കാന്തഹാര്‍ സ്ഫോടനം:  ഞങ്ങള്‍ അഭിമാനികള്‍, രക്തസാക്ഷിയുടെ മക്കള്‍

ദുബൈ: ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് കുടുംബത്തിന്‍െറ അടിക്കല്ലാണ്,പക്ഷെ ഞങ്ങള്‍ സങ്കടപ്പെടില്ല, പകരം ആശ്വസിക്കും അഭിമാനിക്കും-മനുഷ്യസ്നേഹത്തിനു വേണ്ടി സ്വന്തം ജീവിതം നല്‍കിയ മഹാനായ പിതാവിനെയോര്‍ത്ത്-പറയുന്നത് സുഹൈബ് അല്‍ ബസ്തകി. അഫ്ഗാനിസ്ഥാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനിടെ ജീവിതം വെടിയേണ്ടി വന്ന ഇമറാത്തി രക്തസാക്ഷി മുഹമ്മദ് അലി ബസ്തകിയുടെ മകന്‍. ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഫൗണ്ടേഷന്‍െറ ഉപ മേധാവിയായിരുന്ന ബസ്തകിയുടെ ജീവിതം പാവപ്പെട്ടവരെയും അനാഥരെയൂം സേവിക്കാനും സഹായിക്കാനും ഉഴിഞ്ഞുവെച്ചതായിരുന്നു . പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കത്താല്‍ ദുരിതപ്പെട്ടവര്‍ക്ക് അദ്ദേഹം ചൂടുപകര്‍ന്നു, ആഫ്രിക്കയില്‍ കൊടുംവരള്‍ച്ചയില്‍ പെട്ടവര്‍ക്ക് ആശ്വാസത്തിന്‍െറ തണുപ്പ് പെയ്യിച്ചു. വികസിത രാജ്യങ്ങളായ അമേരിക്കയിലേയും ഫ്രാന്‍സിലേയും ദരിദ്ര ഗ്രാമങ്ങളെയും അദ്ദേഹം തേടിച്ചെന്നു. അവിടെയൂം യു.എ.ഇയുടെ സ്നേഹ സമ്മാനങ്ങളും ആശ്വാസ നിധികളും കൈമാറി. അഫ്ഗാനിസ്താനിലും ഘാനയിലുമെല്ലാം ഏറ്റവും അപകടം നിറഞ്ഞ അന്തരീക്ഷമാണെന്നറിഞ്ഞിട്ടും അദ്ദേഹം ഒരു നിമിഷം പോലും അമാന്തിച്ചു നിന്നില്ല. 
ഈ തിരക്കിനെല്ലാമിടയിലും കുടുംബത്തിനൊപ്പം ചിലവഴിക്കാനും പിതാവ് സമയം കണ്ടത്തെിയിരുന്നതായി സുഹൈബ് പറഞ്ഞു.  സുഹൈബിനു പുറമെ അബ്ദുല്ല, അലി, ഫാതിമ എന്നിവരാണ് ബസ്തകിയുടെ മക്കള്‍. ശനിയാഴ്ച അഫ്ഗാനിസ്താനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് മക്കള്‍ക്ക് സലാം പറഞ്ഞാണ് അദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയത്. അവിടെ സ്ഫോടനം നടന്നുവെന്ന് വിവരം ലഭിച്ച സമയം മുതല്‍ മക്കളെല്ലാം മാറിമാറി ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഓഫ് എന്ന സന്ദേശമാണ് ലഭിച്ചത്. പിറ്റേ ദിവസം അമ്മാവനാണ് വിളിച്ച് മരണവാര്‍ത്ത അറിയിച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.