലക്ഷത്തിൽ താഴെ വരുമാനമുള്ള ചെറുകിട, സ്റ്റാർട്ട്അപ് സ്ഥാപനങ്ങൾക്ക് കോർപറേറ്റ് ടാക്സിൽ ഇളവ് നൽകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്ന് മുതലാണ് യു.എ.ഇയിൽ ബിസിനസ് സ്ഥാപനങ്ങൾക്കും ബിസിനസുകാർക്കും ഒമ്പതുശതമാനം കോർപറേറ്റ് ടാക്സ് നിലവിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.