തകര്‍ന്ന ശരീരവും മനസുമായി മലയാളി യുവാവ് നാട്ടിലേക്ക്

റാസല്‍ഖൈമ: ജീവിതം തിരിച്ച് പിടിക്കാന്‍ പ്രാര്‍ഥനയോടൊപ്പം സുമനസ്സുകളുടെ കൈത്താങ്ങ് കൂടി ആവശ്യമായ സാഹചര്യത്തിലാണ്​ 31കാരനായ തൃശൂര്‍ മാള സ്വദേശി നിഷാദ്. റാക് സഖര്‍ ആശുപത്രിയിൽ വേദനയില്‍ പുളയുന്ന നിഷാദി​​​െൻറ അവസ്ഥ ഏവരെയും നൊമ്പരപ്പെടുത്തും. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പരിചരണവും സഹോദര​​​െൻറയും സുഹൃത്തുക്കളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യവുമാണ് യുവാവിന് ആശ്വാസം നല്‍കുന്നത്.

ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും ആശ്രയമായ നിഷാദിന് ഈ മാസം ആറിന് റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടയെല്ലുകളും കാല്‍ മുട്ടുകളും ചിന്നിച്ചിതറിയ നിലയിലാണ് റാക് സഖര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആറ് മണിക്കൂര്‍ നീണ്ട ശസ്​ത്രക്രീയയിലൂടെ​ തകര്‍ന്ന എല്ലുകള്‍ താല്‍ക്കാലികമായി യോജിപ്പിച്ചിരിക്കുകയാണ്​.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തി​​​െൻറ പരിചരണത്തിലൂടെ മാത്രമേ നിഷാദിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീധരന്‍ പ്രസാദ് പറഞ്ഞു. യു.എ.ഇയില്‍ ചികില്‍സക്ക് സൗകര്യമുണ്ടെങ്കിലും ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്. നാട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ വായ്പ്പയെടുത്ത നിഷാദ് റാസല്‍ഖൈമ ജൂലാനില്‍ പിസ ഹട്ട് തുടങ്ങുകയായിരുന്നുവെന്ന് സുഹൃത്തും നാട്ടുകാരനുമായ സാജിദ് പറഞ്ഞു. സംരംഭം പരാജയമായതോടെ സ്ഥാപനം പങ്കാളികള്‍ക്ക് കൈമാറി ജോലിക്കായുള്ള അന്വേഷണത്തിനിടെയായിരുന്നു ദുരന്തം. സുഹൃത്തിനൊപ്പമുള്ള യാത്രയില്‍ റാക് എയര്‍പോര്‍ട്ട് റോഡിൽ ഇവരുടെ വാഹനം അപകടത്തിപ്പെടുകയായിരുന്നു.

വാഹനം ഓടിച്ചിരുന്ന പാലക്കാട് സ്വദേശി അയൂബ് പരിക്കുകളോടെ ഖലീഫ ആശുപത്രിയില്‍ ചികില്‍സ തുടരുകയാണ്. സഖര്‍ ആശുപത്രിയിലെ ചെലവുകള്‍ അലി ഇബ്രാഹിം അഡ്വക്കറ്റ്സ് ആൻറ്​ ലീഗല്‍ കണ്‍സല്‍ട്ടൻറ്​സ്​ ഏറ്റെടുത്തതായി സലാം പാപ്പിനിശ്ശേരി പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ നിഷാദിനെ തിങ്കളാഴ്ച്ച നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സഹോദരന്‍ മുഹമ്മദ് റാഫി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

നാല് വര്‍ഷം റാസല്‍ഖൈമയില്‍ ജോലി ചെയ്തിരുന്ന നിഷാദ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് പുതിയ സംരംഭം തുടങ്ങിയത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കാനാണ് ശ്രമം. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 00919745200146 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. മാള പുത്തന്‍ചിറ കുന്നത്തേരി കസാലിപറമ്പില്‍ പരേതനായ ബാവുവി​​​െൻറ മകനാണ് നിഷാദ്. കൊച്ചുഖദീജയാണ് മാതാവ്. നാലും ഒന്നരയും പ്രായമുള്ള ലംഹാനും ലിയാനും മക്കളാണ്.

Tags:    
News Summary - accident-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.