അബൂദബി: ഓണ്‍ലൈന്‍ പണമിടപാടിന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചു. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ബുധനാഴ്ചയാണ് നിയമങ്ങള്‍ അവതരിപ്പിച്ചത്. ബന്ധപ്പെട്ടവരുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നിയമങ്ങള്‍ നടപ്പാക്കൂ എന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ഇതിന് നിരവധി മാസങ്ങള്‍ എടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഡിജിറ്റല്‍ സേവനരംഗത്ത് ആഗോളതലത്തില്‍ നേതൃത്വം നല്‍കാന്‍ രാജ്യത്തെ പ്രാപ്തമാക്കുകയെന്ന യു.എ.ഇ സര്‍ക്കാറിന്‍െറ കാഴ്ചപ്പാടിന് പിന്തുണയേകുന്ന നാഴികക്കല്ലുകളാണ് പുതിയ ചട്ടങ്ങളെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുബാറക് ആല്‍ മന്‍സൂറി പറഞ്ഞു. രാജ്യത്തെ സാമ്പത്തികമേഖലയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുമാണ് നിയമങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ പണമിടപാട് സേവനങ്ങളെ പുതിയ നിയമം നാല് വിഭാഗങ്ങള്‍ക്ക് കീഴിലായി തിരിക്കുന്നു. ചില്ലറ വ്യാപാരം, മൈക്രോ പേയ്മെന്‍റ്, സര്‍ക്കാര്‍, നോണ്‍ ഇഷ്യൂയിങ് എന്നിവയാണ് ഈ നാല് വിഭാഗങ്ങള്‍, ഇതില്‍ ഓരോ വിഭാഗത്തിനും പ്രത്യേക നിയമവശങ്ങളുണ്ടായിരിക്കും.
യു.എ.ഇയിലെ സാമ്പത്തിക സേവന മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഫിന്‍ടെകിന് (ധനകാര്യ സാങ്കേതികവിദ്യ) പ്രധാന പങ്കുണ്ടായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇത്തരമൊരു പരിഷ്കരണത്തെ പിന്തുണക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയാറെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാട് മേഖലയില്‍ യു.എ.ഇയെ ആഗോളതലത്തില്‍ മുന്‍നിരയിലത്തെിക്കുന്നതിനുള്ള പുതിയ നിയമഘടന നടപ്പാക്കുന്നതില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കുന്നത് സെന്‍ട്രല്‍ ബാങ്ക് തുടരുമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.