റാസല്‍ഖൈമ: ശൈഖ് സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇനി ദിവസങ്ങള്‍ മാത്രം. ശരിയായ താമസ കുടിയേറ്റ രേഖകള്‍ ഇല്ലാതെ വന്‍ പിഴ ഒടുക്കേണ്ട അവസ്ഥയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആയിരങ്ങളാണ് ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വന്ന പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. ‘പദവി ശരിയാക്കി, സ്വയം സുരക്ഷിതരാവുക’ എന്ന സന്ദേശമുയര്‍ത്തി ആരംഭിച്ച കാരുണ്യ പദ്ധതിയോട് മുഖം തിരിഞ്ഞ് നില്ക്കുന്നവര് പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.
വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ റാസല്‍ഖൈമയില്‍ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആംനസ്റ്റി സന്നദ്ധ സംഘം വരും ദിവസങ്ങളില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രത്യേക പ്രചരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഐ.ആര്.സിയുടെയും മുന്‍കൈയിലുള്ള റാക് എമിഗ്രേഷന്‍ ആസ്ഥാനത്തെ ഹെല്‍പ്പ് ഡെസ്കിെൻറ സേവനത്തില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ വിവിധ രാജ്യക്കാരും ഗുണഭോക്താക്കളാണെന്ന് ഐ.ആര്.സി ജന.സെക്രട്ടറി അഡ്വ. നജ്മുദ്ദീന് അഭിപ്രായപ്പെട്ടു.
എ.കെ.എം.ജി, നോളജ് തിയേറ്റര്‍, ചേതന, ഇന്‍കാസ്, രിസാല സ്റ്റഡി സര്‍ക്കിള്‍, കേരള പ്രവാസി ഫോറം, ആര്‍ട്ട് ലൗവേഴ്സ് അസോസിയേഷന്, യുവകലാ സാഹിതി തുടങ്ങിയ കൂട്ടായ്മകളിലെ പ്രവര്ത്തകരുള്പ്പെടുന്നതാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ആര്.സി ആംനസ്റ്റി ഹെല്‍പ്പ് ഡെസ്ക്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ ഓരോ കൂട്ടായ്മകളിലെയും പ്രവര്‍ത്തകര്‍ നിശ്ചിത സമയം ക്രമീകരിച്ചാണ് സേവനത്തിലേര്പ്പെടുന്നത്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ സഹായകമാകുന്നുണ്ടെന്നും നജ്മുദ്ദീന് പറഞ്ഞു.
അതേസമയം, വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകളാണ് ഇതുവരെ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയതെന്ന് റാക് താമസ കുടിയേറ്റ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. തുടക്കത്തില്‍ നല്ല തിരക്കനുഭവപ്പെട്ടിരുന്ന റാക് പൊതുമാപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളിലത്തെിയത് കുറച്ച് പേര് മാത്രമാണ്. ഭയവും അറിവില്ലായ്മയും മൂലം ഒരു വിഭാഗം മടിച്ച് നില്ക്കുന്നതായാണ് വിവരം. കേന്ദ്രത്തിലെത്തിയവരില്‍ ഭൂരിഭാഗവും ബംഗ്ളാദേശ്, എത്യോപ്പ്യ, നൈജീരിയ, ഘാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ പലരും അടിസ്ഥാന രേഖയായ പാസ്പോര്‍ട്ട് പോലും ഇല്ലാത്തവര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലത്തെിയ നിരവധി സ്ത്രീകളും സഹായം തേടിയെത്തി.
വിസാ കാലാവധി കഴിഞ്ഞ് മാസങ്ങളായി യു.എ.ഇയില്‍ തങ്ങുന്ന ഇവരില്‍ പലരും തങ്ങളുടെ വിസ ഏത് എമിറേറ്റില്‍ നിന്നാണെന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരാണ്. രേഖകള്‍ ശരിയാക്കി യു.എ.ഇയില്‍ തന്നെ തുടരാനാണ് സഹായം അഭ്യര്ഥിച്ചെത്തുന്നവരില് ഭൂരിഭാഗമാളുകളുടെയും ആഗ്രഹമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.