അഫ്ഗാനിസ്താന് യു.എ.ഇ നല്‍കിയ സഹായം 250 കോടി ദിര്‍ഹത്തിലധികം

അബൂദബി: യുദ്ധക്കെടുതികളും മറ്റു പ്രതിസന്ധികളും തരണം ചെയ്യാന്‍ അഫ്ഗാനിസ്താന് കൂടുതല്‍ സഹായധനം ധല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇയും. 1970കള്‍ മുതല്‍ യു.എ.ഇ അഫ്ഗാന് നല്‍കിയ സഹായം രണ്ടര കോടി ദിര്‍ഹത്തിലധികം വരും. സ്കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍ എന്നിവ നിര്‍മിക്കാനും ദുരന്തങ്ങളിലെ ഇരകളെ സഹായിക്കാനുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് യു.എ.ഇ അഫ്ഗാന് സഹായം നല്‍കിയത്.
 രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ ഉഭയകക്ഷി സഹകരണവും നയതന്ത്ര ബന്ധവും ആരംഭിച്ചത് മുതല്‍ യു.എ.ഇ അഫ്ഗാനിസ്ഥാന് സഹായങ്ങള്‍ ചെയ്ത് വരുന്നുണ്ട്. യുദ്ധാനന്തരം അഫ്ഗാന്‍െറ പുനര്‍നിര്‍മാണത്തിന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെയും മറ്റു രാജ്യങ്ങളുടെയും ആഹ്വാനം പരിഗണിച്ച് യു.എ.ഇ രണ്ടര കോടി ദിര്‍ഹം വാഗ്ദാനം ചെയ്തിരുന്നു. 
വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനായി യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഫ്ഗാനിസ്താന്‍ സന്ദര്‍ശിക്കുകയും അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി യു.എ.ഇ സന്ദര്‍ശിച്ച് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ഉപകരിക്കുന്ന നിരവധി സമ്മേളനങ്ങള്‍ യു.എ.ഇ സംഘടിപ്പിക്കുകയും വിവിധ സമ്മേളനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. അഫ്ഗാനില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഐക്യരാഷ്ട്ര സഭയില്‍ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. 2010ല്‍  അഫ്ഗാന്‍ വിഷയത്തില്‍ ലണ്ടനില്‍ നടന്ന 70 രാജ്യങ്ങള്‍ പങ്കെടുത്ത സമ്മേളനത്തിലും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് പങ്കെടുത്തു. അഫ്ഗാനിസ്താന്‍െറ സമീപ രാജ്യങ്ങള്‍ ചേര്‍ന്ന് ഇസ്തംബൂളില്‍ നടത്തിയ സമ്മേളനത്തിലും യു.എ.ഇ പങ്കാളിയായി. 
2009 മുതല്‍ 2012 വരെ 98.17 കോടി ദിര്‍ഹം സഹായധനമാണ് യു.എ.ഇ അഫ്ഗാന് നല്‍കിയത്. പാകിസ്താനിലും അഫ്ഗാനിസ്താനിലും 2018ഓടെ പോളിയോ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള യജ്ഞത്തിന് 44 കോടി ദിര്‍ഹത്തിന്‍െറ പദ്ധതി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. 2010ല്‍ അഫ്ഗാനിലെ ഉള്‍പ്രദേശങ്ങളുടെ വികസനത്തിന് തനവീര്‍ വികസന ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തു. 2008 മാര്‍ച്ചില്‍ കാബൂളില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഖോസ്ത് പ്രവിശ്യയില്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ സര്‍വകലാശാല ആരംഭിച്ചു.
അബൂദബി വികസന ഫണ്ടിന്‍െറ ആഭിമുഖ്യത്തില്‍ 120 കോടി ദിര്‍ഹം ചെലവില്‍ അഫ്ഗാനില്‍ 16 വികസന പദ്ധതികള്‍ ആരംഭിച്ചു. ഭവന, ഗതാഗത, സാമൂഹിക, ആരോഗ്യ മേഖലകളിലായിരുന്നു പദ്ധതികള്‍. എമിറേറ്റ്സ് റെഡ് ക്രസന്‍റ്, സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കീഴിലും നിരവധി വികസന, ജീവകാരുണ്യ പ്രവൃത്തികളാണ് അഫ്ഗാനില്‍ നടത്തിയത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.