അബൂദബി: മൂടല്‍മഞ്ഞ് നിറഞ്ഞ് കാഴ്ചാപരിധി 50 മീറ്ററിന് താഴെയായതോടെ അബൂദബിയിലും ദുബൈയിലുമായി നൂറോളം വിമാനങ്ങള്‍ വൈകി. രാജ്യത്തെ മിക്ക റോഡുകളിലൂടെയും വേഗത വളരെ കുറച്ചാണ് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചത്. അല്‍ഖൈലി റോഡ്, വിമാനത്താവള റോഡ്, ദുബൈയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയില്‍ അപകടങ്ങളുണ്ടാകാനും മഞ്ഞ് ഇടയാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ആല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ കനത്ത മഞ്ഞ് അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച അതിരാവിലെ ഉയര്‍ന്ന ഈര്‍പ്പം അനുഭവപ്പെടുമെന്ന് കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഉള്‍ക്കടല്‍ വളരെയധികം പ്രക്ഷുബ്ധമായിരിക്കും. ഒമാന്‍ കടലും പ്രക്ഷുബ്ധാവസ്ഥയിലായിരിക്കുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
ഷാര്‍ജ-കല്‍ബ റോഡില്‍ മലീഹ പാലത്തിന് സമീപത്ത് വാനും പിക്കപ്പും കൂട്ടിയിടിച്ചു. വാന്‍ പൂഴിയിലേക്ക് മറിഞ്ഞു. പിക്കപ്പിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍െറ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. റോഡ് നിര്‍മാണം നടക്കുന്ന മലീഹ, ദൈദ് റോഡുകളില്‍ പാതകളുടെ എണ്ണത്തിലുണ്ടായ കുറവും പുകമറക്കുള്ളില്‍ റോഡ് മറഞ്ഞതും കണക്കിലെടുത്ത് നിരവധി പൊലീസ് വാഹനങ്ങളാണ് നിരത്തില്‍ സുരക്ഷക്കായി എത്തിയത്. മരുഭൂമിയാകെ മഞ്ഞില്‍ കുളിച്ചപ്പോള്‍ മേയാനിറങ്ങിയ ഒട്ടകങ്ങള്‍ ഗാഫ് മരച്ചോട്ടിലൊത്ത് കൂടി നില്‍ക്കുന്നത് രസമുള്ള കാഴ്ച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.