ഷാര്‍ജയില്‍ നയതന്ത്രജ്ഞരുടെ ക്രിക്കറ്റ് മേള 

ദുബൈ: ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ നേതൃത്വത്തില്‍ ഷാര്‍ജയിലെ സ്കൈലൈന്‍ യൂനിവേഴ്സിറ്റി കോളജുമായി സഹകരിച്ച് ഡിപ്ളോമാറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് കപ്പ് നടത്തുന്നു.
യു.എ.ഇയിലെ  വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞര്‍ക്കും കോണ്‍സുലേറ്റിലെയും എംബസ്സിയിലെയും ജീവനക്കാര്‍ക്കുമായാണ് 20, 21 തീയതികളില്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. സ്കൈലൈന്‍ യൂനിവേഴ്സിറ്റി കോളജ് മൈതാനമാണ് മത്സര വേദി. 
ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യവര്‍ഷം എന്ന നിലയില്‍ ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളുടെ ടീമുകള്‍ അണിനിരക്കുമെന്ന് ഇന്ത്യന്‍  ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ടീമുകള്‍ അതാത് രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞായിരിക്കും കളിക്കുക. 
കോണ്‍സുലേറ്റിലെ ജീവനക്കാരുടെ ബന്ധുക്കള്‍ക്കും അതാത് രാജ്യങ്ങളുടെ ബിസിനസ് പ്രമോഷന്‍ അംഗങ്ങള്‍ക്കും കളിക്കാം. പ്രഫഷണല്‍ താരങ്ങളെ ഇറക്കാന്‍ പാടില്ല. 
വിവിധ രാജ്യങ്ങളിലെ നയതന്ത്ര വൃത്തങ്ങളുമായി സൗഹാര്‍ദവും കായികബന്ധവും സഹവര്‍തിത്വവും വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളി നടത്തുന്നതെന്നും മുരളീധരന്‍ അറിയിച്ചു.  ഈ വര്‍ഷത്തെ ചാമ്പ്യന്‍ ടീമായിരിക്കും അടുത്തവര്‍ഷത്തെ മേളക്ക് നേതൃത്വം നല്‍കുന്നത്. 15 ഓവറിലായിരിക്കും കളി. ഒരു ടീമില്‍ 15 പേര്‍ക്കാണ് സ്ഥാനം.  കളിയുടെ ഫിക്ചറിന് തിങ്കളാഴ്ച വൈകീട്ട് നാലിന് അന്തിമ രൂപം നല്‍കും. 
കോണ്‍സുല്‍ (പാസ്പോര്‍ട്ട്) സന്ദീപ് ചൗധരി, സ്കൈലൈന്‍ കോളജ് ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് ഗൗര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.