അബൂദബി: അബൂദബി സുസ്ഥിര വാരാചരണത്തിന്‍െറ ഭാഗമായി നാലാമത് മസ്ദര്‍ സിറ്റി ഉത്സവത്തിന് അരങ്ങൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന ഉത്സവം ജനുവരി 20, 21 തീയതികളില്‍ മസ്ദര്‍ സിറ്റിയിലാണ് നടക്കുക. മസ്ദര്‍ സിറ്റിയിലെ സംവേദന മേഖലകള്‍ സുസ്ഥിര ജീവിതരീതിയുടെ വിവിധ വശങ്ങള്‍ ഉത്സവത്തില്‍ അവതരിപ്പിക്കും. കുടുംബ ശില്‍പശാല, ഗെയിമുകള്‍, വിനോദപരിപാടികള്‍, ഭക്ഷണശാലകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും ഉത്സവത്തിന്‍െറ ആകര്‍ഷണീയതാകും. ജനുവരി 20ന് രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയും 21ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം ആറ് വരെയുമാണ് ഉത്സവം. പ്രവേശനം സൗജന്യമായിരിക്കും.
വീട്ടില്‍ വൈദ്യുതിയും വെള്ളവും ലാഭിക്കുന്നത് പോലെ നമ്മുടെ ദൈനംദിന ജീവിതത്തിലെ ലളിതമായ മാറ്റങ്ങളിലൂടെ സുസ്ഥിരതക്ക് തുടക്കമിടാന്‍ സാധിക്കുമെന്ന് മസ്ദര്‍ സിറ്റി സസ്റ്റെയ്നബിലിറ്റി-ബ്രാന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നവാല്‍ ആല്‍ ഹുസ്നി അഭിപ്രായപ്പെട്ടു. അബൂദബി സുസ്ഥിര വാരാചരണം കേവലം ഉന്നതതല ചര്‍ച്ചകളും വ്യാപാര കരാറുകളും മാത്രമല്ല.
സുസ്ഥിര വികസനത്തിന്‍െറ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവത്കരണവും സുസ്ഥിരതക്കായുള്ള ശീലങ്ങള്‍ കൂടുതലായി കൈവരിക്കുന്നതിന് ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കലും വാരാചരണത്തിന്‍െറ ഭാഗമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വ്യത്യസ്ത മേഖലകളായി തിരിച്ചാണ് മസ്ദര്‍ സിറ്റി ഉത്സവം നടക്കുക. ഉദ്യാന കൃഷികേന്ദ്രം, കരകൗശല മേഖല, ഗെയിംസ് ഹാള്‍, വിനോദ പരിപാടികള്‍, പഴയകാല ചന്ത, ലൈവ് പരിപാടികള്‍, ആര്‍ട്ട് ഗാലറി, ശാസ്ത്രമേള, വായനയും കഥപറച്ചിലും, സംഗീത പരിപാടി തുടങ്ങിയവയാണ് ഈ മേഖലകള്‍.
മസ്ദര്‍ ഉത്സവത്തിന്‍െറ നാലാമത് പതിപ്പായ ഇത്തവണ തുറന്ന ഷോപ്പിങ് ഇടവും ഭക്ഷണശാലയും ഉള്‍ക്കൊള്ളുന്ന മസ്ദര്‍ പാര്‍ക്ക് ഉദ്ഘാടനവും നടക്കും. സംഗീത ഉപകരണ ചുമര്‍, സൈക്കിള്‍ ശക്തിയാല്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രം എന്നിവയും ഉള്‍ക്കൊള്ളുന്ന മസ്ദര്‍ പാര്‍ക്ക് ഏപ്രില്‍ വരെ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.