യൂറോപ്പിൽനിന്നുള്ള പക്ഷി-കോഴി ഉൽപന്നങ്ങൾക്ക് നിരോധനം

ദുബൈ: യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആ മേഖലയിൽനിന്ന് പക്ഷികളും കോഴി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് യു.എ.ഇ നിരോധനമേർപ്പെടുത്തി.കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ എന്നിവയും ഇവയുടെ ഉപോൽപന്നങ്ങളും നെതർലൻഡ്‌സ്, ജർമനി, റഷ്യ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. സുരക്ഷ നടപടികളുടെ ഭാഗമായി യു.കെയിലെ പല പ്രദേശങ്ങളിൽനിന്നും കോഴി ഇറച്ചി, മുട്ട എന്നിവ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, ഭക്ഷ്യ ഇറക്കുമതിയും വിപണികളിലെത്തുന്ന മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള രോഗബാധ കണ്ടെത്തുന്നപക്ഷം അടിയന്തര മുൻകരുതൽ സ്വീകരിക്കാനുമുള്ള നടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ രാജ്യത്ത് രോഗകാരികളുടെ വ്യാപനത്തെ തടയുകയും മൃഗങ്ങളുടെ ആരോഗ്യവും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കുകയും ചെയ്യുമെന്ന് അതോറിറ്റി വ്യക്തമാക്കി.

കൂടാതെ പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കപ്പെടുന്നു.രോഗം പടരുന്നത് നിയന്ത്രിക്കാൻ, ബാധിത രാജ്യങ്ങൾ ആയിരക്കണക്കിന് കോഴികളെ കണ്ടെത്തി വേർതിരിച്ചതായും അധികൃതർ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.